Cormac McCarthy യുടെ പുലിസ്റ്റർ അവാർഡ് കരസ്ഥമാക്കിയ നോവലാണ് The Road. ലോകം വലിയൊരു ദുരന്തത്തിലൂടെ കടന്നുപോയതിനു ശേഷമുള്ള അവസ്ഥാന്തരീക്ഷമാണ് കഥയുടെ പശ്ചാത്തലം. ശൈത്യക്കാലത്തെ കൊടും തണുപ്പിൽ പരസ്പരം വേട്ടക്കാരായി മാറിയിരിക്കുന്ന മനുഷ്യരുടെ ഇടയിലൂടെ അതിജീവനത്തിനായി യാത്ര നടത്തുന്ന ഒരു അച്ഛന്റെയും മകന്റെയും കഥ. തണുത്തുറഞ്ഞ ഇരുണ്ട ലോകത്തിൽ അച്ഛനും മകനും ഒരു തീനാളമായി മാറുന്നതാണ് കഥാതന്തു. അതുകൊണ്ട് തന്നെ ഈ നോവലിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പദം Fire ആണ്. തീ ഒരു പ്രതീകാത്മക കഥാപാത്രമാണ് ഈ നോവലിൽ. നോക്കുക, ആ അച്ഛനും മകനും തമ്മിലുള്ള സംഭാഷണ ശകലം: “We’re going to be okay, aren’t we Papa?”
“Yes. We are. And nothing bad is going to happen to us”.
“That’s right. Because we’re carrying the fire”.
“Yes. Because we’re carrying the fire”.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഫ്രാൻസീസ് പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിൽ ഏകനായി നിന്നു കൊണ്ട് ലോകത്തെ മുഴുവൻ പരിശുദ്ധ കുർബാന കൊണ്ട് ആശീർവദിച്ചത്. ആ പ്രവർത്തിയുടെ പ്രതീകാത്മകമായ ശക്തികൊണ്ട് ഒത്തിരി ആൾക്കാരുടെ ഹൃദയത്തെ സ്പർശിച്ച സംഭവമായിരുന്നു അത്. വ്യത്യസ്തമെന്ന് തോന്നുന്ന രണ്ടു യാഥാർത്ഥ്യങ്ങളെ ഒന്നിപ്പിക്കുന്നവകളാണ് പ്രതീകങ്ങൾ (symbols). പ്രതീകാത്മകമായ ഒരു ജീവിവർഗ്ഗമുണ്ടെങ്കിൽ അത് മനുഷ്യൻ മാത്രമാണ്. എന്തെന്നാൽ അവനു മാത്രമേ ഭൗതികമായ പലതിലും അതിന്റെ ആത്മീയമായ മറുഭാഗത്തെ സന്നിവേശിപ്പിക്കാൻ സാധിക്കു. അതുകൊണ്ടാണ് ‘I love you’ എന്ന ഒരു ശബ്ദം എന്റെ നാവിൽ നിന്നും വരുമ്പോൾ അത് അന്തരീക്ഷത്തിൽ ഉണ്ടാക്കുന്നത് വെറും ഒരു തരംഗം മാത്രമല്ലല്ലോ. അത് എന്റെ പ്രണയനിയുടെ കണ്ണുകളിൽ മിഴിവും നൽകുന്നുണ്ട്.

എരിഞ്ഞു ചാമ്പലാകാത്ത കത്തിജ്വലിക്കുന്ന മുൾപ്പടർപ്പിന്റെ ദൃശ്യം പുറപ്പാടിന്റെ പുസ്തകത്തിലുള്ളത് ദൈവം സ്വയം വെളിപ്പെടുത്തുന്ന നിമിഷത്തിലാണ്. അതൊരു പ്രതീകമാണ്. ഭൗമീകവും ദൈവീകവും ഒന്നായി തീരുന്നതിന്റെ പ്രതീകം. ഭൗമീകമായ എല്ലാത്തിലും ദൈവികമായ ഒരു തലമുണ്ട്. ദൈവീകമായ ആ തലം അദൃശ്യമാണ്. പക്ഷെ ഉള്ളിൽ പ്രകാശമുള്ളവനെ ആ ദൈവീകതയെ ദർശിക്കാൻ പറ്റൂ. McCarthy യുടെ നോവലിന്റെ അവസാനം മരിക്കുന്നതിനു മുൻപ് അച്ഛൻ തന്റെ മകന്റെ ഉള്ളിലെ തീയെ വെളിപ്പെടുത്തി കൊടുക്കുന്നുണ്ട്.
“You have to carry the fire”
“I don’t know how to”
“Yes you do”
“Is it real? The fire?”
“Yes it is”
“Where is it? I don’t know where it is”
“Yes, you do. It’s inside you. It was always there. I can see it”

