*സിസ്റ്റര്‍ അഭയ കൊലക്കേസിലെ വിചാരണ നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം.* നാര്‍കോ പരിശോധന നടത്തിയത് ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ അനുവദിക്കണം എന്ന സിബിഐയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത് .
*എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന് വ്യാഴാഴ്ച തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ തിരി തെളിയും.* ആർട്ടിക്കിൾ 14 എന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ മല്‍സരിക്കാനെത്തും. മഹാരാജാസ് കൊളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനുള്ള ആദരസൂചകമായി പ്രധാന വേദിക്ക് അഭിമന്യു നഗര്‍ എന്നാണ് പേര്നല്‍കിയത്.
*ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ചടങ്ങില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇരുപത്തിയൊന്ന് മണിക്കൂറായി കരുതല്‍ തടങ്കലില്‍.* ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഇന്നലെ ഉച്ചയോടെ ഭരണവിഭാഗം കാര്യാലയത്തനു മുന്നില്‍ വച്ചാണ് പോണ്ടിച്ചേരി പൊലിസും സി.ആര്‍.പി.എഫും കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ വൈകീട്ട് കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെയാണ് മുഴുവന്‍ പേരെയും ക്യാംപസിനകത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ പൂട്ടിയിട്ടത്.
*പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എസ്.ഐ കസ്റ്റഡിയില്‍.* പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ഇദ്ദേഹം ഇപ്പോള്‍ അടൂര്‍ എആര്‍ ക്യാംപിലാണ്. പേരൂര്‍ക്കട ക്യാംപില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സമയത്ത് ഇവിടത്തെ ആയുധങ്ങളുടെ സൂക്ഷിപ്പുചുമതല ഈ ഉദ്യോഗസ്ഥനായിരുന്നു.
*എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ സിസിടിവി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിലെ പ്രധാനാധ്യാപകർ.* നേരത്തേ ട്രഷറി ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറുകൾ ഇത്തവണ സ്കൂളുകൾ തന്നെ സൂക്ഷിക്കണമെന്ന് സർക്കുലർ വന്നതാണ്. സുരക്ഷ തലയിലായതോടെ സംവിധാനങ്ങളൊരുക്കാനുള്ള തിരക്കിലാണ് സ്കൂളുകള്‍.
*കൊച്ചി അരൂജ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകണമെന്ന് ഹൈക്കോടതി.* ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്നതെന്താണെന്ന് അറിയണമെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
*വിവാഹസംഘം സഞ്ചരിച്ച ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു .* മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. രാജസ്ഥാനിലാണ് അതിദാരുണ ദുരന്തം ഉണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
*പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍.* റാഞ്ചിയിലാണ് സംഭവം. മൗലാന ഷാഹിദ് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. മദ്രസ അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു.
*കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യന്‍ കറികള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ‘ആന്‍റിവൈറല്‍’ ഗുണങ്ങളുണ്ടോയെന്ന സംശയവുമായി ചൈനീസ് പത്രം.* ഇന്ത്യയിലെ ഭക്ഷണവും കാലവസ്ഥയുമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത് എന്നാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്
*സംസ്ഥാനത്തെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്.* തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആണ് റെയ്ഡ്.
*ജമ്മു കാശ്മീരിൽ പതിനൊന്ന് കുട്ടികൾ മരിച്ചതിന് കാരണം കഫ് സിറപ്പ് കുടിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്* . ജമ്മുവിലെ രാം നഗറിൽ ആണ് കുട്ടികൾ മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*ഡല്‍ഹിയില്‍ കലാപം ആളിക്കത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.* രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടും മഷിയിട്ടു നോക്കിയിട്ടും രാഹുലിനെ കാണുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ ഗാന്ധി എവിടെയെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ തിരക്കുന്നത്. ഇന്നലെ നടന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല
*ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.* സിറിയയിൽ സ്‌കൂളിലും ആശുപത്രിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്. വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഇന്നലെ ഉണ്ടായ വ്യോമാക്രമണത്തിൽ 21 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
*ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി.* അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആരും നിയമത്തിന് അതീതരല്ല. നിയമവാഴ്ചയാണ് പരമാധികാരി. കോടതി തീരുമാനം ഉടന്‍ ഡല്‍ഹി പൊലീസ് കമ്മിഷണറെ അറിയിക്കാന്‍ നിര്‍ദേശം.
