തൃശൂര്‍: വിശുദ്ധ കുര്‍ബാനയില്‍ തൃശൂര്‍ അതിരൂപത ഒരുക്കിയ പുതിയ സംഗീതത്തിനു സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ അംഗീകാരം. പുതിയ കുര്ബാനസംഗീതം സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് തൃശൂര്‍ അതിരൂപതയില്‍ ഉപയോഗിച്ചുതുടങ്ങും. ഇപ്പോള്‍ ആരാധനക്രമത്തില്‍ ചങ്ങനാശേരി, എറണാകുളം അതിരൂപതകളും കാഞ്ഞിരപ്പിള്ളി രൂപതയും ഒരുക്കിയ ട്യൂണുകളാണ് നിലവിലുള്ളത്.
തൃശൂര്‍ അതിരൂപതയിലെ വിയ്യൂര്‍ നിത്യസഹായമാത ഇടവകാംഗവും കലാസദനിലെ സംഗീതജ്ഞനുമായ പി.ഡി. തോമസാണ് തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടിയുള്ള പുതിയ ട്യൂണിനു സംഗീതസംവിധാനം നിര്‍വഹിച്ചത്. 34 വര്‍ഷം ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രവര്‍ത്തിച്ചു വിരമിച്ച പി.ഡി. തോമസ് 2015 ല്‍ ഗിറ്റാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ എ ഗ്രേഡ് പദവിയും 2019 ല്‍ ലൈറ്റ് മ്യൂസിക് കന്പോസര് ടോപ് ഗ്രേഡ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്.
മുപ്പത്തഞ്ചു വര്‍ഷം കലാസദനില്‍ മ്യൂസിക് കന്പോസറും ഗിറ്റാറിസ്റ്റുമാണ്. സംഗീതം കുടുംബ പാരന്പര്യമാണ്. ഇദ്ദേഹത്തിന്റെ സഹോദരന്മാരെല്ലാവരും സംഗീത അഭിരുചിയുള്ളവരാണ്. മകന് ഡീക്കന്‍ ആന്‍ജോ പുത്തൂര്‍ സിഎംഐ മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് 2018 ല്‍ എംഎ കര്‍ണാട്ടിക് മ്യൂസിക്കില്‍ ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദില്നിന്നാണ്.
വിയ്യൂര്‍ നിത്യസഹായമാത പള്ളി വികാരി ഫാ. ജയിംസ് ഇഞ്ചോടിക്കാരന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ശിപാര്‍ശയോടെ ഇദ്ദേഹം ഒരുക്കിയ പുതിയ സംഗീതരീതി കാക്കനാടുള്ള സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. പുതിയ കുര്ബാനസംഗീതം സീറോ മലബാര്‍ സഭയില്‍ ആരാധനക്രമത്തില്‍ ഉപയോഗിക്കാന്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ ചെയര്മാന് മാര്‍ തോമസ് ഇലവനാലാണ് അനുമതി നല്‍കിയത്.
പുതിയ കുര്ബാനസംഗീതത്തിന്റെ സിഡിയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു വിയ്യൂര്‍ നിത്യസഹായമാത പള്ളി ക്വയര്‍ ഗ്രൂപ്പായ മരിയന്‍ മെലഡിയിലെ അംഗങ്ങളാണെന്നു പിആര്‍ഒ ഫാ. നൈസണ്‍ ഏലന്താനത്ത് അറിയിച്ചു.