പാലാ: പാക്കിസ്ഥാനിൽ മരിയ ഷബാസ് എന്ന ക്രിസ്ത്യൻ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തിൽ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികൾ വന്നതും സർവ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുൻനിർത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി SMYM പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്‍റ്ർനാഷണൽ കാമ്പയിൻ ജസ്റ്റിസ് ഫോർ എം ക്യൂബ് എന്ന പേരിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ മനുഷ്യ ശക്തിക്കസാധ്യമായത് ദൈവത്തിന്‍റെ സഹായത്താൽ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരായാകുന്നുണ്ടെന്നും പിതാവ് ഓർമ്മപ്പെടുത്തി. പാലാ രൂപതയുടെ യുവജന പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്ന ഈ ആത്മീയ – സാമൂഹ്യ പോരാട്ടത്തിലൂടെ ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലയുടെ അധ്യക്ഷതയിൽ പാലാ ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിന് SMYM പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത SMS, ആനിമേറ്റർ സി. ബ്ലെസ്സി DST, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ട്രഷറർ മിനു മാത്യൂസ്, ബ്രദർ റീജന്റ് അലോഷി ഞാറ്റുതൊട്ടിയിൽ, ആൽവിൻ മോനിപ്പള്ളി, കെവിൻ മൂങ്ങാമാക്കൽ, ജെയ്ക്ക്, വിന്നി തുടങ്ങിയവർ നേതൃത്വം നൽകി.