*കണ്ണൂർ നഗരമധ്യത്തിൽ ക്വട്ടേഷന്‍ സംഘത്തിന്റെ വിളയാട്ടം.* പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ബഹളമുണ്ടാക്കിയ സംഘത്തെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിന് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. കുപ്രസിദ്ധ ഗുണ്ടാനേതാവായ ഷമീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പിടിയിലായത്. തക്ബീർ വിളിച്ചായിരുന്നു സംഘം നിലകൊണ്ടത്.
*ഇന്ത്യയിൽ ഫെബ്രുവരിയിൽ ഇതുവരെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്.* ഞായറാഴ്ച 38.5 ഡിഗ്രിയാണ് റബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ പൊലീസ് റദ്ദാക്കുന്നു.* പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ ടെന്ററാണ് റദ്ദാക്കിയത്. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ടെന്റർ റദ്ദാക്കാൻ ടോമിൻ ജെ തച്ചങ്കരി അധ്യക്ഷനായ 11 അംഗ സാങ്കേതിക സമിതിയുടെതാണ് ശുപാർശ.
*രാജ്യതലസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ മരിച്ചവരിൽ ഐ.ബി ഉദ്യോഗസ്ഥനും.* രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ അംഗീത് ശർമ്മയാണ് സംഘർഷനത്തിനിടെ കൊല്ലപ്പെട്ടത്. മരണം 20 ആയി. അതിനിടെ സൈന്യത്തെ വിളിക്കണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ഡൽഹി കലാപത്തെക്കുറിച്ച് ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
*കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവർമ്മ രചിച്ച ശ്യാമമാധവം എന്ന കൃതിയ്ക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് പൂന്താനം അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്.* സന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡലും ഹിന്ദുഐക്യവേദിയുമാണ് പ്രതിഷേധം ഉയർത്തുന്നത്.2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2013 ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ രചനയാണ് ശ്യാമമാധവം.
*ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര ഗവണ്‍മെന്‍റ് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.* ഡല്‍ഹിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നതെന്നും പ്രസ്താവനയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
*വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ 1.70 കോടി രൂപ മുന്‍കൂര്‍ അനുവദിച്ച് സര്‍ക്കാര്‍.* പവന്‍ ഹംസ് ലിമിറ്റഡില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് 1.44 കോടി രൂപ മുന്‍കൂറായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
*കണ്ണടച്ച് ഇരുട്ടാക്കിയുളള പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനമെന്ന് വി മുരളീധരന്‍.* അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് എന്ന തലക്കെട്ടോടെയാണ് മുരളീധരന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
*ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യയാണെന്നും സിഐഎയെ എതിര്‍ത്തവരെ അല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍.* ഡല്‍ഹിലെ അക്രമണങ്ങളില്‍ പ്രതികരിച്ചാണ് ഹരീഷ് വാസുദവേന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
*റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ് ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം.* സഹോദരനൊപ്പം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ അഞ്ചുവയസുകാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത്. പേരാവൂര്‍ ശാന്തിനകേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍ ആണ് മരിച്ചത്.
*ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം.* ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
*കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.* അലനെയും താഹയേയും എൻഐഎയ്ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാരിനാണ്. ഇരുവരെയും എന്‍ഐഎയില്‍ നിന്ന് തിരിച്ച് കിട്ടാന്‍ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണെന്നും പോസ്റ്ററില്‍ പറയുന്നു. സിഎഎ വിരുദ്ധ സമരങ്ങളിൽ പിഎഫ്ഐ, എസ്‍ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്.
*ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ.* അട്ടപ്പാടി കള്ളമല സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
*ഡല്‍ഹി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍.* മതപരമായ അസഹിഷ്ണുത ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും മതസ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുന്ന നിയമങ്ങളെ ജനാധിപത്യ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
*വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാന ടൂറിസം മേഖല കുതിപ്പ് തുടരുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.* ടൂറിസം വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 70 ശതമാനത്തിന്റെ വര്‍ധനവാണ് കൈവരിച്ചത്. 2015 ല്‍ 26,689 കോടി രൂപയായിരുന്നു വാര്‍ഷിക വരുമാനമെങ്കില്‍ 2019 ആകുമ്പോള്‍ അത് 45,242 കോടി രൂപയായി വര്‍ധിച്ചു. അതായത് 18,553 കോടി രൂപയുടെ വര്‍ധനവാണ് നാല് വര്‍ഷം കൊണ്ട് കേരള ടൂറിസത്തിന് നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
*ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നതിന് ഉപാധിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം.* അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ച ഉപാധി.കുട്ടനാട് സീറ്റ് വിട്ടുനൽകില്ലെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് ആവർത്തിക്കുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
*സംസ്ഥാനത്ത് നാല് ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.* ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിച്ചേക്കും. ഈ ജില്ലകളിൽ സൂര്യതാപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്.
*പ്രളയ ദുരിതാശ്യാസ നിധി തട്ടിയെടുത്ത സംഭവത്തിൽ സിപിഐഎം നേതാവിനെ സസ്പൻഡ് ചെയ്തു.* എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അക്ബറിനെയാണ് ജില്ലാ നേതൃത്വം സസ്പൻഡ് ചെയ്തത്. അതേസമയം ദുരിതാശ്വാസ നിധി തട്ടിയെടുത്തതിന് പിന്നിൽ ജില്ലയിലെ മുതിർന്ന സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പരാതിക്കാരനായ ഗീരീഷ് ബാബു രംഗത്തെത്തിയിട്ടുണ്ട്.
*ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.* കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും.
*ക്രൈസ്തവ വിശാസിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ നിര്‍ബന്ധിച്ച ട്രാവല്‍ എജന്‍സി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.* മൂവാറ്റുപുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അലിനാസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ അലിയാര്‍ എന്ന 49 കാരനാണ് 24 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.
*കൊറോണ വൈറസ് അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ ഉത്തര ഇറ്റലിയിലെ ഏതാനും രൂപതകൾ വിശുദ്ധ കുർബാനയും മറ്റ് കൂദാശ ശുശ്രൂഷകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി.* കഴിഞ്ഞയാഴ്ച ഉത്തര ഇറ്റലിയിലെ ഏതാനും സ്ഥലങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വൈറസ് നിയന്ത്രണ വിധേയമാകുന്നതുവരെ കൈകളിൽ മാത്രം വിശുദ്ധ കുർബാന സ്വീകരിക്കണമെന്നു ഏതാനും രൂപതകൾ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
*ദരിദ്രരായവർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യവുമായി ഡൊമിനിക്കൻ സഭ പെറുവിൽ പുതിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.* ഡൊമിനിക്കൻ സഭയുടെ ഒരു സെമിനാരിയാണ് നവീകരിച്ച് ദി ഹോസ്പിറ്റൽ ഓഫ് ദി ചാരിറ്റി ഓഫ് സെന്റ് മാർട്ടിൻ ഡി പോറസ് എന്ന് പേരിട്ടിരിക്കുന്ന ആശുപത്രിയാക്കി മാറ്റിയത്. ഫാ. ലൂയി എൻട്രിക് റാമിറസ് കമാചോയും, ഫാ. റോമുളൊ വാസ്കുസ് ഗവീഡിയയുമാണ് ആശുപത്രിയുടെ നേതൃ പദവിയിലുള്ളത്.
*കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.* ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 12 ആയി . വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരും ഇറാനില്‍ നിന്ന് വന്നവരാണ് .
*വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങള്‍ അപേക്ഷിക്കുന്നതിനുള്ള ഫീസും രേഖകള്‍ക്കുള്ള ചിലവും അടക്കേണ്ട പണം ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ നല്‍കുവാനും സാധിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ മറുപടി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി കേരള സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.* വിദേശ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം മുഖേനെയാണ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്.
*പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.* ഡല്‍ഹിയിെല ജനങ്ങള്‍ സാഹോദര്യവും ശാന്തിയും നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാന നിലയിലേക്ക് ഡല്‍ഹിയെ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന പൊലീസുമായും മറ്റ് സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
*വൈദ്യുതിക്കമ്ബി പൊട്ടിവീണ് ജീവന്‍ പൊലിയുന്നത് തടയാന്‍ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി.* പൊട്ടിവീണ വൈദ്യുതിക്കമ്ബിയില്‍നിന്ന് ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാന്‍ പുതിയ സംരക്ഷണ ഉപകരണമാണ് നടപ്പാക്കുന്നത്. സ്മാര്‍ട്സ് എംസിസിബി (മോള്‍ഡഡ് കേസ് സര്‍ക്യൂട്ട്) ബ്രേക്കര്‍വഴിയാണ് ഷോക്കില്‍നിന്ന് സംരക്ഷണം ഒരുക്കുന്നത്.
*അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വ്യക്തിഗത അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.* വടശ്ശേരിക്കര ടി.ടി.ടി.എം.വി.എച്ച്.എസ്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
*കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ (ആര്‍.എല്‍.സി).* ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകള്‍ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടങ്ങി പത്തോളം അക്രമ സംഭവങ്ങള്‍ ആര്‍.എല്‍.സി രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരത സന്ദർശനത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത് എന്നത് വസ്തുതയാണ്.
*കൊല്ലം : മിഠായി വാങ്ങാനെത്തിയ കടയിലും പലചരക്ക് കടയിലും ദമ്പതികള്‍ നല്‍കിയത് 500ന്റെ കള്ളനോട്ടുകള്‍ :* കടക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു… പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കള്ളനോട്ട് ശേഖരവും കള്ളനോട്ടടി യന്ത്രവും
*കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ.* സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അതിനാലാണ് ഏപ്രിൽ മാസത്തിൽ സാധ്യത കാണുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ്.
*കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി* . ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍ എത്തി പഠിപ്പുമുടക്കുന്നു എന്നതായിരുന്നു പരാതിയിൽ പ്രധാനമായും ആരോപിച്ചിരുന്നത്.
*ഹവാല പണവുമായി കോഴിക്കോട്ടു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു* ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി എത്തിയ മഹാരാഷ്ട്ര സ്വദേശിയെയാണ് പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത് . ധൻബാദ് സ്വദേശി സയാഗി(40) ആണ് പിടിയിലായത്
*ഇന്നത്തെ വചനം*
ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലരാകേണ്ടാ. ഭക്‌ഷണത്തെക്കാള്‍ ജീവനും വസ്‌ത്രത്തെക്കാള്‍ ശരീരവും ശ്രഷ്‌ഠമല്ലേ?
ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്‍െറ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?
വസ്‌ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്‍െറ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയ ധികം അലങ്കരിക്കുകയില്ല!
അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു.
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍െറ ക്‌ളേശം മതി
മത്തായി 6:25-34
*വചന വിചിന്തനം*
ദൈവപരിപാലന
നമ്മുടെ ആവശ്യങ്ങൾ നമ്മേക്കാളും വ്യക്തമായി അറിയുന്ന ദൈവത്തെക്കുറിച്ച് ഈശോ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ്. ഭൗതികാവശ്യങ്ങൾക്കായി നെട്ടോട്ടമോടിയിട്ടും ആകുലപ്പെട്ടിട്ടും നമ്മൾ എന്തു നേടി എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.
ആകുലപ്പെട്ടതുകൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ടതല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം. എന്നിട്ടും നമ്മൾ വീണ്ടുംവീണ്ടും ആകുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈശോ പറഞ്ഞിരിക്കുന്നത് ദൈവപരിപാലനയിൽ ആശ്രയിക്കാനാണ്. അതിനു സാധിച്ചാൽ സമാധാനപരമായ ഒരു ജീവിതം നമുക്ക് സാധ്യമാകും. ഒരു പുൽനാമ്പിനെപ്പോലും കിളിർപ്പിക്കാൻ കഴിവില്ലാത്ത നാം എന്തിനാണ് വലിയ കാര്യങ്ങളിൽ ആകുലപ്പെട്ടുകൊണ്ട് വെറുതെ ജീവിതം നശിപ്പിക്കുന്നത്?
ഈ നോമ്പുകാലം അത്തരമൊരു ഓർമ്മപ്പെടുത്തൽ നമ്മിൽ ഉണർത്തട്ടെ.
ജി. കടൂപ്പാറ
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*