മദ്യത്തിന് അടിപ്പെട്ടവർക്ക് അതു ലഭിക്കാതെ വരുന്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനു ഡോക്ടറുടെ കുറിപ്പടിയിന്മേൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് വലിയ ആശങ്ക ഉണർത്തുന്നു
മദ്യശാലകളെല്ലാം അടച്ചിട്ടതുമൂലം വിഷമത്തിലായ മദ്യാസക്തർക്കു ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകണമെന്ന സർക്കാർ ഉത്തരവ് തികച്ചും ആശങ്കാജനകമാണ്. അധാർമികവും അശാസ്ത്രീയവുമായ ഈ നിർദേശത്തോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. അശാസ്ത്രീയമെന്നു മാത്രമല്ല വളരെ അപകടകരവുമായ നിർദേശമാണിതെന്ന് ഈ പ്രഫഷണൽ സംഘടനകൾ വ്യക്തമാക്കിയിരുന്നതാണ്. മദ്യാസക്തിക്കു മറുമരുന്നു മദ്യമല്ല. ഈ ഉത്തരവ് നടപ്പിലാക്കിയാൽ മദ്യത്തിൽ താത്പര്യമുള്ളവർ ആശുപത്രികളിലെത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ഡോക്ടർമാർ ആശങ്കപ്പെടുന്നു.
മദ്യവില്പന നിർത്തലാക്കിയതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ചിലർ ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും റിപ്പോർട്ടുള്ളതിനാൽ അതെക്കുറിച്ചു പരിശോധന നടത്തണമെന്നു മുഖ്യമന്ത്രി എക്സൈസ് വകുപ്പിനു നിർദേശം നൽകിയിരുന്നു. മദ്യാസക്തർക്കു ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാമെന്ന് എക്സൈസ് കമ്മീഷണർ സർക്കാരിനു റിപ്പോർട്ട് നൽകി. എപ്രകാരമാണു മദ്യം ലഭ്യമാക്കേണ്ടതെന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. മദ്യാസക്തകർ ഡോക്ടർ നൽകുന്ന കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ ഹാജരാക്കണം. ഇതു പരിശോധിച്ചു ബോധ്യപ്പെട്ടശേഷം ബിവറേജസ് കോർപറേഷന്റെ കടയിൽനിന്നു മദ്യം വാങ്ങാൻ സാധിക്കും.
ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ബിവറേജസ് കോർപറേഷൻ മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നതിന് ഇതൊരു മാർഗമാകും. സാമൂഹിക അകലം പാലിക്കുകയാണു കോവിഡ് പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗമെന്നു വ്യക്തമായിട്ടുള്ളതാണ്. കൃത്യമായ പ്രോട്ടോകോൾ അതിനായി തയാറാക്കിയിരുന്നു. ഇതു ലവലേശം പാലിക്കാതെയാണ് ഒട്ടുമിക്കയിടങ്ങളിലും ബിവറേജസ് ഔട്ട്ലെറ്റുകളിൽ വില്പന നടത്തിയിരുന്നത്. ചില കടകൾക്കു മുന്നിൽ ഒരു മീറ്റർ വീതം അകലത്തിൽ അടയാളപ്പെടുത്തിയിരുന്നുവെങ്കിലും ആരും നിർദിഷ്ട അകലം പാലിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ എന്തെങ്കിലു കാരണം പറഞ്ഞ് മദ്യശാല തുറന്നാൽ അതുതന്നെയാവും സ്ഥിതി.
സ്ഥിരമായി മദ്യം കഴിക്കുന്നവർക്ക് പൊടുന്നനേ അതു ലഭ്യമാകാതെ വന്നാൽ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് “കുറിപ്പടി മദ്യവില്പന’യ്ക്കു സർക്കാർ ആലോചന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിൽ സർക്കാരിനു താത്പര്യമുണ്ടായിരിക്കണമെന്നതിൽ സംശയമില്ല. മദ്യപരുടെ ക്ഷേമവും സർക്കാർ പരിഗണിക്കേണ്ടതുതന്നെ. പക്ഷേ, ആരോഗ്യവും പണവും ഇല്ലാതാക്കുകയും കുടുംബബന്ധങ്ങൾ തകർക്കുകയും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നൊരു ദുശ്ശീലത്തിന് അടിപ്പെട്ടവരെ അപകടത്തിലേക്കു നയിക്കുന്ന നയങ്ങളും തീരുമാനങ്ങളും ജനക്ഷേമതത്പരമായ ഒരു സർക്കാരിനു ഭൂഷണമല്ല. സ്ഥിരം മദ്യപർ മദ്യം കിട്ടാതെ വിഷമിക്കുന്നുവെന്നതിനാൽ അവർക്കു മദ്യം വച്ചുനീട്ടുന്പോൾ അവരുടെ ആരോഗ്യവും ആയുസും കൂടുതൽ അപകടത്തിലാകുകയാണെന്ന കാര്യം സർക്കാർ വിസ്മരിക്കരുത്. മദ്യം ലഭിക്കാത്തതുമൂലം ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാകുന്നവർക്കു മദ്യമല്ല, ശാസ്ത്രീയമായ ചികിത്സയാണു നൽകേണ്ടത്. മദ്യം നൽകുന്നതുപോലുള്ള മാർഗങ്ങൾ അവലംബിക്കുന്നതു പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂവെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപികുമാറും വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനുള്ള ആലോചന അത്യന്തം ദൗർഭാഗ്യകരമെന്നാണു കെജിഎംഒഎ പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും പറഞ്ഞത്. ഡോക്ടർമാരുടെ ഉത്തരവാദപ്പെട്ട സംഘടനകളുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ എങ്ങനെയാണ് അവഗണിക്കാനാവുക?
