ദൈവത്തിന്റെയും തിന്മയുടെയും സ്വരം നമ്മുടെ ഉള്ളിൽ മുഴങ്ങുന്നുണ്ടെന്നും അതിൽനിന്ന് ദൈവസ്വരം വിവേചിച്ചറിയാൻ സാധിക്കണമെന്നും ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, അതിനുള്ള മാർഗവും വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം, വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പൊതുസന്ദർശനത്തിലാണ്
നന്മതിന്മകളുടെ സ്വരം തിരിച്ചറിയാനുള്ള മാർഗങ്ങൾ പാപ്പ നിർദേശിച്ചത്.
നല്ലിടയന്റെ സ്വരം തിരിച്ചറിയാനും അവിടത്തെ അനുഗമിക്കാനുള്ള അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് പാപ്പ നൽകിയ
സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ:
മാർഗം ഒന്ന്
ഭാഷകൾ തിരിച്ചറിയാൻ സാധിക്കുന്നതുപോലെ ദൈവസ്വരവും തിന്മയുടെ സ്വരവും വേർതിരിച്ചറിയാനാകും. ദൈവസ്വരം നമ്മെ ഒരിക്കലും നിർബന്ധിക്കില്ല. ദൈവം നിർദേശിക്കും പക്ഷേ, അടിച്ചേൽപ്പിക്കില്ല. എന്നാൽ, തിന്മയുടെ സ്വരമാകട്ടെ വശീകരിക്കുകയും അതിക്രമിച്ചു കടക്കുകയും നിർബന്ധിക്കുകയും ചെയ്യും.
കണ്ണഞ്ചിപ്പിക്കുന്ന വ്യാമോഹങ്ങളും പ്രലോഭിപ്പിക്കുന്ന വികാരങ്ങളും ഉണർത്തും. നാം സർവശക്തരാണെന്ന ഒരു തോന്നൽ നമ്മിലുളവാക്കും. എന്നാൽ, പിന്നീട് അത് നമ്മിൽ അവശേഷിപ്പിക്കുക ശൂന്യതയാണ്. ദൈവസ്വരമാകട്ടെ നമ്മെ അതിയായ ക്ഷമയോടെ തിരുത്തും. അതോടൊപ്പം പ്രചോദനം പകരുകയും സാന്ത്വനമേകുകയും ചെയ്യും.
മാർഗം രണ്ട്
വർത്തമാന കാലത്തിൽനിന്ന് അകന്ന് ഭാവിയെക്കുറിച്ചുള്ള ഉത്കണ്~യിലോ ഭൂതകാലത്തെ ദുഃഖങ്ങളിലൊ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് തിന്മയുടെ സ്വരം ആഗ്രഹിക്കുന്നത്. കയ്പുനിറഞ്ഞ അനുഭവങ്ങളിലും തെറ്റുകളെക്കുറിച്ചുള്ള സ്മരണകളിലും നമ്മെ തളച്ചിടാനായിരിക്കും തിന്മയുടെ ശ്രമം.
എന്നാൽ, ദൈവസ്വരം വർത്തമാനകാലത്തിലൂന്നുന്നു. ഇപ്പോൾ നിനക്ക് നന്മ പ്രവർത്തിക്കാം, സ്‌നേഹത്തിന്റെ സർഗശക്തി ഇപ്പോൾ നിനക്കു വിനിയോഗിക്കാം, നിന്റെ ഹൃദയത്തെ തടവിലാക്കുന്ന പരാതികളും മനോവേദനയും ഇപ്പോൾ നിനക്ക് ഉപേക്ഷിക്കാം എന്നിങ്ങനെയാവും ദൈവം സംസാരിക്കുക.
മാർഗം മൂന്ന്
തിന്മയുടെ സ്വരം എന്നും ‘അഹ’ത്തിന്, അഹത്തിന്റെ സ്പന്ദനങ്ങൾക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. സകലവും ഉടൻ വേണം. കുഞ്ഞുങ്ങളുടെ വാശി പോലെയാണത്. എന്നാൽ, ദൈവസ്വരമാകട്ടെ കുറഞ്ഞവിലയ്ക്ക് ആനന്ദം വാഗ്ദാനം ചെയ്യുന്നില്ല. നമ്മുടെ അഹത്തെ മറികടന്ന് നന്മയും ശാന്തിയും അന്വേഷിക്കാൻ അത് നമ്മെ ക്ഷണിക്കുന്നു.
മാർഗം നാല്
തിന്മ ഇരുളും കാപട്യവും പരദൂഷണവും ഇഷ്ടപ്പെടുന്നു. എന്നാൽ ദൈവമാകട്ടെ, സൂര്യപ്രകാശവും സത്യവും സുതാര്യതയും ഇഷ്ടപ്പെടുന്നു. ആരെയും വിശ്വസിക്കരുത് എന്ന് തിന്മ പറയും. എന്നാൽ, നന്മയാകട്ടെ, തുറവുള്ളവരാകാനും നിർമലരായിരിക്കാനും ദൈവത്തിലും മറ്റുള്ളവരിലും വിശ്വസിക്കാനും ക്ഷണിക്കും