കൊറോണ വാക്സിൻ പരീക്ഷണത്തിന്റെ പേരിൽ ആഫ്രിക്കയിലെ ജനങ്ങളെ ചൂഷണം ചെയ്യരുതെന്ന് കെനിയയിലെ മുറാഗ രൂപതയുടെ മെത്രാനായ ബിഷപ്പ് ജെയിംസ് വയിനേന മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിനെതിരെ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കെനിയയിൽ മരുന്ന് പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് നേരിട്ടു രംഗത്തുവന്നത്. കോവിഡ് 19നെതിരെ മരുന്ന് കണ്ടുപിടിക്കേണ്ടത് പ്രധാനപ്പെട്ടതാണെങ്കിലും, അതിനുവേണ്ടി നടത്തുന്ന പരീക്ഷണം, കെനിയൻ ജനതയുടെ അവകാശത്തെയും അന്തസ്സിനെയും ബലികഴിച്ചു കൊണ്ടുള്ളതായിരിക്കരുതെന്ന് ബിഷപ്പ് ജെയിംസ് വയിനേന കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

മരുന്നുകൾക്ക് പാർശ്വഫലം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മനുഷ്യരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് തികച്ചും സുതാര്യമായ രീതിയിൽ വേണം പരീക്ഷണങ്ങൾ നടത്താന്‍. വിദേശ ഗവേഷണ ഏജൻസികൾ പണം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം വാക്സിന്‍ കണ്ടുപിടിക്കുവാനുള്ള ശ്രമത്തില്‍ ഭ്രൂണഹത്യ നടത്തപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടോ കടുത്ത ആശങ്ക ക്രൈസ്തവ വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.