കോവിഡ് 19 മഹാമാരിയുടെ ഭീതി പടരുമ്പോള്‍ ജന്മനാട്ടിലേക്കു വരാനാകാതെ ഉത്കണ്ഠയോടെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളോടു നീതി പുലര്‍ത്തണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിനു നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രവാസികളെ കോവിഡ് കാലത്ത് തള്ളിക്കളയുന്നതു നീതിക്കു നിരക്കുന്നതല്ല. അവരെ തിരിച്ചെത്തിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം.
കേരളത്തിലെ വികസനത്തില്‍ ചെറുതും വലുതുമായ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്കു സംസ്ഥാനം സംരക്ഷണം നല്‍ക്കുന്നതു മാതൃകാപരമാണ്. ജന്മനാടുകളിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കാനും അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിഥിത്തൊഴിലാളികളെ ശത്രുക്കളെപോലെ കാണുന്ന പ്രവണത പാടില്ല. രാഷ്ട്രീയ നേട്ടത്തിന് അവരെ കരുക്കളാക്കാതിരിക്കാനും മുന്‍കരുതലുകളെടുക്കണം. പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്‍കുമെന്നും കേരള ലത്തീന്‍ മെത്രാന്‍ സമിതിക്കുവേണ്ടി കെആര്‍എല്‍സിബിസി മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അറിയിച്ചു.