സാന്താ അനസ്താസ്യാ ബസിലിക്ക: സീറോ മലബാർ സഭയ്ക്ക് പാപ്പ നൽകിയ രജത ജൂബിലീ സമ്മാനം
കൊച്ചി: റോമിലെ സീറോ മലബാർ സഭാംഗങ്ങൾക്കുവേണ്ടി ദിവ്യബലി അർപ്പണവും സഭാ കൂട്ടായ്മയും ആരംഭിച്ചതിന്റെ രജതജൂബിലിയിൽ ഫ്രാൻസിസ് പാപ്പയുടെ അമൂല്യ സമ്മാനം! ലോകത്തിലെതന്നെ ആദ്യ ക്രൈസ്തവ ദൈവാലയങ്ങളിലൊന്നായ റോമിലെ സാന്താ അനസ്താസ്യ മൈനർ ബസിലിക്ക സീറോ മലബാർ സഭയെ ഏൽപ്പിച്ച റോമാ രൂപതയുടെ നടപടി അപ്രകാരമാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫ്രാൻസിസ് പാപ്പ അധ്യക്ഷനായ റോമാ രൂപതയുടെ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ദെ ദൊണാത്തിസാണ് ഇക്കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഡിക്രി പുറപ്പെടുവിച്ചത്. 2019 ഒക്‌ടോബറിലാണ് റോമിലെ സാന്തോം സീറോ മലബാർ ഇടവക രജതജൂബിലി ആഘോഷിച്ചത്.
ഡിക്രിയിൽ നാല് കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഒന്ന്, റോമാ രൂപതയുടെ അതിർത്തിക്കുള്ളിൽ താമസിക്കുന്ന സീറോ മലബാർ വിശ്വാസികളുടെ അജപാലനത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. രണ്ട്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് നിർദേശിക്കുന്ന ഒരു വൈദികനെ റോമിലെ സീറോ മലബാർ വിശ്വാസികളുടെ ചാപ്ലെയിൻ പദവിയോടെ നിയമിക്കുന്നു. മൂന്ന്, പുതിയ അജപാലന സംവിധാനത്തിന്റെ ആസ്ഥാനം സാന്താ അനസ്താസ്യ മൈനർ ബസിലിക്ക ആയിരിക്കും. നാല്, റോമിലെ സീറോ മലബാർ വിശ്വാസികളുടെ ചാപ്ലെയിൻ തന്നെയായിരിക്കും ബസിലിക്കയുടെ റെക്ടർ.
2019ലെ ആദ് ലിമിനാ (ബിഷപ്പുമാരുമായി അഞ്ചു വർഷത്തിലൊരിക്കൽ പാപ്പ നടത്തുന്ന കൂടിക്കാഴ്ച) സന്ദർശനത്തിൽ, റോമിലെ സീറോ മലബാർ വിശ്വാസികൾക്കു സ്വന്തമായി ഒരു ദൈവാലയം ലഭ്യമാക്കണമെന്ന് സിനഡ് പിതാക്കന്മാർ പാപ്പയോട് അഭ്യർഥിച്ചിരുന്നു. അക്കാര്യത്തിൽ വലിയ താൽപ്പര്യം അപ്പോൾതന്നെ പാപ്പ അറിയിക്കുകയും ചെയ്തിരുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്യുറേറ്ററും യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ്ററുമായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെയും സഹപ്രവർത്തകരുടെയും പരിശ്രമം നടപടികൾ ത്വരിതപ്പെടുത്താൻ സഹായകമായി.
എ.ഡി 325ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ ബസിലിക്കയുടെ നിർമാണം ആരംഭിച്ചത്. ഏഴാം നൂറ്റാണ്ടു വരെയുള്ള പാപ്പമാർ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചിരുന്നത് സാന്താ അനസ്താസ്യാ ബസിലിക്കയിലായിരുന്നു. വാസ്തുഭംഗികൊണ്ടും ചിത്രപണികൾ കൊണ്ടും മനോഹരമാണ് ഈ ദൈവാലയം. വിരലിലെണ്ണാവുന്നവരുമായി 1994ൽ ആരംഭിച്ച സാന്തോം സീറോ മലബാർ കൂട്ടായ്മ ഇപ്പോൾ 7,000 വിശ്വാസികളുള്ള ഇടവകയാണ്. 2011 മുതൽ സാന്താ അനസ്താസ്യ ബസിലിക്കയിലാണ് സാന്തോം സീറോ മലബാർ ഇടവക തിരുക്കർമങ്ങൾ അർപ്പിച്ചിരുന്നത്.