ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ജനങ്ങൾ സംയമനം പാലിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ക്രമസമാധാനം പുലർത്താൻ കോണ്‍ഗ്രസ് പ്രവർത്തകർ മുൻകൈയെടുക്കണമെന്നു പ്രിയങ്ക ഗാന്ധിയും അഭ്യർഥിച്ചു.ഡൽഹിയിലെ ജനങ്ങൾ മതസൗഹാർദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. മഹാത്മാ ഗാന്ധിയുടെ നാട്ടിൽ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇവിടെ വിജയിക്കാനാവില്ല – സോണിയ പറഞ്ഞു.അക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മഹാത്മാ ഗാന്ധിയുടെതു സമാധാനത്തിന്റെ രാഷ്ട്രമാണ്. സമാധാനം പാലിക്കാൻ ഞാൻ ഡൽഹിക്കാരോട് അഭ്യർഥിക്കുകയാണ്. ക്രമസമാധാനം പുലർത്താൻ കോണ്‍ഗ്രസ് പ്രവർത്തകർ മുൻകൈ എടുക്കണം- പ്രിയങ്ക ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ അക്രമത്തെ അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഭജൻപുരയിൽ രാത്രി വൈകിയും അക്രമങ്ങൾ തുടരുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു.വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവർ ഇരച്ചുകയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ, അക്രമികൾ പോലീസിനു നേർക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തോക്കുമായി എത്തിയ യുവാവ് എട്ടു റൗണ്ട് വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഡല്‍ഹിയില്‍ സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനവുമായി സോണിയ ഗാന്ധി
