തർക്കങ്ങൾക്കൊടുവിൽ കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കിയെന്ന കാര്യം യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ സ്ഥിരീകരിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനൊടുവിലാണ് ഒരു വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് വിട്ടുനൽകണമെന്ന ധാരണ പാലിക്കാൻ ജോസ് വിഭാഗം തയാറായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവിഭാഗങ്ങളും വലിയ തർക്കത്തിലേർപ്പട്ടതോടെ യുഡിഎഫ് ഇടപെട്ടിരുന്നു.
ചർച്ചകൾ നടത്തിയിട്ടും വേണ്ടത്ര സമയം നൽകിയിട്ടും യുഡിഎഫിന്റെ ധാരണ നടപ്പാക്കുന്നതിൽ ജോസ് വിഭാഗം സഹകരിച്ചില്ലെന്നും അതിനാൽ അവർക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നും കണ്‍വീനർ അറിയിച്ചു. ഇതിൽ ലാഭ-നഷ്ട കണക്കുകൾ നോക്കുന്നില്ലെന്നും ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ബെന്നി കൂട്ടിച്ചേർത്തു.
മുന്നണി നേതൃത്വം ഇടപെട്ടിട്ടും മുൻധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകാൻ ജോസ് പക്ഷം തയാറായിരുന്നില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ഇടപെട്ടെങ്കിലും രാജിയില്ലെന്ന തീരുമാനത്തിൽ ജോസ് കെ. മാണി ഉറച്ചുനിൽക്കുകയായിരുന്നു.
വിഷയത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇന്ന് മുന്നണി യോഗം ചേരുന്നതിനിടയിൽ ജോസ് കെ. മാണിയെ ബന്ധപ്പെട്ടെങ്കിലും തീരുമാനം മാറ്റില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് കടുത്ത നിലപാടിലേക്ക് മുന്നണി നേതൃത്വം നീങ്ങിയത്.