ഇറാഖ്: ഇറാഖിലെ ചരിത്രപ്രസക്തമായ അൽ-താഹിരെ കത്തോലിക്കാ ദൈവലായം പുനർനിർമ്മിക്കാനൊരുങ്ങി യുനെസ്‌കോ. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ അക്രമണത്തിൽ 2014 ജൂണിലാണ് ഇറാഖിലെ മൊസൂളിൽ സ്ഥിതി ചെയ്യുന്ന ഈ ദൈവലായം തകർക്കപ്പെട്ടത്. യു.എന്നിന്റെ ഹെറിറ്റേജ് ഏജൻസിയായ യുനെസ്‌കോ, യുണൈറ്റഡ് അറബ് എമിറേറ്റുമായി സഹകരിച്ചാണ് ദൈവാലയ പുനർനിർമ്മാണം നടത്തുക. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും യുനെസ്‌കോ വ്യക്തമാക്കി.
ഇക്കാലമത്രയും പ്രദേശത്തെ ക്രിസ്ത്യാനികൾക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങൾക്കുമെതിരെ ഭീകരസംഘടനകൾ നടത്തിയ അക്രമങ്ങളിൽ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 28 ഓളം മതസ്ഥലങ്ങളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രസ്‌കതിയുള്ളതാണ് 1862ൽ പണികഴിപ്പിച്ച ഈ ദൈവാലയം. പിന്നീട് 2014ൽ ദൈവാലയം അക്രമിക്കപ്പെടുകയും ദൈവാലയത്തിന്റെ മേൽക്കൂരയും പുറം മതിലും പൂർണ്ണമായും തകർക്കപ്പെടുകയുമായിരുന്നു. പുതുക്കിപ്പണിയുന്നതിനോടനുബന്ധിച്ച് അത് പുനസ്ഥാപിക്കുകയും അവശേഷിക്കുന്ന സീലിംഗ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യും. മാത്രമല്ല ദൈവലായത്തിനുള്ളിൽ ഉണ്ടായ ബോംബ്കുഴികളും നീക്കം ചെയ്യും.
എന്നാൽ പുനർനിർമ്മാണ പദ്ധതിവഴി പ്രദേശത്തെ മികവുറ്റ യുവ പ്രൊഫഷണലുകൾക്കും കരകൗശല തൊഴിലാളികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശനിവാസികൾക്ക് പരിശീലനം, തൊഴിൽമേഖലയിൽ കൂടുതൽ അറിവ് എന്നിവ നൽകാനുമാണ് യുനെസ്‌കോ പദ്ധതിയിട്ടിരിക്കുന്നത്. അൽ താഹിറെ ദൈവാലയത്തിന് പുറമേ 1873ൽ നിർമ്മിക്കുകയും പീന്നിട് ഭീകരാക്രമണത്തിൽ തകരുകയും ചെയ്ത അൽ-സാ ദൈവാലയവും പുതുക്കിപ്പണിയുമെന്ന് യുനെസ്‌കോ ഒക്ടോബറിൽ നടത്തിയ പ്രഖ്യാപനത്തിൽ അറിയിച്ചിട്ടുണ്ട്.