സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് നിലനിര്‍ത്തുന്നതില്‍ എയ്ഡഡ് മേഖല നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. സാര്‍വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സംവിധാനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് എയ്ഡഡ് മേഖല പ്രസക്തമായത്. ഇതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷസമൂഹങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എന്നാല്‍ എയ്ഡഡ് മേഖലക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തി നമ്മുടെ പൊതുസമൂഹത്തെ അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ തിരിക്കുകയെന്നത് നിര്‍ഭാഗ്യകരമാണ്.
പുതിയ വിവാദം
2020 ഫെബ്രുവരി 7-ാം തിയതി സംസ്ഥാന ബജറ്റ് പ്രസംഗത്തിലൂടെ ധനകാര്യമന്ത്രി തോമസ് ഐസക്ക് വിദ്യാഭ്യാസരംഗത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന അധ്യാപക നിയമനങ്ങള്‍ അനധികൃതമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങള്‍ക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഈ മേഖലയില്‍ അധ്യാപകനിയമനങ്ങള്‍ നടക്കുന്നത്. സര്‍ക്കാരിന്റെ ‘സമ്പൂര്‍ണ’ സോഫ്റ്റ് വെയറിലൂടെ ആധാര്‍നമ്പര്‍ പ്രകാരം കുട്ടികളുടെ പേരുകള്‍ ചേര്‍ക്കുകയും അവ വിലയിരുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക നിര്‍ണയം നടത്തുകയുമാണ് ചെയ്തത്. സൂപ്പര്‍ ചെക്ക്‌സെല്‍, ധനകാര്യവകുപ്പ് പരിശോധന വിഭാഗം എന്നിവയ്ക്ക് അധിക തസ്തികകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ തസ്തികകള്‍ അംഗീകരിക്കുന്നതും അധികതസ്തികകള്‍ സൃഷ്ടിക്കുന്നതും നിലവില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ്. പ്രധാനാധ്യാപകനോ മാനേജര്‍ക്കോ തസ്തിക നിര്‍ണയത്തിന് അധികാരമില്ല. പക്ഷേ ഇക്കാര്യത്തില്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവന അബദ്ധജടിലമാണ്. സര്‍ക്കാരിന്റെ ‘സമന്വയ’ സോഫ്റ്റ് വെയറിലൂടെ അധ്യാപകനിയമനം നടത്തുകയും ‘സ്പാര്‍ക്ക്’ സോഫ്റ്റ്‌വെയറിലൂടെ വേതനവിതരണം നടത്തുകയും ചെയ്യുന്ന ഏറ്റവും ആധുനിക മാര്‍ഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലുള്ളപ്പോള്‍ എങ്ങനെയാണ് അനധികൃത നിയമനങ്ങള്‍ നടക്കുന്നത്? ഈ മാര്‍ഗങ്ങളിലും കൃത്രിമം നടത്തുന്നവരുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നതില്‍ രണ്ടുപക്ഷമില്ല.
കണക്കിലെ തെറ്റുകള്‍
സംസ്ഥാനത്ത് നിലവിലുള്ള സംരക്ഷിതാധ്യാപകരുടെ എണ്ണം 3,438 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും നമുക്ക് കാണാം. ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് 13,255 സംരക്ഷിത അധ്യാപകര്‍ ഉണ്ട് എന്നാണ്. ഇത് വസ്തുതാവിരുദ്ധമാണ്. നിലവിലുള്ള 3,438 അധ്യാപകരില്‍ ബഹുഭൂരിപക്ഷവും ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങളിലും (ഡയറ്റ്) ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും (ബി.ആര്‍.സി) നിയമിക്കപ്പെട്ടിട്ടുണ്ട്. 3,919 എല്‍പി സ്‌കൂളുകള്‍ ഉള്‍പ്പെടെ (ബഹു ഭൂരിപക്ഷവും സര്‍ക്കാര്‍ഭാഷയില്‍ പറഞ്ഞാല്‍ അണ്‍ ഇക്കണോമിക്) 7,236 സ്‌കൂളുകളില്‍ ഒരു വര്‍ഷം 18,119 അധികതസ്തികകള്‍ സൃഷ്ടിച്ചുവെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഒരു കുട്ടി കൂടിയാല്‍ ഒരു അധ്യാപകന്‍ നിയമിക്കപ്പെടുന്നു എന്ന വ്യാഖ്യാനം പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ദുരുദ്ദേശ്യപരവുമാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുകയും ദശലക്ഷകണക്കിന് രൂപയുടെ കേന്ദ്രഫണ്ട് സ്വീകരിക്കുകയും ചെയ്താണ് 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം മുന്‍ സര്‍ക്കാര്‍ 1:30 ആയി പരിഷ്‌ക്കരിച്ചത്. എന്നാല്‍ ഈ അനുപാതം ക്ലാസ് അടിസ്ഥാനത്തിലല്ല, സ്‌കൂള്‍ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടത് എന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി പ്രതികൂലമായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2017 ഏപ്രില്‍ 19-ന് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ നിരാകരിച്ചുകൊണ്ട് ജസ്റ്റിസ് എ.കെ. സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും വിധി പ്രഖ്യാപിച്ചു. ഈ വിധി നിലനില്‍ക്കെയാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം വീണ്ടും മാറ്റിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാഥമിക വിദ്യാലയങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കാനാണ് കേന്ദ്രനിയമത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പരിഷ്‌ക്കരിച്ചത്. വികസിത രാജ്യങ്ങളിലെല്ലാം പ്രാഥമിക വിദ്യാഭ്യാസരംഗത്തിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാഭ്യാസരംഗത്ത് ഗുണമേന്മയും അന്താരാഷ്ട്ര നിലവാരവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ അതിന് വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്.
