ത്യാഗധന്യമായ ഓര്‍മകള്‍ക്കൊണ്ട് മനുഷ്യമനസിലും, വീരോചിതമായ ജീവസാക്ഷ്യംകൊണ്ട് സ്വര്‍ഗത്തിലും വാടാതെ വിടര്‍ന്നുനില്‍ക്കുന്ന പുണ്യസ്പര്‍ശിയായ സുഗന്ധസൂനമാണ് ലയോളാമ്മ എന്ന സിസ്റ്റര്‍ ലയോള സിഎംസി. കേരള ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത കറുത്ത അധ്യായങ്ങളിലൊന്നായ 1981ലെ ആലപ്പുഴ ക്ലോറിന്‍ വാതക ദുരന്തത്തിലെ രക്തസാക്ഷിയാണ് സിസ്റ്റര്‍ ലയോള സിഎംസി.
കുട്ടനാട്ടില്‍ ചമ്പക്കുളം ഫൊറോന ഇടവകയില്‍ കോയിപ്പള്ളി കുന്നുതറ കുടുംബത്തില്‍ 1915 ഫെബ്രുവരി 14ന് ജനിച്ച അന്നക്കുട്ടി, അധ്യാപികയായാണ് ജീവിതം ആരംഭിച്ചത്. 1945-ല്‍ ആലപ്പുഴ സിഎംസി മഠത്തില്‍ ചേര്‍ന്നതോടെ സിസ്റ്റര്‍ ലയോളയായി. 1975 വരെ സെന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപന ശുശ്രൂഷയില്‍ തുടര്‍ന്നു. വിരമിച്ചശേഷം മഠത്തിനോടു ചേര്‍ന്നുള്ള സെന്റ് റോസ് വനിതാ ഹോസ്റ്റലിന്റെ വാര്‍ഡനായി.
വിവിധ ദേശങ്ങളില്‍നിന്നുള്ള നൂറ്റന്പതോളം അധ്യാപികമാരാണ് അന്നു സെന്റ് റോസ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. 1981 ഏപ്രില്‍ 23നാണ് അവരുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞ ആ ദുരന്തം സംഭവിച്ചത്. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി എത്തിയവരായിരുന്നു അധ്യാപികമാരിലേറെയും. സന്ധ്യയായപ്പോള്‍ ആരംഭിച്ച മഴ പേമാരിയായി പെയ്തിറങ്ങിയപ്പോഴും അപകടസൂചനയറിയാതെയാണ് അവര്‍ ഉറങ്ങിയത്.
രാത്രി ഒന്പതോടെ നാടിനെ നടുക്കിയ സ്ഫോടനശബ്ദം കേട്ട് അവര്‍ ഞെട്ടിയുണര്‍ന്നു. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. ചീറിയടിക്കുന്ന കാറ്റിനും മഴയ്ക്കുമൊപ്പം അസഹ്യമായ രൂക്ഷ ഗന്ധംകൂടി ഹോസ്റ്റലില്‍ നിറഞ്ഞു. ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടര്‍ടാങ്കിനടുത്തു വച്ചിരുന്ന ക്ലോറിന്‍ വാതക സിലിണ്ടറുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞുവീണു. അതു പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ചവര്‍ അലറിക്കരഞ്ഞു ബോധമറ്റു വീണു. കുറച്ചുപേര്‍ നിലവിളിയോടെ പുറത്തേക്കോടി. വിശുദ്ധ ഗ്രന്ഥം വായിച്ചുകൊണ്ടിരുന്ന ലയോളാമ്മ ശബ്ദംകേട്ട് ഇറങ്ങിയോടി ഗേറ്റ് തുറന്നുകൊടുത്തു. കൈയില്‍ ഒരു റാന്തലുമായി വാര്‍ധക്യം മറന്ന് ലയോളാമ്മ മുറികളിലൂടെ മക്കളേ എന്നു വിളിച്ചുകൊണ്ട് ഓടിനടന്നു. കട്ടിലിലും വാരന്തയിലും ബോധമറ്റുകിടന്നവരെ തോളിലെടുത്തു മുറ്റത്തുകൊണ്ടുവന്ന് കിടത്തി. ഓടിക്കൂടിയ നാട്ടുകാരും മറ്റു സിസ്റ്റേഴ്സും ചേര്‍ന്ന് പുറത്തെത്തിച്ചവരെയെല്ലാം ആശുപത്രിയിലാക്കി.
വിഷവായു തിങ്ങിനിറഞ്ഞ ഹോസ്റ്റലിലേക്ക് കരഞ്ഞുകൊണ്ട് ലയോളാമ്മ ഓടിക്കൊണ്ടിരുന്നു. അവസാനത്തെ ടീച്ചറിനെയും തോളിലെടുത്ത് രക്ഷപ്പെടുത്തിയിട്ടും സംശയം ബാക്കി. ഓടിത്തളര്‍ന്ന ലയോളാമ്മ മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഹോസ്റ്റലിലേക്ക്… എല്ലാവരെയും രക്ഷിച്ചു എന്ന സന്തോഷത്തോടെ പുറത്തുവന്ന ലയോളാമ്മ നടക്കല്ലില്‍ തളര്‍ന്നുവീണു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അവര്‍ അന്ത്യശ്വാസം വലിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാനുള്ള ആ കന്യാസ്ത്രീയുടെ ധീരത അനേകം കുടുംബങ്ങളിലെ അമ്മമാര്‍ക്ക് ആയുസ് നീട്ടിക്കൊടുത്തു. നാലു പതിറ്റാണ്ടിനപ്പുറം, ക്ലോറിന്‍ വാതക ദുരിത രക്ഷയ്ക്കായി ജീവനര്‍പ്പിച്ച ലയോളാമ്മയുടെ സ്മരണ, ഈ കോവിഡ് കാലത്ത് ഏവര്‍ക്കും പ്രചോദനമാണ്.
സിസ്റ്റര്‍ സൂസി മരിയ സിഎംസി