വാർത്തകൾ
🗞🏵 *സാമ്പത്തിക സംവരണം (EWS) സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.* ഇതുപ്രകാരം മാനദണ്ഡങ്ങൾ വളരെയധികം കർക്കശമാക്കി
🗞🏵 *സംഭരിച്ച നെല്ലിന്റെ പണം നൽകാതെയും സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാതെയും സംസ്ഥാനത്തെ നെൽകർഷകരോട് സർക്കാരിന്റെ അവഗണന തുടരുന്നു.* പാഡി റജിസ്ട്രേഷന്‍ സ്ലിപ്പ് വഴി സംഭരിച്ച നെല്ലിന്റെ പണം സര്‍ക്കാര്‍ ഇതുവരെ ബാങ്കുകള്‍ക്ക് കൈമാറാത്തതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായി. കുടിശിക വര്‍ധിച്ചതോടെ പണം നല്‍കാന്‍ ബാങ്കുകളും തയ്യാറാകാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
🗞🏵 *സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണയത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍.* മുപ്പത്തിയാറ് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ അനുവദിക്കുന്ന ഫയലില്‍ ധനമന്ത്രി ഒപ്പിട്ടു. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സ്കൂള്‍ മാനേജുെമന്റുകള്‍.
🗞🏵 *എറണാകുളം മുൻ എം.പി സെബാസ്റ്റ്യൻ പോളിനുനേരെ ട്രെയിനിൽ കൈയ്യേറ്റശ്രമം നടത്തിയ യുവാവിൽനിന്ന് പൊലീസ് പിടിച്ചെടുത്തത് 16 കിലോ കഞ്ചാവ്.* സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പാച്ചല്ലൂർ സ്വദേശി അഭിരാജിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസിലായിരുന്നു സംഭവം.
🗞🏵 *അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി അഹമദാബാദിലെ ചേരികൾ മതി കെട്ടി മറക്കാനൊരുങ്ങുന്നു.* സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയരികിലെ ചേരികള്‍ മറയ്ക്കാനായുള്ള മതിലിൻ്റെ നിര്‍മാണം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.
🗞🏵 *മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളോട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതിയുടെ നോട്ടീസ്.* ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവർ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
🗞🏵 *വിവിധ ബാങ്കുകളിലെ ആറ് സിഇഒമാർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു.* എന്നാൽ മേൽപ്പറഞ്ഞ കേസുകളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
🗞🏵 *അസമില്‍ മുന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ജീവനക്കാരിക്കെതിരെ എഫ്ഐആര്‍.* ഓഫീസ് വിട്ടുപോകുന്നതിന് മുമ്പായി ഇമെയില്‍ ഐഡികളുടെ പാസ് വേര്‍ഡ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് നടപടി. പാസ് വേര്‍ഡുകളുടെ അഭാവത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ രേഖകള്‍ ഓഫ് ലൈനായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുഴുനവന്‍ രേഖകളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
🗞🏵 *തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു.* സോണിയ തുടരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകാനാവില്ലെന്ന സൂചനകളാണ് സോണിയ നല്‍കുന്നത്. സീനിയര്‍ ടീമിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നല്‍കിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പ്രധാന ആരോപണം.
🗞🏵 *മലപ്പുറം കരിപ്പൂരിൽ എല്‍പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.* വള്ളിക്കുന്ന് സ്വദേശി 50കാരനായ അഷ്റഫാണ് പിടിയിലായത്.രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികൾ രക്ഷിതാക്കളോടാണ് ആദ്യം വിവരം പറയുന്നത്. പിന്നാലെ സ്കൂൾ അധികൃതരെയും ചൈൽഡ് ലൈനേയും അറിയിച്ചു. തുടർന്ന് ഒളിവിൽ പോയ അഷ്റഫിനെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
🗞🏵 *കൊല്ലം ഏരൂരില്‍ വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ നടത്തിയ രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയിൽ.* പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചവർക്ക് കരള്‍ രോഗങ്ങള്‍ ഉള്‍പ്പടെ പിടിപെട്ടിരുന്നു.
