കോവിഡ് പ്രതിസന്ധിയിൽ വിഷമതകൾ അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മൂന്നുവർഷത്തെ (2020-2023) പ്രത്യേക കർമ പദ്ധതിയുമായി ചാരിറ്റി വേൾഡ് ട്രസ്റ്റിന്റെ ജിമ്മി പടനിലം സെന്റർ ഫോർ സ്പെഷൽ നീഡ്സ്. ഇത്തരം കുടുംബങ്ങളുടെ സാമൂഹിക-സാന്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി 20 ഇന കർമ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചീരഞ്ചിറ ജിമ്മി പടനിലം സെന്റർ കേന്ദ്രമാക്കി നടപ്പാക്കുന്ന പദ്ധതി അന്താരാഷ്ട്ര ഓട്ടിസ്റ്റിക് പ്രൈഡ് ദിനമായ നാളെ ആരംഭിച്ച് അന്തരാഷ്ട്ര ഭിന്നശേഷി ദിനമായ 2023 ഡിസംബർ മൂന്നിനു പൂർത്തിയാകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭിന്നശേഷിക്കാരുടെ 1000 കുടുംബങ്ങളെ ഉൾപ്പെടുത്തി “റെയിൻബോ കെയർ’ എന്ന പദ്ധതി ഇതിനകം തുടങ്ങി. റെയിൻബോ കെയറിൽ ഉൾപ്പെടുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ വിവിധ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തുന്നത്. മുഴുവൻ കുടുംബങ്ങൾക്കുമുള്ള ന്യുട്രീഷൻ കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കും. റെയിൻബോ കെയറിലുള്ള കുടുംബങ്ങളിൽപ്പെട്ടവർക്ക് ഡയാലിസിസ് കിറ്റു നല്കുന്ന കരുതൽ, കാൻസർ രോഗികൾക്ക് ഒറ്റത്തവണ ധനസഹായം നല്കുന്ന കാരുണ്യസ്പർശം, കിടപ്പുരോഗികൾക്ക് പ്രതിമാസ സഹായ പദ്ധതിയായ തണൽ, ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങളിൽ പട്ടിണി ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പട്ടിണിരഹിത ഭവനം തുടങ്ങിയ പദ്ധതികൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും.
ഭിന്നശേഷിക്കാരുടെ വീട്ടുപടിക്കൽ തെറാപ്പി സൗകര്യം എത്തിക്കുക എന്ന ലക്ഷ്യവുമായി മൊബൈൽ തെറാപ്പി യൂണിറ്റും ജിമ്മി പടനിലം സെന്ററിൽ വിവിധ തെറാപ്പികളെ സമന്വയിപ്പിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് തെറാപ്പി സെന്ററും ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന ബ്രെയിൻ ഡെവലപ്മെന്റ് സെന്ററും തുടർന്നും പ്രവർത്തിക്കും. വീട്ടിൽ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാൾക്ക് സമഗ്ര പരിശീലനം നല്കുന്ന “വീട്ടിൽ ഒരു ടീച്ചർ’ എന്ന പദ്ധതി രണ്ടു വർഷം കൊണ്ടു മുഴുവൻ കുടുംബങ്ങളിലും നടപ്പാക്കും.
ഇത്തരം കുടുംബങ്ങൾക്കു വേണ്ടിയുള്ള ഭവന നിർമാണ പദ്ധതിയായ നന്മവീട്, ജീവനം-ജൈവപച്ചക്കറി പ്രോത്സാഹന പദ്ധതി, ജെപിസി ഹെൽപ് ഡെസ്ക്, സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ജെപിസി കലാകേന്ദ്ര, വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, കൗണ്‍സിലിംഗ് സെന്റർ, പാലിയേറ്റീവ് കെയർ, വരുമാനദായക കാർഷിക-ചെറുകിട പ്രോത്സാഹന പദ്ധതി തുടങ്ങിയവ 2020 ഡിസംബറിന് മുന്‍പായി പൂർണ പ്രവർത്തന സജ്ജമാവും.
ഭിന്നശേഷി മേഖലയിൽ ആദ്യമായി സന്പൂർണ യൂട്യൂബ് ചാനൽ, ഓണ്‍ലൈൻ റേഡിയോ തുടങ്ങിയവയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവർത്തന സജ്ജമാവും. മാനസിക ഭിന്നശേഷി മേഖലയിലെ അധ്യാപകർ, സാമൂഹികപ്രവർത്തകർ, ഗവേഷകർ, ഇതര വിദഗ്ധർ, തുടങ്ങിയവർക്ക് സഹായകമായി ജെപിസി സ്പെഷൽ നീഡ്സ് റിസേർച്ച് സെന്റർ, പദ്ധതിയുടെ ഭാഗമായി ഈ വർഷം തന്നെ തുടക്കം കുറിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഭിന്നശേഷി മേഖലയിലെ വിദഗ്ധർ, സ്പെഷൽ സ്കൂളുകളുടെ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സഹകാരികൾ, ഭിന്നശേഷിക്കുടുംബങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കോർകമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, അഡ്വൈസറി കൗണ്‍സിൽ, ജനറൽ ബോഡി തുടങ്ങിയവ രൂപീകരിച്ചിട്ടുണ്ട്. ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോസ് നിലവന്തറ, ഡോ. ജോർജ് പടനിലം തുടങ്ങിയർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും, ഫോൺ: 9495587400, 9650524144.