മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എല്ലാ പ്രതികൾക്കുമെതിരേ പോക്സോ ചുമത്തും. കുട്ടിയുടെ മുന്നിൽവച്ച് യുവതിയെ പീഡിപ്പിച്ചെന്നു വ്യക്തമായതിനെ തുടർന്നാണു പോലീസ് നടപടി.
കേസിൽ ഭർത്താവും സുഹൃത്തുക്കളും ഉൾപ്പെടെ ഏഴുപേരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ശനിയാഴ്ച മാത്രമേ രേഖപ്പെടുത്തൂ. യുവതിയുടെ രഹസ്യമൊഴിയെടുക്കുന്നതിനായാണ് അറസ്റ്റ് നീട്ടുന്നതെന്ന് റൂറൽ എസ്പി ബി. അശോകൻ അറിയിച്ചു. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികിൽ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.
പോത്തൻകോടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭർത്താവാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മ പറയുന്നത്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.