🗞🏵 *പാൽ ക്ഷാമം പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം.* ഇതിനായി തമിഴ്നാട്, കർണാടക സർക്കാരുകളുമായി സംസ്ഥാന സർക്കാർ മുഖേന ചർച്ച നടത്തും
🗞🏵 *കരിമ്പട്ടികയിൽപ്പെടുത്തുമെന്ന അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയിദിനെ ജയിലിലടച്ച് പാകിസ്ഥാൻ.* ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ് പാക് കോടതി ഹാഫിസിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. ഒപ്പം 15000 രൂപ പിഴയും വിധിച്ചു. 2008ന് ശേഷം ഇതാദ്യമായാണ് ജമാത്ത്-ഉദ്-ദവ തലവൻ ഹാഫിസ് സയിദ് ജയിലിലാകുന്നത്.
🗞🏵 *തിരുപ്പതി ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീര്‍ 100 ഏക്കർ ഭൂമി അനുവദിച്ചതായി റിപ്പോർട്ട്.* തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ജമ്മുവിൽ വെങ്കിടേശ്വര സ്വാമിയുടെ ക്ഷേത്രം നിര്‍മിക്കാനാണ് ഭൂമി അനുവദിച്ചത്. ”ക്ഷേത്രം നിർമിക്കുന്നതിനായി ഏഴ് സ്ഥലങ്ങൾ ജമ്മു ഭരണകൂടം കണ്ടെത്തി. അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിന് തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിനിധികളും ഭരണകൂടവുമായുള്ള ചർച്ച തുടരുകയാണ്.
🗞🏵 *കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ.* കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് കുറച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്. ഇതുസംബന്ധിച്ച ഭക്ഷ്യവകുപ്പിന്‍റെ ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു.
🗞🏵 *ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.* ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനായ യാങ് ഷവോലിയാംഗിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
🗞🏵 *അഞ്ചേക്കറും വീടും ഉണ്ടായിരുന്ന ആ അമ്മയും മകളും ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്, ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍.* താമസിക്കാനിടമില്ലാതെ ദിവസവും 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഈ അമ്മയും മകളും ഗുരുവായൂരിലെത്തി ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്നത്. ഇവര്‍ക്ക് വേണ്ട അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
🗞🏵 *ഡല്‍ഹിയില്‍ ഇപ്പോള്‍ ആം ആദ്മി തരംഗമാണ്. നിയമാ സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.* ഒരു ദിവസം കൊണ്ട് ആംആദ്മി പാര്‍ട്ടി അംഗങ്ങളായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞെന്നു റിപ്പോര്‍ട്ട്.
🗞🏵 *ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സാകേത് ജില്ലാ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.* 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
🗞🏵 *കൗമാര പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്.* പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
🗞🏵 *പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് നോട്ടിസ്.* ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ്സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ ഹാജരാകാനാണ് നിർദേശം.
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസ് നൽകിയ അപേക്ഷയിൽ ഗവർണർ അനുമതി നൽകിയിരുന്നു.
🗞🏵 *കാലടി സംസ്‌കൃത സർവകലാശാലയിൽ സംവരണ അട്ടിമറി.* എസ്എഫ്‌ഐ നേതാവിന് ക്രമ വിരുദ്ധമായി മലയാളം പിഎച്ച്ഡി പ്രവേശനം നൽകിയെന്നാണ് ആക്ഷേപം. സംവരണ മാനദണ്ഡം പാലിച്ചില്ലെന്ന് എസ്‌സി- എസ്ടി സെല്ലിന്റെ റിപ്പോർട്ട്. വീഴ്ച മലയാള വിഭാഗം മേധാവിയുടെ ഭാഗത്ത് നിന്നെന്ന് കണ്ടെത്തൽ.
🗞🏵 *രാജ്യത്തെ ഒൻപത് കോടി ജനങ്ങളുടെ ഫോൺ നമ്പറുകൾ വിൽപനയ്ക്ക്.* ടെലിമാർക്കറ്റിംഗ് ഫോൺ കോളുകൾ നിരസിച്ച നമ്പറുകളാണ് ഡാർക്ക് വെബിലെ സ്വകാര്യ വെബ്സൈറ്റിൽ വിൽപനക്ക് വച്ചിരിക്കുന്നത്.ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ ഡിഎൻഡിയിൽ(ഡു നോട്ട് ഡിസ്റ്റർബ്) രജിസ്റ്റർ ചെയ്ത 9 കോടി ഫോൺ നമ്പറുകളാണ് സ്വകാര്യ വെബ്സൈറ്റിൽ വിൽപനക്കായി ഉള്ളത്.
🗞🏵 *നിർഭയക്കേസിലെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.* പ്രതികളായ വിനയ് ശർമയ്ക്കും അക്ഷയ് കുമാർ സിംഗിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. പവൻകുമാറിന് അഭിഭാഷകൻ ഇല്ലാത്ത സാഹചര്യത്തിൽ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.
