ഈശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത് ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു; അവൻ ജീവിക്കുന്നു; മനസാന്തരപ്പെട്ടു വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവർ അവന്റെ ജീവനിലും രക്ഷയിലും ഉയിർപ്പിലും പങ്കുചേരും എന്ന സന്ദേശമായിരുന്നു.

അതുകൊണ്ട് ഉയിർപ്പുതിരുനാളും തുടർന്നുള്ള ആഴ്ചയും സഭകൾ അതിവിശിഷ്ടദിനങ്ങളായി ആചരിച്ചുപോന്നു. “ആഴ്ച്ചകളുടെ ആഴ്ച്ച” – എന്നാണ് പൌരസ്ത്യ സുറിയാനി പാരമ്പര്യം ഈ ആഴ്ച്ചയെ വിശേഷിപ്പിക്കുന്നത്. ഉയിർപ്പുതിരുനാളിൽ മാമ്മോദീസാ സ്വീകരിച്ചവരെ ദൈവാരാധനാപരികർമ്മളിലൂടെയുള്ള ദൈവാനുഭവത്തിലേക്ക് ആനയിക്കുന്ന “മിസ്റ്റേഗോജിക്കൽ കാറ്റക്കേസിസ്” അഥവാ ‘ദിവ്യരഹസ്യപ്രബോധനം’ മെത്രാന്മാർ അവരുടെ കത്തീഡ്രലുകളിൽവച്ചു നൽകിയിരുന്നത് ഈ ആഴ്ച്ചയായിരുന്നു.

പുതുതായി മാമ്മോദീസാ സ്വീകരിച്ചവർ വെള്ളവസ്ത്രം ധരിച്ചു ഉയിർപ്പിന്റെ ഈ ആഴ്ച ദേവാലയത്തിൽ വന്നിരുന്നു. അതിൽനിന്നാണ് ഈ ആഴ്ചയെ Bright Week – പ്രദീപ്തവാരം – എന്നു ബൈസന്റൈൻ പാരമ്പര്യവും, ‘ഹെവോറേ’ – ‘ശുഭ്ര’-ദിനങ്ങളായി പാശ്ചാത്യസുറിയാനി പാരമ്പര്യവും വിളിക്കുന്നത്‌.

പാശ്ചാത്യപാരമ്പര്യത്തിൽ ഈ ആഴ്ച്ചയിലെ ദിവസങ്ങൾ ഈസ്റ്റർ തിങ്കൾ, ഈസ്റ്റർ ചൊവ്വ, ഈസ്റ്റർ ബുധൻ… എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഈ ആഴ്ച്ചയുടെ എട്ടാമിടംവരെ പ്രഭാതനമസ്കാരത്തിൽ അവർ “Te Deum” ഗീതം (ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു…) പാടുകയും കുർബാനയിൽ Gloria – “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം.. -” ആലപിക്കുകയും ചെയ്യുന്നു.

ഗ്രീക്ക്പാരമ്പര്യത്തിൽ ഈ എട്ടു ദിവസങ്ങളിലും ഈസ്റ്റർ ഗീതങ്ങൾ Octoechos – എട്ടു ഈണങ്ങളിൽ – ആലപിക്കുന്ന പതിവുണ്ട്. ഈ ആഴ്ച്ച യാമനമസ്കാരങ്ങൾ ചൊല്ലുകയല്ല, പാടുകയാണത്രെ ചെയ്യുന്നത്! ഈ ആഴ്ച്ച (പെന്തക്കുസ്താവരെ) നോമ്പും ഉപവാസവും ഇല്ല. മദ്ബഹായുടെ പരിശുദ്ധ കവാടം (Holy Doors of Iconostasis) ഈ ആഴ്ച്ചമുഴുവനും തുറന്നിടും. ഈസ്റ്റർ ജാഗരണത്തിൽ വാഴ്ത്തിയ ഉത്ഥിതനീശോയെ സൂചിപ്പിക്കുന്ന പുളിച്ച അപ്പം (Artos) പ്രത്യേക വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

നമ്മുടെ പൌരസ്ത്യ സുറിയാനി പാരമ്പര്യത്തിലാകട്ടെ, ഉയിർപ്പു ഒരാഴ്ച്ചയല്ല; ഏഴു ആഴ്ച്ചകൾ ചേർന്ന ഒരു ആരാധനക്രമകാലഘട്ടമാണ്.
നമ്മുടെ പാരമ്പര്യത്തിൽ ഉയിർപ്പിന്റെ ആദ്യവെള്ളി രക്തസാക്ഷികളുടെ – സകല വിശുദ്ധരുടെയും – ഓർമ്മയാണ്. അന്നേദിവസം നോമ്പും ഉപവാസവുമില്ല (ഉറവിടത്തിൽ ഉയിർപ്പുകാലം മുഴുവനും). വിശ്വാസത്തിന്റെ രഹസ്യങ്ങളിൽ അഗാധമായി ഉൾച്ചേരുന്ന ഈ ആഴ്ച്ചകഴിഞ്ഞ് നാം തോമാശ്ലീഹായുടെ ഉത്ഥാനാനുഭവം ആഘോഷിക്കുന്ന ‘പുതുഞായറിൽ’ എത്തിച്ചേരുന്നു.

ഉയിർപ്പ്: എഴുന്നേല്പിന്റെ കാലം.

