സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ അധ്യാപക തസ്തികയ്ക്കു പുതിയ നിബന്ധന ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ മേഖലയെ തളർത്തുന്നതാണ്
കോവിഡ് മഹാമാരിയെ തടുത്തുനിർത്താൻ കേരളത്തിൽ ആരോഗ്യപ്രവർത്തകരും വിവിധ സർക്കാർ വകുപ്പുകളും ഭരണാധികാരികളും പൊതുസമൂഹവും കഠിനയത്നം നടത്തുന്പോൾ ആ യജ്ഞത്തിന്റെ ചൈതന്യത്തിനു ചേരാത്ത ചില സർക്കാർ ഉത്തരവുകളും തീരുമാനങ്ങളും ഉണ്ടാകുന്നതു നിർഭാഗ്യകരമാണ്. അതിലൊന്നായിരുന്നു മദ്യാസക്തർക്ക് ഡോക്ടറുടെ കുറിപ്പടിയിന്മേൽ മൂന്നു ലിറ്റർ മദ്യം നൽകാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്. ആ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. പോലീസ് വകുപ്പിനുവേണ്ടി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനു 1.7 കോടി രൂപ നൽകാനുള്ള ഉത്തരവായിരുന്നു മറ്റൊന്ന്. സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ അടിയന്തര പ്രാധാന്യമില്ലാത്ത ഇത്തരമൊരു കാര്യത്തിനു പണം മുടക്കുന്നതിനെക്കുറിച്ചു വ്യാപകമായ വിമർശമുയർന്നു. ഇപ്പോഴിതാ ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനജോലി ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അധ്യാപക തസ്തിക അനുവദിക്കാനാവൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഏപ്രിൽ ഒന്നിന് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനു 2018 മേയ് ഒന്പതു മുതൽ പ്രാബല്യമുണ്ടായിരിക്കും.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നതും അധ്യാപനരംഗത്ത് അനിശ്ചിതത്വത്തിനു വഴിതെളിക്കുന്നതുമാണീ തീരുമാനം. ഉത്തരവു പുനഃപരിശോധിക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷനും എൻഎസ്എസും ആവശ്യപ്പെട്ടിട്ടുണ്ട്. പല കോളജുകളും പഴയ മാനദണ്ഡപ്രകാരം അധ്യാപക തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തേടിക്കൊണ്ടു പരസ്യം നൽകിയിരുന്നു. അതനുസരിച്ചു തുടർനടപടികൾ നടക്കുന്നതിനിടയിലാണ് ഈ ഉത്തരവു വന്നിരിക്കുന്നത്. നിലവിലുള്ള രണ്ടായിരത്തിലധികം കോളജ് അധ്യാപക തസ്തികകൾ ഊ ഉത്തരവു വഴി ഇല്ലാതാകും. ഒരു തസ്തികയ്ക്കു ശേഷം ഒന്പതു മണിക്കൂറിൽ കൂടുതൽ ജോലിഭാരമുണ്ടെങ്കിൽ ഒരു റെഗുലർ തസ്തിക കൂടി അനുവദിക്കുന്നതാണു നിലവിലെ ചട്ടം.
ഉത്തരവു നടപ്പാക്കിയാൽ അധ്യാപകരുടെ എണ്ണം തീരെക്കുറയുകയും അതു വിദ്യാർഥികളുടെ പഠനനിലവാരത്തെ ബാധിക്കുകയും ചെയ്യും. പ്രോജക്ട് വർക്കുകളും വ്യക്തിഗത മാർഗനിർദേശങ്ങളും ഗവേഷണ പരിപാടികളുമുൾപ്പെടെ ഗൗരവപൂർണമായ പഠനപ്രക്രിയ ആവശ്യമായ ബിരുദാനന്തരബിരുദ ക്ലാസുകളിലെ തസ്തിക നിർണയത്തെയും ഇതു ബാധിക്കും. അനുവദനീയമായ തസ്തികകളിൽപ്പോലും നിയമനത്തിന് അനേകം തടസവാദങ്ങൾ ഇപ്പോൾ ഉന്നയിക്കപ്പെടുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഇത്തരത്തിലുള്ള പ്രശ്നം ഗുരുതരമായ പ്രതിസന്ധി നേരത്തേതന്നെ സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുമെന്നു പറയുന്പോഴും എയ്ഡഡ് മേഖലയെ എല്ലാത്തരത്തിലും ഞെരുക്കാനുള്ള ശ്രമമാണു സർക്കാർ നടത്തിപ്പോരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കു കൂടുതൽ വിഭവവിതരണം ആവശ്യമാണെന്ന ബോധ്യം വളർന്നുവരുന്ന ഈ കോവിഡ് കാലത്ത് സർക്കാർ തിരക്കുപിടിച്ച് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഉദ്ദേശ്യം ദുരൂഹമാണ്. ഒരുപക്ഷേ, പൊതുസമൂഹം കോവിഡ് ഭീതിയിലും ലോക്ക് ഡൗണിന്റെ കഷ്ടപ്പാടുകളിലും ആഴ്ന്നിരിക്കുന്പോൾ ഇത്തരം ഉത്തരവുകൾ ആരും ശ്രദ്ധിക്കില്ലെന്നു സർക്കാർ ചിന്തിക്കുന്നുണ്ടാവും. കോവിഡ് പ്രതിരോധത്തിനുവേണ്ടി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കുന്പോൾ ദുരുപദിഷ്ടമായ ഇത്തരം ഉത്തരവുകൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇറക്കി സമൂഹത്തെ കബളിപ്പിക്കാമെന്ന ചിന്ത ജനാധിപത്യ സംസ്കാരത്തിനു ചേരുന്നതല്ല.
കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് വീടിനു തീപിടിക്കുന്പോൾ അയൽക്കാരന്റെ വാഴ വെട്ടുന്ന പരിപാടി തന്നെയാണ്. കോവിഡ് പ്രതിസന്ധി തികച്ചും അപ്രതീക്ഷിതമാണ്. അത് പ്രത്യേക തലത്തിൽ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങൾ അഭിനന്ദനീയമാംവിധം നടക്കുന്നുമുണ്ട്. കോവിഡ് ബാധയിൽനിന്നു നാം കരകയറുമെന്നും കേരളത്തിന്റെ സാന്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള പ്രത്യാശയും നമുക്കുണ്ട്. അങ്ങനെയെങ്കിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ നാം കൂടുതൽ പണം മുടക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരായ പ്രതിഭകളെ വാർത്തെടുക്കേണ്ട കലാലയങ്ങളിൽ, സാന്പത്തിക പരിമിതിയുടെ പേരിൽ അധ്യാപകരുടെ എണ്ണം കുറയ്ക്കുന്നതും ഉള്ളവരുടെ ജോലിഭാരം വർധിപ്പിക്കുന്നതും അതുവഴി, ആധുനിക സാഹചര്യങ്ങളിൽ ചെയ്യേണ്ട വിവിധ അസൈൻമെന്റുകൾക്ക് അവസരം കുറയ്ക്കുന്നതും എങ്ങനെയാണു സംസ്ഥാനത്തിനു ഗുണകരമാകുക?
ഉത്തരവു പുനഃപരിശോധിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ഇതിനെതിരേ നിലപാടു സ്വീകരിക്കേണ്ടിവരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒന്പതു മണിക്കൂറിൽ കൂടുതൽ ജോലിഭാരം ഉണ്ടെങ്കിൽ അധികതസ്തിക സൃഷ്ടിക്കാമെന്നും ഒരു ബിരുദാനന്തരബിരുദ കോഴ്സിന് കുറഞ്ഞത് അഞ്ച് അധ്യാപകരെ നിയമിക്കാമെന്നും വ്യവസ്ഥയുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഏക അധ്യാപകൻ ഉള്ളതും 16 മണിക്കൂറിൽ താഴെ വർക്ക്ലോഡ് ഉള്ളതുമായ വിഷയങ്ങൾക്കു റെഗുലർ അധ്യാപക തസ്തിക നഷ്ടമാകുന്നത് അധ്യയനനിലവാരത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്തു വർഷങ്ങളായി നിലവിലുണ്ടായിരുന്ന നിയമനരീതിക്കാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്ത്തുന്ന തരത്തിൽ ഇപ്പോൾ പൊടുന്നനേയൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത്തരമൊരു ഉത്തരവിന് ഈ സമയം തെരഞ്ഞെടുത്തതു തികച്ചും നിർഭാഗ്യകരമാണ്. ഇത്തരം കാര്യങ്ങളിൽ വിദ്യാഭ്യാസവിദഗ്ധരുടെ അഭിപ്രായം സർക്കാർ തേടേണ്ടതായിരുന്നു. ഉദ്യോഗസ്ഥതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കു സർക്കാർ അച്ചാരം ചാർത്തുന്നതിനു മുന്പു വേണ്ടത്ര ആലോചന നടത്താത്തതിന്റെ തിരിച്ചടി പലപ്പോഴും താമസിയാതെതന്നെ ഉണ്ടാകാറുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ചു ഗുരുതരമായ പ്രതിസന്ധി നിലനിൽക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസവിരുദ്ധ നിലപാടുകൾക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഫെബ്രുവരി 20ന് സംസ്ഥാനതലത്തിൽ പ്രതിഷേധദിനം ആചരിക്കുകയുണ്ടായ2016ലെ കെഇആർ ഭേദഗതിയെത്തുടർന്ന് നിയമനാംഗീകാരം നഷ്ടമായ മൂവായിരത്തോളം സ്കൂൾ അധ്യാപകർ കഴിഞ്ഞ നാലുവർഷമായി പ്രതിഫലമില്ലാതെ ജോലി ചെയ്യുകയാണ്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കപ്പെടാതിരിക്കേ, ഇപ്പോഴിതാ എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിലും സർക്കാർ ഇടങ്കോലിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ശക്തമാക്കുമെന്ന് ആവർത്തിച്ചു പറയുന്ന സർക്കാർ സ്വീകരിച്ചുകാണുന്ന നയങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളും അതിനു കടകവിരുദ്ധമാണ്.
കടപ്പാട്- ദീപിക