സ്നേഹമില്ലെങ്കിൽ യാഥാർത്ഥ്യങ്ങളുടെ പ്രതീകാത്മകമായ തലത്തെ നമുക്ക് ദർശിക്കാൻ സാധിക്കില്ല. മനുഷ്യൻ ശരീരവും മനസ്സും മാത്രമല്ല, അതിനുമപ്പുറത്ത് നമുക്ക് കാണാൻ സാധിക്കാത്ത ഒരു യാഥാർഥ്യമുണ്ട്. അതു കാണണമെങ്കിൽ ഉള്ളിൽ തീ വേണം. എരിഞ്ഞു ചാമ്പലാകാത്ത കത്തിജ്വലിക്കുന്ന മുൾപ്പടർപ്പ് പോലെ. നമ്മിലെ ദൈവികതയാണ് ഈ തീ. ഉള്ളിലെ ഈ അഗ്നി അണഞ്ഞാൽ പിന്നെ ഉണ്ടാകുക ഭൗതികതയിൽ ആശ്രയിച്ചു കൊണ്ടുള്ള വിധി തീർപ്പുകൾ മാത്രമായിരിക്കും. എന്റെ സഹജീവികൾ എനിക്ക് ദൃശ്യമാകാത്ത ദൈവികമായ ഒരു യാഥാർത്ഥ്യത്തിന്റെ കാണപ്പെടുന്ന പ്രതീകമാണെന്ന ബോധം അവരിലുണ്ടാകില്ല. അങ്ങനെയുള്ളവർ ശാസ്ത്രത്തിന്റെ പേരും പറഞ്ഞു സഹജരുടെ വേദനകളുടെ നടുവിലിരുന്ന് കാകദൃഷ്ടിയിൽ വിരാജിച്ചു കൊണ്ട് നിഷേധാത്മകതകൾ വിളമ്പി കൊണ്ടിരിക്കും. തലയിൽ നിറയെ ബുദ്ധിയും ഹൃദയത്തിൽ മുഴുവൻ അന്ധകാരവും ഉള്ളവരായിരിക്കും അവർ. കവികൾക്കും കുഞ്ഞുങ്ങൾക്കും പ്രണയിനികൾക്കും ദൈവികമായ ഒരു അഗ്നി ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുമ്പോൾ, ബുദ്ധിജീവികൾ എന്ന് സ്വയം കരുതുന്ന ചിലർക്ക് ആ തീയുടെ ഒരു തരി പോലും ഉണ്ടാവുകയില്ല. ആ ബുദ്ധിജീവികളാണ് നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഈ വലിയ ദുരന്തത്തിന്റെ മുമ്പിലിരുന്ന് പോലും വെറുപ്പിന്റെ വമനങ്ങൾ സഹജരുടെ മേൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. അവരെ സൂക്ഷിക്കണം. നരകാഗ്നിയുടെ ശേഷിപ്പുകളാണവർ. അവർ പൈശാചികതയുടെ പ്രതീകങ്ങളാണ്.

അറിയില്ല നമുക്ക് ഈ വൈറസ് മനുഷ്യനിർമ്മിതമാണെന്നോ സ്വയം രൂപിതമാണെന്നോയെന്ന്. പക്ഷേ ഈയൊരു ദുരന്തം നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന്. അതുപോലെതന്നെ വ്യക്തികളും വസ്തുതകളും നമ്മൾ വിചാരിക്കുന്നപോലെയല്ലെന്നും. ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ നമ്മുടെ എല്ലാ ഭൗതികമായ ആയുധങ്ങളും പുറത്തെടുത്തു കഴിഞ്ഞു. പക്ഷേ ആത്മീയമായ ഒരു തിരിച്ചറിവ് ഇല്ലെങ്കിൽ – അതായത് ഉള്ളിൽ സ്നേഹമെന്ന തീ ആളിക്കത്തുന്നില്ലെങ്കിൽ – വീണ്ടും നമ്മൾ പണിതുയർത്താൻ പോകുന്നത് ആ പഴയ ലോകം തന്നെയായിരിക്കും. McCarthy യുടെ നോവലിലെ ആ മകൻ ഉള്ളിൽ ആളിക്കത്തുന്ന തീയുമായി നവ ലോകത്തിലേക്ക് നടന്നടുക്കുന്നത് പോലെ ഒരു നവ ആത്മീയതയുടെ അഗ്നിയും പേറി നമ്മളും മുന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു.

ഫാദർ. മാർട്ടിൻ ആന്റണി.