കോവിഡ് സമൂഹവ്യാപനം ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങൾ എല്ലാ മേഖലയിലും ഉണ്ടായപ്പോൾ ഒരു മേഖലയെ മാത്രം അതിൽനിന്ന് ആദ്യംതന്നെ ഒഴിച്ചുനിർത്തിയിരുന്നു. മദ്യവില്പനശാലകളായിരുന്നു അത്. ഭക്ഷണശാലകൾപോലും അടച്ചിടണമെന്നു കർശന നിർദേശമുള്ളപ്പോഴും മദ്യശാലകൾക്കതു ബാധകമായില്ല. എന്നാൽ പിന്നീടു ബിവറേജസ് കോർപറേഷന്റെ മദ്യവില്പന ശാലകളും അടച്ചിടേണ്ടിവന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം മദ്യപാനം ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന ധാരണ വലിയ തോതിൽ വർധിച്ചുവരുന്നുണ്ട്. പ്രതിശീർഷ മദ്യോപയോഗത്തിൽ നാം പഞ്ചാബിനെയും കടത്തിവെട്ടി ഒന്നാമതാണിപ്പോൾ. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് മദ്യക്കച്ചവടത്തിലൂടെയാണ്. പൊന്മുട്ടയിടുന്ന ഈ താറാവിനെ എല്ലാ സർക്കാരുകൾക്കും വേണം. പക്ഷേ, ഇത് എത്ര കുടുംബങ്ങളെ തീ തീറ്റിക്കുന്നുവെന്നും എത്ര കുഞ്ഞുങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നുവെന്നും എത്ര മനുഷ്യരെ മരണത്തിലേക്കു തള്ളിവിടുന്നുവെന്നും സർക്കാരുകൾ ചിന്തിക്കുന്നില്ല.
മദ്യാസക്തിയുള്ളവർക്ക് അതിൽനിന്നു മോചനം നേടാനാണു ചികിത്സ നൽകേണ്ടത്. മദ്യത്തെ മരുന്നായി അലോപ്പതി അംഗീകരിച്ചിട്ടില്ല. മദ്യപാനം മൂലമുണ്ടാകാവുന്ന മാരകമായ രോഗങ്ങളെപ്പറ്റി പരക്കേ അറിവുള്ളതാണ്. അതുകൊണ്ടുതന്നെ മദ്യാസക്തരെ ആ ആസക്തിയിൽനിന്നു രക്ഷിക്കാനാണു ഡോക്ടർമാർ ശ്രമിക്കേണ്ടത്. അതല്ലാതെ, മദ്യം ലഭിക്കാതെവരുന്പോഴുണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽനിന്നും ശാരീരിക പ്രശ്നങ്ങളിൽനിന്നും അവരെ രക്ഷിക്കാൻ മദ്യം നൽകുകയല്ല വേണ്ടത്. അതു ശാസ്ത്രീയമായ ചികിത്സാരീതിയല്ല. എല്ലാ ജില്ലകളിലും സർക്കാർ ആശുപത്രികളോടു ചേർന്നു ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ആ കേന്ദ്രങ്ങളിൽ മദ്യാസക്തർക്കു ചികിത്സയും കൗൺസലിംഗും നൽകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർക്കു വീഡിയോ കോൺഫറൻസിംഗിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
മദ്യപാനത്തിന്റെ നാനാവിധമായ ദുഷ്ഫലങ്ങൾ സമൂഹം ഏറ്റുവാങ്ങിക്കൊണ്ടിരിക്കേ, മദ്യം മരുന്നാണെന്ന തോന്നൽ ചിലരിലെങ്കിലും ജനിപ്പിക്കുന്ന ഈ ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം.
കടപ്പാട്- ദീപിക