ക്യംതാക്കാലം അഥവാ ഉയിർപ്പുകാലം ഉയിർപ്പിന്റെ – എഴുന്നേല്പിന്റെ -കാലമാണ്.
ക്യംതാ (Qyamta) എന്നാൽ ഉയിർപ്പ്, എഴുന്നേല്പ് എന്നൊക്കെയാണല്ലോ അർത്ഥം. കർത്താവു സത്യമായും “ഉയിർത്തെഴുന്നേറ്റു” എന്നു പറയുമ്പോൾ അതിൽ ക്യംതായുടെ അർത്ഥം മുഴുവനും പ്രകാശിതമാണ്.

പശ്ചാത്താപവും പരിഹാരവും നിഴലിക്കുന്ന നോമ്പുകാലം മുട്ടുകുത്തലിന്റെയും കുമ്പിടലിന്റെയും കാലമാണെങ്കിൽ ഉയിർപ്പുകാലം എഴുന്നേല്പിന്റെ കാലമാണ്. കാരണം, അതു സന്തോഷത്തിന്റെ കാലമാണ്!

അതുകൊണ്ടാണ് ഈസ്റ്റർ മുതൽ പെന്തക്കുസ്താവരെയുള്ള ഞായറാഴ്കകളിൽ മുട്ടുകുത്തുന്നതും, ഉപവസിക്കുന്നതും നിഖ്യാ സൂനഹദോസ് (325, can 20) വിലക്കിയത്. ഈ ചൈതന്യമുൾക്കൊണ്ടാണ് പൌരസ്ത്യസഭകൾ ഞായറാഴ്ച കുർബാനയിൽ മുട്ടുകുത്താത്തത്. (എന്നാൽ മധ്യയുഗങ്ങളിൽ പാശ്ചാത്യസഭയിൽ ഉണ്ടായ ദിവ്യകാരുണ്യ വിശ്വാസപ്രതിസന്ധിയെത്തുടർന്ന് കുർബാനയിൽ തിരുവോസ്തിയും കാസയും ഉയർത്തുന്നതും അതോടനുബന്ധിച്ച ആരാധനയും ആരംഭിച്ചപ്പോഴാണ് അവിടെ മുട്ടുകുത്തൽ ആരംഭിച്ചത്: അതോടെ മുട്ടുകുത്തലിന്റെ penitential അർത്ഥം മാറി, ആരാധന എന്നതായി!).

എന്നാൽ നമ്മുടെ പാരമ്പര്യമനുസരിച്ചു ഉയിർപ്പുകാലത്തിന്റെ ചൈതന്യം തുടരാൻ ഈ കാലമത്രയും കുർബാനയിൽ മുട്ടുകുത്താതെ, എഴുന്നേറ്റുനിന്നുകൊണ്ട് സംബന്ധിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്!

കോവിഡ്കാലത്തെ ഈസ്റ്റർ!

കോവിഡ് കൊലയാളിവൈറസ് മഹാവ്യാധി ലോകം മുഴുവനും സംഹാരതാണ്ഡവമാടുമ്പോൾ മരണത്തിന്റെ താഴ്വരയിൽനിന്നുള്ള ഒരു ഈസ്റ്റർ ആണ് ഇക്കൊല്ലം മനുഷ്യരാശിക്കു വിധിക്കപ്പെട്ടിരിക്കുന്നത്!
സുവിശേഷങ്ങളിലെ ഉത്ഥാനവിവരണങ്ങൾ പോലെ ദേവാലയങ്ങളിലും തെരുവുകളിലും ചത്വരങ്ങളിലുമെല്ലാം ആളും ആരവവും ഇല്ലാത്ത ഒരു ഉയിർപ്പു തിരുനാൾ!
ദുഃഖത്തിന്റെ കരിനിഴൽ മൂടിയ ഈ ഈസ്റ്റർ പുലരിയിൽ “സ്ത്രീയെ എന്തിനാണ് നീ കരയുന്ന”തെന്നു ചോദിച്ച (യോഹ 20:13) ഉത്ഥിതനായ ഈശോ എവിടെയോ മറഞ്ഞു നില്പുണ്ട്…

മനുഷ്യരാശിയെ ഈ മഹാവ്യാധിയിൽനിന്നും കൈപിടിച്ചുയർത്താൻ ഉത്ഥിതനായ ഈശോ, നീ കടന്നുവരണമേ, എന്നു നമുക്ക് പ്രാർത്ഥിക്കാം.

കോവിഡ് ദുരന്തമുഖത്തു പകച്ചുനിൽക്കുന്ന എല്ലാവരുടെയും ആത്മീയവും ശാരീരികവും സാമൂഹികവും മാനസികവുമായ എല്ലാ ദാരിദ്ര്യവും നീക്കിക്കളയാൻ രാപകൽ അത്യദ്ധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും, സന്നദ്ധസേവകകരെയും ഭരണാധികാരികളെയും ഒക്കെ നമുക്കു നന്ദിപൂർവം ഓർക്കാം. ഈശോയോടു ചേർന്നുനിന്നു അവശരുടെ കരം പിടിച്ചുയർത്താൻ നമ്മളാവുംവിധം യത്നിക്കുകയും ചെയ്യാം.

ഉത്ഥിതനായ ഈശോ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ!

– ഫാ. ജോസ് കൊച്ചുപറമ്പിൽ
സെൻറ് ആന്റണീസ് ചർച്ച് പറാൽ