🗞🏵 *സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി.* രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കണമെന്ന ഹർജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വർധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു.
🗞🏵 *മരട് മാലിന്യ നീക്കത്തിൽ നഗരസഭയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ദേശീയ ഹരിത ട്രിബ്യൂണൽ.* മാലിന്യ നീക്കത്തിൽ നഗരസഭ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് നീക്കം. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് നഗരസഭ മാലിന്യ നീക്കം നടത്തുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു.
🗞🏵 *സിഎജി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെ ഡിജിപിക്ക് വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി.* മാര്‍ച്ച് മൂന്ന് മുതല്‍ 5 വരെ യുകെയില്‍ നടക്കുന്ന ഹോം ഓഫീസ് സെക്യൂരിറ്റീസ് ആന്റ് പൊലീസിംഗ് എക്‌സിബിഷനില്‍ പങ്കെടുക്കാനാണ് ബെഹ്‌റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്.
🗞🏵 *തൃശൂർ കുറാഞ്ചേരിയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.* ആളൊഴിഞ്ഞ പറമ്പിലാണ് അഞ്ച് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
🗞🏵 *യുപിയിലെ ഫിറോസാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ.* പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമുട്ടലിൽ 1 പൊലീസുകാരനും പരിക്കേറ്റു. ബലാത്സംഗപരാതി പിൻവലിക്കാതെ തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനെ പ്രതികൾ വെടിവെച്ച് കൊന്നത്.
🗞🏵 *തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി.* ഉചിതമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാം. യുഡിഎഫ് സമർപ്പിച്ച ഹർജി കോടതി ശരിവച്ചു. 2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടിക ഉപയോഗിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.
🗞🏵 *ഉഗാണ്ട സമൂഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ ക്രിസ്തീയ ചാനല്‍ പരീക്ഷണാര്‍ത്ഥം സംപ്രേക്ഷണം ആരംഭിച്ചു.* രാജ്യമെങ്ങും സംപ്രേഷണം ആരംഭിക്കുന്നതിന് മുന്‍പ് സിഗ്നല്‍ പരിശോധനയുടെ ഭാഗമായി ഗ്രേറ്റര്‍ കംപാല മേഖലയിലെ 60 കിലോമീറ്റര്‍ ചുറ്റളവിലാണ് യു.സി.ടി.വി (ഉഗാണ്ട കത്തോലിക്ക ടിവി) എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നെറ്റ് ഉഗാണ്ടയുടെ സഹകരണത്തോടെ ഫെബ്രുവരി 5 മുതല്‍ തലസ്ഥാന നഗരമായ കംപാല പരിധിയില്‍ സംപ്രേഷണം നടത്തിയതായി ഉഗാണ്ടന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ ഫാ. ജോസഫ് ഫ്രാന്‍സേലി ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
🗞🏵 *തലമുറകളായി പകര്‍ന്നു നല്‍കപ്പെട്ട ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നും യുകെ ഒരുപാട് മാറിപ്പോയെന്നും ക്രൈസ്തവ വിശ്വാസത്തെ ബ്രീട്ടീഷ് സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇന്ന്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഓർമ്മിപ്പിച്ച് ബ്രിട്ടീഷ് എംപിയുടെ കന്നി പ്രസംഗം.* ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയറിലെ ഡെവിസസില്‍ നിന്നുമുള്ള ഡാനിയേല്‍ റെയ്ന്‍ കൃഗറാണ് ഹൗസ് ഓഫ് കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ ക്രിസ്തീയ യൂറോപ്പിന് വേണ്ടി ശബ്ദമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി പൊതു തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 31നാണ് ശക്തമായ പ്രസംഗം കാഴ്ചവെച്ചത്.
🗞🏵 *നവതി നിറവിലുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് 48വര്‍ഷം.* 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പവ്വത്തില്‍ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ പാപ്പയില്‍നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ 1977 ഫെബ്രുവരി 26 കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.
