കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ കു‌ഞ്ചാക്കോബോബനെതിരെ അറസ്റ്റ് വാറന്റ്. കേസില്‍ സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്.
കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതാണ്. എന്നാല് പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച സാക്ഷി വിസ്താരത്തിന് ഹാജരാകാനാണ് കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടത്.കുഞ്ചാക്കോ ബോബന്‍ ഷൂട്ടിങ്ങിനായി വിദേശത്താണുള്ളത്. മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്.കുഞ്ചാക്കോ ബോബന് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് നല്‍കിയിരിക്കുന്നത്. സാക്ഷി വിസ്താരത്തിന് മാര്‍ച്ച്‌ നാലിന് കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.