ന്യൂഡല്‍ഹി: ആധാറും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.
രാജ്യത്തെ 75 കോടിയോളം വോട്ടര്‍മാരില്‍ 38 കോടി അത് പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍ 2015 ഓഗസ്റ്റില്‍ ആധാര്‍ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി പാര്‍ലമെന്റ് നിയമഭേദഗതി പാസാക്കാതെ ആധാര്‍ നമ്ബറുകള്‍ മറ്റൊന്നുമായും ബന്ധിപ്പിക്കരുതെന്നു നിര്‍ദേശിച്ചതോടെ നടപടികള്‍ നിര്‍ത്തി.നിയമം വന്നാല്‍, നിലവില്‍ വോട്ടര്‍ കാര്‍ഡുള്ളവര്‍ ആധാര്‍ ബന്ധിപ്പിക്കണം. വോട്ടര്‍പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നവര്‍ ആധാര്‍ നമ്ബര്‍ നല്‍കണം.പൗരത്വ നിയമവും ഡേറ്റ സംരക്ഷണ നിയമവും രാജ്യത്ത് പ്രക്ഷോഭത്തിനു വഴിതെളിച്ചതിനു പിന്നാലെയാണ് ആധാര്‍-വോട്ടര്‍ കാര്‍ഡ് ബന്ധിപ്പിക്കലും വരുന്നത്.