ന്യൂദല്‍ഹി:കേന്ദ്ര സര്‍വീസിലെ 4.75 ലക്ഷത്തിലധികം ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്ര പഴ്‌സണല്‍, പരാതി പരിഹാര സഹമന്ത്രി ഡോ. ജിതേന്ദ്രസിംഗ് അറിയിച്ചു. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) 4399 തസ്തികകളിലേക്കും, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) 13,995 തസ്തികകളിലേക്കും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍.ആര്‍.ബികള്‍) 1,16391 തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മൂന്നും കൂടി ആകെ 1,34,785 തസ്തികകള്‍ വരും.ഇതിന് പുറമെ എസ്.എസ്.സി, ആര്‍.ആര്‍.ബികള്‍, തപാല്‍ വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവ അധികമായി 3,41,907 തസ്തികകള്‍ നികത്തുന്നതിനുള്ള നപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഒഴിവുകള്‍ മുന്‍കൂറായി ബന്ധപ്പെട്ട നിയമന ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തങ്ങളുടെ മന്ത്രാലയത്തിലെ/വകുപ്പിലെ/ഉപ ഓഫീസുകളിലെ ഒഴിവുകള്‍ നികത്താന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാന്‍ ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്ര ഗവണ്‍മെന്റ് എല്ലാവകുപ്പുകളോടും നിര്‍ദ്ദേശിച്ചിരുന്നു.