ആബേലിന്‍റെ ബലിയും വിധവയുടെ ചെമ്പുതുട്ടുകളും കണ്ണുനീരോടെ പ്രാർത്ഥിച്ച ചുങ്കക്കാരനും ദൈവസമക്ഷം സ്വീകാര്യമായതിന്‍റെ പൊരുളാണ് ഈ സുവിശേഷ ഭാഗം. ബാഹ്യസൗന്ദര്യങ്ങൾക്കപ്പുറം മനസിന്‍റെ സൗന്ദര്യത്തെ പ്രണയിച്ചവനാണ് ഈശോ. ആചാരപരതയുടെ അതിർവരമ്പുകൾക്കപ്പുറം സ്നേഹമെന്ന, മൂല്യമെന്ന വിശാലതയുടെ പുതുആകാശത്തിലേക്ക് മതബോധത്തെ, ദൈവാരാധനയെ കൈപിടിച്ചുയർത്തിയ ഒരു 33 വയസുകാരൻ. ഈ വചനഭാഗത്തിലൂടെ ഈശോ നമുക്ക് മുൻപിൽ വയ്ക്കുന്ന ഒരു വലിയ ചോദ്യമുണ്ട്.
” മനസിന്‍റെ നിറവിൽ നിന്നോ മനുജാ, സ്നേഹിച്ചിടുന്നതെന്നെ നീ?”
നമുക്കും നമ്മുടെ ജീവിതങ്ങളെ ഒന്നു വിചിന്തനത്തിനു വിധേയമാക്കാം. അപരന്‍റെ വേദനകളിലേക്കും ആവശ്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ജീവൻ മിടിക്കുന്ന ആത്മീയതയാണോ നമ്മുടേത്? വചനം നമ്മെ പഠിപ്പിക്കുന്നു: “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല”. 33 വർഷം മാത്രം നീണ്ടുനിന്ന ഈശോയുടെ ജീവിതത്തിൽ ഉടനീളം നമുക്ക് കാണാൻ കഴിയുന്നതും അപരന്‍റെ വേദനകൾ ഒപ്പുന്ന, അപരന്‍റെ ഭാരങ്ങൾ താങ്ങുന്ന ജീവനുറ്റ ആത്മീയതയാണ്. ഇത്തരം ആത്മീയതയാണ് നമുക്ക് ശുദ്ധത സമ്മാനിക്കുന്നതും. ആചാരമല്ല, മാനുഷികതയും മാനവികതയുമാണ് ശുദ്ധതയുടെ സമവാക്യം എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. സ്നേഹത്തിലൂടെ അപരജന്മങ്ങൾക്ക് അഭയമാകാൻ നമുക്കും സാധിക്കട്ടെ. കാരണം ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അങ്ങനെ വിശുദ്ധിയുടെ പടവുകൾ നമുക്കും കീഴ്പ്പെടുത്താം. സുവിശേഷത്തിൽ നാം കാണുന്ന കുഷ്ഠരോഗിയോട് ചേർന്നു നമുക്കും പ്രാർത്ഥിക്കാം.
“ദൈവമേ അങ്ങേയ്ക്കു മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും”.

ബ്രദര്‍. ടോണി മണക്കുന്നേല്‍