വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വചനവിചിന്തന പഠനപരമ്പര ഇപ്പോള്‍ മലയിലെ പ്രസംഗത്തില്‍ യേശു നല്‍കിയ സുവിശേഷഭാഗ്യങ്ങളെ കേന്ദ്രീകരിച്ചാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്. ഇവയോരോന്നിനെയും പറ്റി ധ്യാനിക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. മാത്രമല്ല, സവിശേഷമായ അര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ തിരിച്ചറിയല്‍ കാര്‍ഡായി മലയിലെ പ്രസംഗത്തെ വിശേഷിപ്പിക്കാനാവും.
മനുഷ്യരിലേക്ക് എത്തിച്ചേരുവാനായി മനുഷിക ചിന്തയ്ക്കതീതമായ രീതികളാണ് ദൈവം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ മാനുഷിക ചിന്തകള്‍ക്ക് വിരുദ്ധമായ ദര്‍ശനമാണ് സുവിശേഷഭാഗ്യങ്ങളിലൂടെ അനുഗ്രഹത്തിന് നിദാനമായി യേശു അവതരിപ്പിച്ചത്. സുവിശേഷഭാഗ്യങ്ങളിലൂടെ എളിമയുടെയും കാരുണ്യത്തിന്റെയും ജീവിതം നയിക്കുവാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ഇതിലൂടെ ക്രിസ്തുവിന്റെ മുഖം തന്നെയാണ് വെളിപ്പെടുന്നത്. അതിനാല്‍ ഈ വാക്കുകളാല്‍ സ്പര്‍ശിക്കപ്പെടാതിരിക്കാന്‍ സാധ്യമല്ല. എല്ലാവരും സുവിശേഷഭാഗ്യങ്ങള്‍ ഓരോന്നും കാണാപാഠം പഠിച്ച് ദിവസവും ആവര്‍ത്തിച്ച് ഉരുവിടുന്നത് നല്ലതാണ്.
ഈ സന്ദേശം പ്രഘോഷിക്കപ്പെട്ട രീതിയും ശ്രദ്ധേയമാണ്. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലമുകളിലേക്ക് കയറി. അവിടെ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. തനിക്കു ചുറ്റുമുള്ള ശിഷ്യരോടാണ് യേശു ഇതെല്ലാം പറഞ്ഞത്. മലമുകള്‍ എന്ന് പറയുമ്പോള്‍ സീനായ് മല ഓര്‍മയിലേക്ക് വരുന്നു. സീനായ് മലമുകളില്‍വച്ച് മോശക്ക് പത്ത് കല്‍പനകള്‍ നല്‍കപ്പെട്ടു. ഒരു കൊടുങ്കാറ്റിന്റെ പശ്ചാത്തലമാണ് അവിടെ ഉണ്ടായിരുന്നതെങ്കില്‍ പുതിയ നിയമത്തിലെ സുവിശേഷഭാഗ്യങ്ങളുടെ പശ്ചാത്തലം സുവിശേഷത്തിന്റെ മാധുര്യശക്തിയാലാണ് നല്‍കപ്പെട്ടത്. സുവിശേഷഭാഗ്യങ്ങളിലൂടെ സ്‌നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും പുതിയ നിയമമാണ് യേശു പഠിപ്പിച്ചത്.

