പള്ളിയും പള്ളിക്കൂടവും നിർത്തിയെങ്കിലും ബീവറേജസ് മാത്രം അടച്ചില്ല എന്നതാണ് പലരുടെയും പരിഭവം.
കാര്യം പറയാം 3.33 കോടി ജനങ്ങളുള്ള കേരളത്തിൽ 37 ശതമാനം ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. (NFHS-4,2015-16) ഇതിൽ 4.8 ശതമാനം പേർ മദ്യപാനം ഒരു മാനസിക രോഗം എന്ന നിലയിൽ ഉള്ളവരാണ്. പതിവായി മദ്യം കഴിക്കുന്ന ഈ മദ്യപാന രോഗികൾക്ക് സ്ഥിരം അളവിൽ മദ്യം ലഭിക്കുന്നില്ലെങ്കിൽ മൂന്ന് സാധ്യതകളെ അവരുടെ മുൻപിൽ ഉള്ളൂ.
ഒന്ന് ലഹരിവിമോചന പ്രക്രിയയുടെ ആദ്യപടി എന്നോണം മസ്തിഷ്കത്തിൽ മദ്യത്തിന് സമാനമായ രാസപ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന മരുന്നുകൾ
കഴിക്കുക (Benzodiazepines). ഒരു മനോരോഗ വിദഗ്ധെ്റന മേൽനോട്ടത്തിൽ നടത്തേണ്ട ചികിത്സയാണിത്.
രണ്ടാമതായി മദ്യം ലഭിക്കാത്തതുമൂലം മരണ വരെ സംഭവിക്കാനിടയുള്ള തീവ്രമായ പിൻവാങ്ങൽ അവസ്ഥയിലേക്ക് സ്വയം വിട്ടു കൊടുക്കുക. (ജെന്നി, മാനസികവിഭ്രാന്തി, ആക്രമണോത്സുകത, Delirium തുടങ്ങിയവ.) ഇവിടെ മരണ നിരക്ക് 10 മുതൽ 20 % വരെ ആയേക്കാം.
മൂന്ന് മറ്റു ലഹരിപദാർത്ഥങ്ങിൽ ആശ്രയം തേടുക -സ്പിരിറ്റ് കഞ്ചാവ്, വാറ്റ് മുതലായവ. ഇത്തരം പുതുവഴികൾ തേടുന്നത് പല ദുരന്തങ്ങൾക്കും വഴിവെക്കും.
കൊറോണ സൃഷ്ടിച്ചിരിക്കുന്ന ഈ ആരോഗ്യ അടിയന്തരാവസ്ഥയിൽ .
ഏകദേശം 16 ലക്ഷത്തോളം വരുന്ന ഈ മദ്യപാന രോഗികളെ മേൽപ്പറഞ്ഞ മൂന്നു തരത്തിൽ ആണെങ്കിൽ പോലും കൈകാര്യം ചെയ്യണമെങ്കിൽ- ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും മാനവവിഭവശേഷി കൊണ്ടും പ്രായോഗികമായി സാധ്യമല്ല.
മദ്യപാന രോഗികളുടെ വിഷമകരമായ ഈ അവസ്ഥ പരിഗണിച്ചില്ലെങ്കിൽ കൊറോണ യുടെ ഇടയിൽ അവരെക്കൂടി കൈകാര്യം ചെയ്യേണ്ടി വരുന്ന ആരോഗ്യമേഖലയുടെ അമിതഭാരം വയ്ക്കാവുന്ന അതേയുള്ളൂ.
മേൽപ്പറഞ്ഞ കാരണങ്ങളാൽ സാമൂഹിക അകലം പാലിച്ച് മുൻകരുതതലുകളോടെ മദ്യപിക്കാൻ തൽക്കാലം അവരെ വെറുതെ വിടുന്നതായിരിക്കും ബുദ്ധി.
മദ്യപാനത്തെ പലരും ഇന്ന് ഒരു മാനസിക ആരോഗ്യ പ്രശ്നമായി പരിഗണിക്കാത്തത് കൊണ്ടാണ്, മൊയ്തീനെ ആ ചെറിയ സ്പാനർ ഇങ്ങു എടുക്ക് ഞാൻ ഇപ്പൊ ശരിയാക്കിത്തരാം എന്ന രീതിയിൽ നമ്മളിൽ പലരും ഇപ്പോൾ കച്ചകെട്ടി ഇറങ്ങുന്നത്. വെറും പത്തു ശതമാനത്തിൽ താഴെ മാത്രം സുഖപ്പെടാൻ സാധ്യതയുള്ള ഒരു മാനസികരോഗമാണ് മദ്യപാന രോഗം.
മദ്യപാനം സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉള്ള ഒരു വിപത്താണ് എന്നതിൽ സംശയo വേണ്ട. അതുകൊണ്ടുതന്നെ വീണു പോയവരെ രക്ഷിച്ചെടുക്കാൻ അനുഭാവപൂർവ്വം നമുക്ക് പരിശ്രമിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ സംജാതമായിരിക്കുന്ന സാമൂഹിക സന്നിഗ്ദ്ധാവസ്ഥയിൽ, കള്ളുകുടിയന്റെ കുടി മുട്ടിച്ചു കൊണ്ട് മദ്യനിരോധനത്തിന് പരിശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
അല്ലെങ്കിൽ അതിന് നമ്മൾക്ക് വലിയ വില കൊടുക്കേണ്ടി വരും.
ഡോ.ഫാ.ഡേവ് അക്കരകപ്പൂചിൻ
ജൂണിയർ റസിഡന്റ്
സൈക്യാട്രി വിഭാഗം
GMCH തിരുവന്തപുരം