കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഈ കുറിപ്പിന് ആധാരം. പണിയില്ലാതെ വെറുതെയിരിക്കുന്നവരുടെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പും വിദ്വേഷവും എഴുത്തുകളായിത്തീരുന്നതിന്‍റെ ഉത്തമഉദാഹരമാണിത്. ചില കാര്യങ്ങള്‍ കുറിക്കട്ടെ.
1. മതവിശ്വാസവുമായി യാതൊരു വിധത്തിലും ഭാവാത്മകബന്ധമുള്ള ഒരാളല്ല ഇതെഴുതിയിരിക്കുന്നത് എന്ന് ഭാഷയില്‍ നിന്നും അവതരണത്തില്‍ നിന്നും വ്യക്തം. അതിനാല്‍ത്തന്നെ മറ്റാരുടെയും നന്മ കാംക്ഷിച്ചല്ല, അതിനേക്കാളധികമായി മതസ്ഥാപനങ്ങളുടെ തകര്‍ച്ച ആഗ്രഹിച്ചാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവന്‍ അതിനെതിരേ എന്തു നുണയും പ്രചരിപ്പിക്കും എന്നത് ഒരു വര്‍ത്തമാനകാലസത്യമാണല്ലോ. അത്തരം നുണകളാണ് വിശ്വസനീയമായ വിധത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
2. മതസ്ഥാപനങ്ങളില്‍ ധാരാളം ധനം കുമിഞ്ഞു കൂടി കിടക്കുന്നു എന്നതാണ് ഒന്നാമത്തെ വാദം. കത്തോലിക്കാസഭയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സാമ്പത്തികമായി ഉയര്‍ന്ന ഇടവകകള്‍ ഉണ്ട് എന്നത് സത്യമാണ്. അതിനേക്കാളധികമാണ് സാമ്പത്തികമായി സുരക്ഷിതത്വം ഇല്ലാത്ത ഇടവകകളെന്നതാണ് സത്യം. വലിയ ആരാധനാലയങ്ങളും സംവിധാനങ്ങളുമുള്ള ഇടവകകള്‍ക്ക് അതുപോലെ തന്നെ ചിലവുകളുമുണ്ട് എന്നത് ഇദ്ദേഹത്തിന്‍റെ എഴുത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ല.
3. ആരാധനാലയങ്ങളുടെ സ്വത്ത് മുഴുവന്‍ വിശ്വാസികള്‍ നല്കിയതാണ് എന്നതാണ് രണ്ടാമത്തെ വാദം. ഇതും തെറ്റാണ്. ആരാധനാലയങ്ങളുടെ സ്വത്ത് പല രീതിയില്‍ ഉണ്ടായവയാണ്.
3.1 വിശ്വാസികളുടെ സംഭാവന
3.2 രാജാക്കന്മാരുടെയും ഗവണ്‍മെന്‍റുകളുടെയും സംഭാവന
3.3 സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആദായം
3.4 പലിശയിനത്തിലുള്ള വരവ്
3.5 വൈദികരുടെ ശമ്പളം, വിദേശരാജ്യങ്ങളിലെ ജോലി എന്നിവയില്‍ നിന്നുള്ള വരവ്
ഇതിനേക്കാളൊക്കെ തുച്ഛമായ ജീവനാംശം മാത്രം എടുത്ത് ജോലി ചെയ്ത ആയിരക്കണക്കിന് വൈദികര്‍ ഏറ്റവും കുറഞ്ഞത് ഒരു എല്‍ഡി ക്ലാര്‍ക്കിന്‍റെയെങ്കിലും ശമ്പളം വാങ്ങിയിരുന്നെങ്കില്‍ എത്ര കോടി രൂപ വേണ്ടിവരുമായിരുന്നു. അവയെല്ലാം ഇപ്പോഴത്തെ ആസ്തിയില്‍ കണക്കാക്കപ്പെടുന്നുണ്ട്.
4. എഴുതി വരുന്ന ശൈലി കണ്ടാല്‍ മതങ്ങള്‍ പകര്‍ച്ചവ്യാധിയുടെ കാലത്ത് യാതൊരുവിധ സഹായവും പൊതുസമൂഹത്തിന് ചെയ്യുന്നില്ല എന്ന് തോന്നിപ്പോകും. 2018-ലെ പ്രളയകാലത്ത് കേരളകത്തോലിക്കാസഭയുടെ സഹായം കണക്കിലുള്ളത് 400 കോടിയിലധികം രൂപയാണ്. 2019-ലെ പ്രളയകാലത്തെ കണക്ക് വരാനിരിക്കുന്നു. കൊറോണക്കാലത്ത് കേരളകത്തോലിക്കാസഭയുടെ എല്ലാ സ്ഥാപനങ്ങളും ആവശ്യാനുസരണം സര്‍ക്കാരിനുപയോഗിക്കാമെന്ന് കെസിബിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത് വാര്‍ത്തയാണ്. ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ സകല ആശുപത്രികളും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്ന് അവരുടെ സംഘടനയുടെ പ്രസിഡന്‍റ് പ്രധാനമന്ത്രിയെയും ബന്ധപ്പെട്ടവരെയും അറിയിച്ചിരുന്നു.
5. വിമര്‍ശനവിധേയമാകുന്ന ഈ എഴുത്ത് തികച്ചും ബാലിശവും മതവിശ്വാസങ്ങളോടുള്ള അന്ധമായ വൈരത്താല്‍ നിലതെറ്റിപ്പോയ ആരോ ഒരാളുടെ സ്വാഭാവികവികൃതിയുമാണ്. മറ്റുള്ളവരോടുള്ള വൈരത്താല്‍ അവരെക്കുറിച്ച് വ്യാജം പ്രചരിപ്പിക്കുന്നതിനേക്കാളും അധപതിക്കാന്‍ ആര്‍ക്ക് കഴിയും.
6. ഇടയിലെവിടെയോ വിശ്വാസികളുടെ കാശ് കൊണ്ട് വൈദികര്‍ കോടികള്‍ വിലമതിക്കുന്ന കാറ് വാങ്ങിയ കഥയും പറയുന്നുണ്ട്. ഏതെങ്കിലും പള്ളിക്കണക്കില്‍ അത്തരമൊരു കണക്ക് കാണിച്ച് തരാന്‍ ഇദ്ദേഹത്തിന് സാധിക്കുമോ എന്നറിയില്ല. ഞാനടക്കം എനിക്കറിയാവുന്ന എല്ലാ വൈദികരും സ്വന്തം കുടുംബത്തില്‍ നിന്ന് ലഭിച്ച തുക കൊണ്ടോ തവണവ്യവസ്ഥയിലോ ആണ് വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്. എച്ചിക്കണക്ക് പറയുകയും പറയിപ്പിക്കുകയും ചെയ്യുന്നവരെയൊക്കെ എന്ത് പറയാന്‍.
അവസാനിപ്പിക്കുമ്പോള്‍ വൈദികരെയും മെത്രാന്മാരെയും സഭയെയും വെല്ലുവിളിക്കുന്ന ഇദ്ദേഹം ആദ്യം സ്വന്തം കൈയ്യില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കുന്നതിന്‍റെ കണക്കുകളും തനിക്ക് സൗജന്യമായി ലഭിച്ച സേവനങ്ങള്‍ക്ക് പകരമായി രാഷ്ട്രത്തെയോ സമൂഹത്തെയോ സേവിച്ചതിന്‍റെ തെളിവുകളും കൂടെ ഒന്ന് അവതരിപ്പിക്കുന്നത് നല്ലതായിരിക്കും.
Noble Thomas Parackal