മാനവരാശിക്കുള്ള സന്ദേശം

മലയിലെ പ്രസംഗത്തില്‍ ശിഷ്യന്മാരോടാണ് യേശു സംസാരിച്ചതെങ്കിലും അത് എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. വിശ്വാസികളെ മാത്രമല്ല അവിശ്വാസികളുടെ ജീവിതത്തെയും സ്പര്‍ശിക്കുന്നതും പ്രകാശമാനമാക്കുന്നതുമായ പ്രബോധനങ്ങളാണ് അവ. ദരിദ്രരാകാനും കരുണയുള്ളവരാകാനും ശാന്തശീലരാകാനും അവിടുന്ന് എല്ലാവരെയും ക്ഷണിക്കുന്നു.
സുവിശേഷഭാഗ്യങ്ങളില്‍ എല്ലാംതന്നെ ഭാവിയില്‍ കൈവരാന്‍ പോകുന്ന ദൈവകൃപയുടെ അടയാളങ്ങളാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. നിങ്ങള്‍ തൃപ്തരാകും, നിങ്ങള്‍ക്ക് കരുണ ലഭിക്കും, നിങ്ങള്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും എന്നൊക്കെയാണ്. അപ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ മാത്രമല്ല, അനുഗ്രഹീതര്‍ എന്ന പദം മനസിലാക്കേണ്ടത്. വരാനിരിക്കുന്ന കാലഘട്ടത്തിലേക്കുള്ള അനുഗ്രഹവും കൂടിയാണത്.
എന്താണ് അനുഗ്രഹം എന്ന പദത്തിന്റെ അര്‍ത്ഥം? ആരാണ് അനുഗ്രഹീതര്‍? ഗ്രീക്ക് ഭാഷയില്‍ അതിന്റെ മൂലപദമായി ഉപയോഗിക്കുന്ന മക്കാരിയോസ് എന്ന വാക്കിന്റെ അര്‍ത്ഥം എപ്പോഴും ദൈവികസാന്നിധ്യത്തിലും കൃപയിലും ആയിരിക്കുന്നതും ദൈവകൃപയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ അവസ്ഥ എന്നതാണ്. അവര്‍ ആശ്വസിക്കപ്പെടും, അവര്‍ ഭൂമി അവകാശമാക്കും എന്നിങ്ങനെ ദൈവത്തില്‍നിന്ന് സ്വീകരിക്കാന്‍ പോവുന്ന സമ്മാനത്തെക്കുറിച്ചുള്ള വാഗ്ദാനം മാത്രമല്ലത്. പ്രത്യുത അനുഹ്രഹമെന്നത് എപ്പോഴും ദൈവകൃപയിലായിരിക്കുന്നതും അതില്‍ വളരുന്നതുമായ അവസ്ഥയെകുറിച്ചുള്ള പ്രതിപാദനമാണ്.
ഓരോ സുവിശേഷഭാഗ്യത്തിനും മൂന്ന് തലങ്ങളുണ്ട്. ആദ്യത്തേത് ആത്മാവില്‍ ദരിദ്രര്‍, വിലപിക്കുന്നവര്‍, നീതിക്കായി ദാഹിക്കുന്നവര്‍ എന്നിങ്ങനെ അനുഗ്രഹത്തിന്റെ സാഹചര്യം വിശദമാക്കലാണ്. അഥവാ എന്തുകൊണ്ടാണ് അവര്‍ക്ക് അനുഗ്രഹം ലഭ്യമാവുന്നതെന്ന് വിശദമാക്കുന്നു. പിന്നീട് അവര്‍ അനുഗ്രഹീതരാണ് എന്ന് പ്രഖ്യാപിക്കുന്നു. എട്ട് പ്രാവശ്യം അനുഗ്രഹം എന്ന വാക്ക് പറഞ്ഞ് ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് ദൈവരാജ്യം അവരുടേതാണ് എന്നതുപോലുള്ള അവര്‍ക്ക് കിട്ടാന്‍ പോവുന്ന അനുഗ്രഹത്തിന്റെ വാഗ്ദാനമാണ്. ഇവയിലൂടെ ഒന്നും അടിച്ചേല്‍പിക്കുകയല്ല മറിച്ച് ശാന്തരാകാന്‍, ദരിദ്രരാകാന്‍, കരുണയുള്ളവരാകാന്‍ സാധ്യമാക്കുന്ന പുതിയ നിയമത്തിലൂടെ സന്തോഷത്തിലേക്കുള്ള വഴികള്‍ പറഞ്ഞുതരികയാണ് ചെയ്യുന്നത്.

ആത്മാവില്‍ ദരിദ്രര്‍

ലൗകികചിന്തകളില്‍നിന്ന് തികച്ചും വൈരുധ്യമായ രീതിയിലാണ് യേശു സന്തോഷത്തിലേക്കുള്ള മാര്‍ഗങ്ങള്‍ പഠിപ്പിച്ചത്. അതില്‍ ആദ്യത്തേത് ആത്മാവിന്റെ ദാരിദ്ര്യം എന്ന അവസ്ഥയാണ്. എന്താണ് ദാരിദ്ര്യം? അത് കേവലം സാമ്പത്തിക ദാരിദ്ര്യമല്ല. ദാരിദ്ര്യത്തെ ആത്മീയമായി നമ്മള്‍ മനസിലാക്കേണ്ടതാണ്. എല്ലാ ഭൗമികസമ്പത്തും സാമ്രാജ്യങ്ങളും പ്രതാപവും മനുഷ്യന്റെ ശക്തിയും പ്രാഭവവും കടന്നുപോവും. എന്നാല്‍ സാഹോദര്യത്തിന്റെയും ഉപവിയുടെയും സ്‌നേഹത്തിന്റെയും എളിമയുടെയും ശക്തി എന്നും നിലനില്‍ക്കും. യേശു ചെയ്തതും പഠിപ്പിച്ചതും അതാണ്. എളിമ, സ്‌നേഹം, സാഹോദര്യം ഇവയുടെ ശക്തിയുള്ളവന്‍ യഥാര്‍ത്ഥത്തില്‍ ധനവാനാണ്, സ്വതന്ത്രനുമാണ്.
ആത്മാവിന്റെ ദാരിദ്ര്യം എന്ന അവസ്ഥ യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്. എല്ലാവരും ആത്മാവില്‍ ദരിദ്രരാണ്. ഹൃദയത്തിന്റെ ഈ സ്വാതന്ത്ര്യമാണ് അന്വേഷിക്കേണ്ടത്. പ്രശസ്തിക്കും അംഗീകാരത്തിനുംവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ദാരിദ്ര്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മത്സരബുദ്ധിയും സ്വന്തം താല്‍പര്യങ്ങളുടെ തടവറയും കൈമുതലായിട്ടുള്ളവര്‍ ഏകാന്തതയും അസന്തുഷ്ടിയും സൃഷ്ടിക്കുന്നു. തങ്ങള്‍ സ്വയം പര്യാപ്തരാണെന്നു തെളിയിക്കുന്നവര്‍, സ്വന്തം തെറ്റുകളും കുറവുകളും അംഗീകരിക്കാത്തവര്‍, മറ്റുള്ളവരോട് ക്ഷമ ചോദിക്കാനാവാത്തവര്‍ സ്വയംനിര്‍മിതമായ ഈഗോയുടെ ഉടമകളാണ്. ഈ ദാരിദ്ര്യാവസ്ഥകള്‍ എളിമയോടെ ദൈവകൃപ തേടുവാനുള്ള അവസരമാണ്. അത് തേടുന്നവര്‍ അനുഗ്രഹീതരാണ്. അവര്‍ക്ക് ദൈവരാജ്യം ലഭിക്കും.

പ്രഫ. കൊച്ചുറാണി ജോസഫ്