അറിയണം ഈ കണക്കുകളും
31 കുട്ടികള്‍ക്ക് 2 അധ്യാപകര്‍ എന്നു പറഞ്ഞ ധനകാര്യമന്ത്രി ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. 31 മുതല്‍ 60 വരെ കുട്ടികള്‍ക്ക് 2 അധ്യാപകരാണ്. മൂന്നാം തസ്തികക്ക് ആവശ്യമായ 61 ല്‍ ഒരു കുട്ടി കുറവായാല്‍ 1 തസ്തിക നഷ്ടപ്പെടും എന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്. അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ഒരു കായിക അധ്യാപകനെ നിയമിക്കാന്‍ 500 വിദ്യാര്‍ത്ഥികള്‍ വേണം. ഒരു കുട്ടി കുറവായാല്‍ അധ്യാപകന് ജോലി നഷ്ടപ്പെടും. 499 കുട്ടികള്‍ക്ക് കായിക പഠനം നിഷേധിക്കപ്പെടുകയും ചെയ്യും. 2014-ല്‍ അനുവദിച്ച പ്ലസ്ടു വിദ്യാലയങ്ങളില്‍ ഒരു ബാച്ചില്‍ ചുരുങ്ങിയത് 50 കുട്ടികള്‍ വേണമെന്നാണ് നിയമം. ഒരു കുട്ടി കുറഞ്ഞു എന്ന കാരണത്താല്‍ ഇത്തരം വിദ്യാലയങ്ങളില്‍ കഴിഞ്ഞ 5 അധ്യയനവര്‍ഷങ്ങളായി ശമ്പളം ഇല്ലാതെ ജോലിചെയ്യുന്ന നൂറുകണക്കിന് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ ഈ സംസ്ഥാനത്തുണ്ട്. 2016-ലെ കെഇആര്‍ ഭേദഗതിയെ തുടര്‍ന്ന് 4 അധ്യയനവര്‍ഷങ്ങളായി മൂവായിരത്തിലേറെ അധ്യാപകര്‍ ഒരു രൂപപോലും പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യുന്നതും ഈ സാക്ഷര കേരളത്തിലാണെ ന്ന് ധനകാര്യമന്ത്രിയും
പൊതുസമൂഹവും അറിഞ്ഞിരിക്കണം.
എയ്ഡഡ് സ്‌കൂളുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചലഞ്ച് ഫണ്ടിലൂടെ 20 കോടി വിതരണം ചെയ്തു എന്നാണ് ധനകാര്യമന്ത്രി പ്രഖ്യാപിച്ചത്. ചലഞ്ച് ഫണ്ടിലൂടെ നിര്‍മ്മിച്ച ആദ്യ വിദ്യാലയം ഉദ്ഘാടനം ചെയ്തത് 2019 ജൂണ്‍ 15-നാണ്. ഈ വിദ്യാലയത്തിനുപോലും ഇതുവരെ ചലഞ്ച് ഫണ്ട് നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെയും അധ്യാപകരെയും കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിച്ച് കയ്യടി നേടാനും സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറച്ചുപിടിക്കാനുമാണ് ധനകാര്യമന്ത്രി ശ്രമിച്ചത്.
വിദ്യാഭ്യാസരംഗത്തെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മാനേജ്‌മെന്റുകളും അധ്യാപകരും നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുപോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി ഏകീകരണം നടപ്പിലാക്കിയും പ്രതിസന്ധികള്‍ പരിഹരിക്കാതെ നിലനിര്‍ത്തിയും വലിയ സാമ്പത്തികലാഭം സര്‍ക്കാരിനുണ്ടാക്കാനുള്ള ഈ അടവുനയം വിദ്യാഭ്യാസരംഗത്തെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്നെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. ഭരണഘടനയെക്കുറിച്ചുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുമ്പോഴും, മത-ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് നിരന്തരം നീതിപീഠങ്ങളെ സമീപിക്കേണ്ടിവരുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണമല്ലെന്ന് അധികാരികള്‍ തിരിച്ചറിയണം.
ജോഷി വടക്കന്‍
(ലേഖകന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറിയാണ് ).