കോട്ടക്കയം വനമേഖലയില്‍ പന്നിപ്പടക്കം കടിച്ചു പരിക്കേറ്റ് അവശനായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നുപേര്‍ പിടിയില്‍.
പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടില്‍ പൊടിമോന് എന്നു വിളിക്കുന്ന അനിമോന് (39), കലഞ്ഞൂര്‍ മലയുടെ കിഴക്കേതില്‍ വീട്ടില്‍ ശരത് (24), പാടം നിരത്തുപാറ വീട്ടില്‍ രഞ്ചിത്ത് (26) എന്നിവരാണു പിടിയിലായത്. കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണന് എന്നിവര്‍ ഒളിവിലാണ്.
കഴിഞ്ഞ ഏപ്രില്‍ 11 നാണ് അമ്പനാർ കോട്ടക്കയം വനമേഖലയിലെ ഓലപ്പാറ മാങ്കൂട്ടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പത്ത് വയസ് വരുന്ന പിടിയാനയെ കറവൂര്‍ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രില്‍ ഒന്‍പതിനാണ് നാട്ടുകാര്‍ കണ്ടെത്തിയത്. പന്നിപ്പടക്കം കടിച്ച് ഗുരുതരമായി പരിക്കേറ്റതിനാല്‍ വായും നാക്കും തകർന്ന ആന വെള്ളം പോലും കുടിക്കാനാകാത്ത നിലയിലായിരുന്നു. അടുത്ത ദിവസം മയക്ക് വെടിവച്ച് വീഴ്ത്താനായി ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ആനയെ കാട്ടരുവിക്ക് സമീപത്തുനിന്നും ആറ് കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് കണ്ടത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ആന ചികിത്സ തുടരും മുമ്പേ ചരിയുകയായിരുന്നു.
പ്രതികളില്‍ നിന്നും പന്നിപ്പടക്കം വയ്ക്കാന്‍ ഉപയോഗിക്കുന്ന കൈതച്ചക്ക, മൃഗങ്ങളുടെ നെയ്യ്, പന്നി, മ്ലാവ് മുതലായവയുടെ അവശിഷ്ടങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് മൃഗങ്ങള്‍ക്കായി വച്ച പടക്കം ആന അബദ്ധത്തില്‍ തിന്നുകയായിരുന്നുവെന്ന് കരുതുന്നു.
പ്രതികളെ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നു പുനലൂര്‍ ഡി എഫ് ഒ ഷാനവാസ് പറഞ്ഞു.