തൃശൂർ: വിദ്യാഭ്യാസ രംഗത്തു സംസ്ഥാന സർക്കാർ ഭരണഘടനാവിരുദ്ധമായ നയങ്ങളാണ് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്നും ഇതിനെ ചെറുക്കണമെന്നും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ സംസ്ഥാന ബജറ്റ് നിർദേശങ്ങൾക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
അനധികൃതമായി അധ്യാപക നിയമനങ്ങൾ നടത്തുകയാണെന്നു ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രിമാർ വാഗ്ദാനങ്ങൾ ഒരുപാടു നൽകുന്നുണ്ട്. എന്നാൽ എയ്ഡഡ് സ്കൂളുകൾക്ക് അവ ലഭിക്കുന്നില്ല: ആർച്ച്ബിഷപ് പറഞ്ഞു.
ക്ലാസ് മുറിയിലെ വിദ്യാർഥി അധ്യാപക അനുപാതം 1:30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞതാണ്. വീണ്ടും അതു ലംഘിക്കുമെന്ന പ്രഖ്യാപനമാണു ബജറ്റിൽ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി.
ഒരു വർഷം ക്ലാസിൽ ഒരു വിദ്യാർഥി കുറഞ്ഞുപോയാൽ അടുത്ത കുറേ വർഷങ്ങളിലേക്ക് തസ്തിക അനുവദിക്കില്ലെന്നു ശഠിക്കുന്നതു വിദ്യാഭ്യാസത്തെ തകർക്കാനാണ്. വിദ്യാർഥികളുടെ അധ്യയനം നഷ്ടപ്പെടാതിരിക്കാൻ നാലു വർഷത്തോളമായി ശന്പളം ലഭിക്കാതെ മൂവായിരത്തോളം അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കു നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മാർച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡയറക്ടർ ഫാ. ആന്റണി ചെന്പകശേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി പി.ഡി. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.