വത്തിക്കാൻ സിറ്റി: പാരിസ്ഥിതിക വിഷയങ്ങളിലേക്കു ശ്രദ്ധക്ഷണിച്ച ലൗദാത്തോ സി (അങ്ങേക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലൗദാത്തോ സി വാരാചരണത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. മേയ് 16 മുതൽ 24 വരെയാണു വാരാചരണം.
നമ്മുടെ പൊതുഭവനമായ ഭൂമിയെപ്പറ്റിയും അതിലെ ജീവജാലങ്ങളെപ്പറ്റിയുമുള്ള ആശങ്കകൾ പങ്കുവയ്ക്കുന്ന ലൗദാത്തോ സി 2015 ജൂൺ 18-നാണു പ്രസിദ്ധീകരിച്ചത്. എങ്കിലും അതിന്റെ രചന മേയ് 24 നു പൂർത്തിയായതായിരുന്നു. അതുകൊണ്ടാണു വാർഷികാചരണം മേയിലാക്കിയത്.പാരീസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ടത് ഈ വർഷമാണ്. ഇക്കൊല്ലം തന്നെ ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടിയും നടക്കും. ഇങ്ങനെ പാരിസ്ഥിതിക പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കുന്നതുകൊണ്ടാണ് ലൗദാത്തോ സിയുടെ അഞ്ചാം വർഷം ആചരിക്കാൻ മാർപാപ്പ തീരുമാനിച്ചത്.