ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. നിലവിലെ 18 വയസില്‍ നിന്ന് 21 ആയാണ് ഉയര്‍ത്തുക. സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്ടസ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു സമിതിയെ നിയോഗിച്ചത്.ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരു വലിയ വിഭാഗത്തെ പുകയിലയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ 21 വയസ് വരെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. കോളേജ് പരിസരത്ത് പുകയില ഉല്പന്നങ്ങളുടെ വില്‍പന ഇതോടെ നിയന്ത്രിക്കാന്‍ കഴിയും.