സഭയിലെ ഓരോ തിരുനാളുകളും എനിക്ക് ഓരോ വെല്ലുവിളികൾ ആയി തോന്നാറുണ്ട്. എന്നോ ഒരു അച്ഛൻ അമ്പുപെരുന്നാൾ പ്രസംഗത്തിൽ ഈയൊരു കാര്യം പറഞ്ഞിട്ടും ഉണ്ട്. കർത്താവിന്റെ തിരുനാൾ ആണെങ്കിലും മാതാവിന്റെ തിരുനാൾ ആണെങ്കിലും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ഓർമ്മദിവസം ആണെങ്കിലും ഓരോ വിശ്വാസികൾക്കും ഒരു വെല്ലുവിളി അല്ലെങ്കിൽ ഒരു ദൗത്യം സഭ നൽകുന്നുണ്ട്.ഉദാഹരണം, മാർ ഗീവർഗീസ്, മാർ ദേവസ്യാനോസ് സഹദാമാരുടെ എന്നിവരുടെ തിരുനാൾ എന്താണ് ഓർമ്മിപ്പിക്കുന്നത്??? ഏതൊരു സാഹചര്യത്തിലും ഈശോക്കും സത്യവിശ്വാസത്തിനും സഭക്കും വേണ്ടി നിലകൊള്ളുക എന്നതാണ്.

ഇനി സ്വർണ്ണവെളിയിലേക്ക് കടക്കാം. എന്താണ് സ്വർണവെള്ളി നമുക്ക് നൽകുന്ന വെല്ലുവിളി???

ആദ്യം ഇന്നത്തെ രണ്ടാം വായന ശ്ലീഹന്മാരുടെ നടപടി പുസ്തകം 3/1-26 വരെ ധ്യാനിക്കാം. ആദ്യമേ ശ്രദ്ധിക്കുന്നത് പത്രോസ് ശ്ലീഹായെ ആണ്. സുവിശേഷങ്ങളിൽ നാം കണ്ട പത്രോസിനെ അല്ല പന്തക്കുസ്താക്കുശേഷം അല്ലെങ്കിൽ, ശ്ലീഹന്മാരുടെ നടപടി പുസ്തകം മുതൽ കാണുന്നത്. അതിന് ഉത്തമ ഉദാഹരണം ആണല്ലോ, പലപ്പോഴും സുവിശേഷത്തിൽ സംശയവും എന്തിനു പരസ്യമായി ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ് ശ്ലീഹ ഒരു സംശയം കൂടാതെ, പറയുന്നത് ” നസ്രായനായ ഈശോമിശിഹായുടെ നാമത്തിൽ എഴുന്നേറ്റുനടക്കുക ” എന്ന്. കാരണം, പത്രോസ് ശ്ലീഹ മനസിലാക്കി കഴിഞ്ഞു സ്വർണ്ണത്തേക്കാൾ വെള്ളിയേക്കാൾ വലിയ നിധി തന്റെ കൂടെ ഉണ്ടെന്നു.

സ്വർണ്ണവെള്ളി നമ്മുടെ മുന്നിൽ വെക്കുന്ന വെല്ലുവിളി എന്താണ്???

ഒന്ന് ഞാൻ ആലോചിച്ചുനോക്കി, നമ്മുടെ മുന്നിലും എത്രയോ യാചകർ, മുടന്തർ, കുരുടർ etc… ഉണ്ട്. ആത്മീയ ദാരിദ്ര്യവും ഭൗതിക ദാരിദ്ര്യവും അനുഭവിക്കുന്നവർ. മനുഷ്യർ ആയി പിറന്ന എല്ലാവരുടെയും കടമ ആണ് ദരിദ്രരെ സഹായിക്കുക, സംരക്ഷിക്കുക എന്നത്. ഭൗതിക ദാരിദ്ര്യം നീക്കാൻ ഈ ഭൂമിയിൽ എല്ലാവർക്കും പറ്റും. അല്ലെങ്കിൽ അത്യാവശ്യം സാമ്പത്തിക ശേഷി ഉള്ള ഏതൊരു മനുഷ്യനും അത് നിരീശ്വരവാദിക്കും സാധിക്കും.

എന്നാൽ ഒരു ക്രിസ്ത്യാനി എവിടെയാണ് വ്യത്യസ്തൻ ആകുന്നത്???

