കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി.ആന്‍റണി (90) അന്തരിച്ചു. എറണാകുളത്ത് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെമ്പുമുക്ക് സെന്‍റ് മൈക്കിൾസ് പള്ളിയിൽ.കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടും പിന്തുണയോടും കൂടി രൂപതാ തലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ലത്തീൻ സമുദായ അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ രൂപീകരിക്കപ്പെട്ടതാണ് കെഎൽസിഎ ഇതിനായി മുൻകൈയെടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഇ.പി.ആന്‍റണി.1972 മാർച്ച് 26-ന് എറണാകുളത്ത് ചേർന്ന ലാറ്റിൻ കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധി യോഗമാണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കേളന്തറയായിരുന്നു ഉദ്ഘാടകൻ. പ്രസിഡന്‍റായി ഷെവലിയാർ കെ.ജെ.ബെർളിയെയും, ജനറൽ സെക്രട്ടറിയായി ഇ.പി.ആന്‍റണിയെയും സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു. 1975 മുതൽ 81 വരെ പിഎസ്‌സി അംഗമായും പ്രവർത്തിച്ചു. വരാപ്പുഴ അതിരൂപത ചെന്പുമുക്ക് സെന്‍റ് മൈക്കിൾസ് ഇടവകാംഗമാണ്.