ദാ.. ഇവിടെ ” സ്വർണ്ണമോ വെള്ളിയോ എന്റെ കൈയിൽ ഇല്ല, എനിക്കുള്ളത് ഞാൻ നിനക്ക് തരുന്നു. നസ്രായനായ ഈശോമിശിഹായുടെ നാമത്തിൽ നീ എഴുന്നേറ്റുനടക്കുക ” നടപടി 3/6. മാമോദീസയിലൂടെയും തൈലാഭിഷേകത്തിലൂടെയും കുമ്പസാരത്തിലൂടെയും എന്തിനു അനുദിനം പരിശുദ്ധ കുർബാനയിലൂടെയും ഓരോ കൂദാശകളിലൂടെയും പരിശുദ്ധാത്മാവ് വഴിയായി സഭാമാതാവ് നമുക്ക് നൽകുന്ന നിധിയുണ്ട്. നമ്മുടെ കർത്താവായ ഈശോമിശിഹാ. നമ്മുടെ മുന്നിൽ അനുദിനം വന്നെത്തുന്ന ആരുടേയും മുന്നിൽ നമ്മൾ അനുഭവിക്കുന്ന നമ്മൾ സഭാമക്കൾക്ക് മാത്രം ലഭിച്ച നിധി സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും വലിയവനായ നസ്രായനായ ഈശോയെ പകർന്നു കൊടുക്കുവാൻ ഉള്ള വിളിയാണ് നസ്രാണികൾ ആയ നമുക്കും ഉള്ളത്. ഈ ലോകത്തിൽ ഒരു ക്രിസ്ത്യാനിക്ക് മാത്രമേ ഒരുവന്റെ ജീവിതത്തിലെ ആത്മീയ ദാരിദ്ര്യം മാറ്റാൻ സാധിക്കൂ….. ശരിക്കും ഈ ഒരു സത്യം അറിഞ്ഞാൽ ക്രിസ്ത്യാനിയായ എന്റെ അല്ലെങ്കിൽ നമ്മുടെയൊക്കെ ജന്മം എത്ര പുണ്യപ്പെട്ടത് ആണെന്ന് മനസിലാക്കാം….. ഈ ലോകത്തിൽ ഏറെ വിലപ്പെട്ടതാണ് മാമോദിസ വെള്ളം തലയിൽ വീണ നമ്മുടെ ജന്മം. ഞാൻ ചിലപ്പോഴൊക്കെ എന്റെ ജന്മം പാഴാണെന്നു ചില ജീവിത പ്രതിസന്ധികളിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ, അല്ല ക്രിസ്ത്യാനി, കാരണം, നമുക്ക് മാത്രമേ വലിയൊരു നിധി ഈ ഭൂമിയിൽ ലഭിച്ചിട്ടൊള്ളു. കാരണം ഈശോ ഒരുവന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ, അവന്റെ ഭൗതിക നേട്ടങ്ങൾ നേട്ടങ്ങളെ അല്ലെന്നും അവന്റെ ഭൗതിക കുറവുകൾ ഒരു കുറവേ അല്ലെന്നും അവനു ബോധ്യപ്പെടും. അത് അവനു നൽകാൻ ആയിട്ടാണ് നമ്മളെ വിളിച്ചിരിക്കുന്നത്.

ശ്ലീഹാകാലത്തേക്കുറിച്ചു കൂടി.

എളിയവനായ എന്റെ അറിവിൽ ഉള്ള കാര്യം ഇതാണ്. എന്താണ് നമ്മുടെ സഭ ഈ കാലത്തിൽ നമുക്ക് തരുന്ന ദൗത്യം. പന്തക്കുസ്ത അനുഭവത്തിലൂടെ പരിശുദ്ധ റൂഹാദ്ഖുദ്ശയാൽ പൂരിതരായ ശ്ലീഹന്മാർ ലോകമെങ്ങും പോയി മിശിഹായുടെ സഭയെ പണിതുയർത്തുന്നു. അതേപോലെ അയക്കപെടുക ആണ് ഞാനുൾപ്പെടുന്ന നസ്രാണികൾ. മാമോദീസയിലൂടെയും തൈലാഭിഷേകത്തിലൂടെയും കുമ്പസാരത്തിലൂടെയും വിശുദ്ധ കുർബാന തുടങ്ങിയ കൂദാശകളിലൂടെ നാം പന്തക്കുസ്ത അനുഭവത്തിലൂടെ കടന്നുപോകുന്നു. ലോകതിർത്തിവരെ സഭയോട് ചേർന്നു നിന്ന് സുവിശേഷം പ്രഘോഷിക്കാനുള്ള ദൗത്യം നമുക്ക് നൽകുക ആണ് ഈ കൂദാശകൾ. ഈ കാലഘട്ടത്തിലും നമ്മുടെ സഭയെ പണിതു ഉയർത്തുവാൻ ഈശോ വിളിക്കുന്നുണ്ട്.
ഏത് ജീവിതാന്തസ്സിൽ പെട്ടവർ ആണെങ്കിലും ആ വ്യക്തി ഒരു ക്രിസ്ത്യാനി ആണെങ്കിൽ അവരുടെ പ്രഥമ ദൗത്യം ഈശോമിശിഹായെ അവന്റെ സഭയോട് ചേർന്ന് പ്രസംഗിക്കുക എന്നതാണ്.

എനിക്ക് എങ്ങനെ പറ്റും??? (സ്വയവിമർശനം )

നമ്മുടെ സാഹചര്യങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് പറ്റും. ഇത് എല്ലാവർക്കും അറിയാമല്ലോ.
ഒരു ആത്മവിമർശനം ആണ് എനിക്ക് ഈ സോഷ്യൽ മീഡിയയിലൂടെ അങ്ങയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാൻ പറ്റുന്നുണ്ടോ? എന്റെ ജീവിതത്തിലൂടെ ഉണ്ടോ???? ഇല്ല… അങ്ങേക്ക് അങ്ങയുടെ സഭക്കും സാക്ഷികൾ ആകുവാൻ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്ങയെ പ്രഘോഷിക്കുവാൻ എന്നെയും എന്നെപ്പോലുള്ള യുവാക്കളെയും ശക്തരാക്കണമേ ഈശോയെ!

ഇന്നത്തെ ലെലിയയിൽ ഉള്ള ഗീതത്തോടെ ഈ ചിന്ത അവസാനിപ്പിക്കുന്നു.
“സ്വർണ്ണവുമില്ലാ വെള്ളിയുമി –
ലൊന്നും തരുവാൻ എൻ കൈയ്യിൽ
ഈശോ തൻ തിരുനാമത്തിൽ
പറയുന്നേറ്റു നടക്കുക നീ”

സ്വർണ്ണവെള്ളി മംഗളങ്ങൾ

മിഥുൻ തോമസ്