🗞🏵 *നരകത്തിലെ യാതന തനിക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതാണ് തന്നെ ക്രൈസ്തവ വിശ്വാസിയാക്കി മാറ്റിയതെന്നും മുൻ സാത്താൻ ആരാധകനായിരുന്ന ജോൺ റാമിറസിന്റെ വെളിപ്പെടുത്തൽ.* ‘ന്യൂസ് 12 ദ ബ്രോന്‍ക്സ്’ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം അത്യത്ഭുതം നിറഞ്ഞ തന്റെ അനുഭവം വിവരിച്ചത്. ചെറു പ്രായത്തിൽ പിതാവു വഴിയാണ് ജോൺ റാമിറസ് സാത്താനിക സംഘവുമായി പരിചയത്തിലാകുന്നത്. പിന്നീട് കൂടോത്ര വിദ്യകളിൽ ആഴമായ അറിവുള്ള ഒരു സാത്താനിക പുരോഹിതനായി ജോൺ മാറി. 1999-ലാണ് തന്റെ ശരീരം വിട്ട് താൻ നരകത്തിൽ പോയതായുള്ള അനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.
🗞🏵 *അരക്ഷിതാവസ്ഥ നേരിടുന്ന സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ.* ഇന്നലെ ഫെബ്രുവരി 12 ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയും ചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.
🗞🏵 *കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് സിഐടിയു പ്രവർത്തകർ.* ബേക്കര്‍ ജംഗ്ഷനിലെ മുത്തൂറ്റ് ഫിനാൻസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കു നേരെയാണ് അക്രമം. പോലീസ് നോക്കിനിൽക്കെ സിഐടിയു പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.ഇന്ന് രാവിലെ ഒൻപതരയ്ക്കാണ് സംഭവം. മൂത്തൂറ്റ് ഫിനാൻസിൽ ജോലിക്കെത്തിയ ജീവനക്കാരെ മുദ്രാവാക്യം വിളിച്ച് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് സിഐടിയു പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തിൽ മനോരമ ന്യൂസ് ക്യാമറാമാൻ സി അഭിലാഷിൻ്റെ കണ്ണിന് പരിക്കേറ്റു. ഇയാളുടെ ക്യാമറയ്ക്ക് കേടുപാടുകൾ ഉണ്ടായി.
🗞🏵 *കേരള പോലീസ് മേധാവി ലോക്സനാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സുരക്ഷയൊരുക്കാനുള്ള പോലീസിന്‍റെ സിംസ് പദ്ധതിയും വിവാദത്തിൽ.* സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണക്കടകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും പണം വാങ്ങി സേവനം നല്‍കാനുള്ള പദ്ധതിയാണ് വിവാദത്തിലാകുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ കെൽട്രോണിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും കെൽട്രോൺ ഇത് ഒരു സ്വകാര്യ കമ്പനിയ്ക്ക് പുറംകരാര്‍ നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
🗞🏵 *ലഖ്നൗവിൽ കോടതി പരിസരത്ത് ബോംബ് സ്ഫോടനത്തിൽ മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്.* സ്ഥലത്തു നിന്ന് പൊട്ടാത്ത മൂന്ന് ബോംബുകള്‍ കൂടി ലഖ്നൗ പോലീസ് കണ്ടെടുത്തിട്ടുണ്ട്.തന്നെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ലഖ്നൗ ബാര്‍ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി സഞ്ജീവ് ലോധി ആരോപിച്ചു. ലഖ്നൗ നിയമസഭയിൽ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹസ്രത്ഗഞ്ജിലെ കളക്ടറേറ്റിലെ ഓഫീസിലായിരുന്നു സംഭവം.
🗞🏵 *പതിനായിരക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ബ്രസീല്‍ ദൈവത്തിന്റേതാണെന്ന് പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോയുടെ പ്രഖ്യാപനം.* തലസ്ഥാന നഗരമായ ബ്രസീലിയായിലെ സ്റ്റേഡിയത്തില്‍ നടന്ന ‘ദി സെന്‍ഡ് ബ്രസീല്‍’ എന്ന സംയുക്ത പ്രേഷിത കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണ് ജെയ്ര്‍ ബോള്‍സൊണാരോ പ്രഖ്യാപനം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.
🗞🏵 *ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനം ഉടനെ നടക്കുമെന്ന സൂചനകൾ* നല്‍കിക്കൊണ്ട് സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇത് സംബന്ധിച്ചു ചർച്ചകൾ നടന്നു വരികയാണെന്നും ഭാരത സഭയുടെ ആവശ്യത്തിന് അനുകൂലമായ മനോഭാവമാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു
🗞🏵 *അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.* ഫെബ്രുവരി 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
🗞🏵 *ട്രെയിനില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം.* മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ് (28) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുംബൈ ലാത്തൂര്‍ബിദര്‍ എക്സ്പ്രസിലായിരുന്നു സംഭവം.
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
*ഇന്നത്തെ വചനം*
യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍െറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
മനുഷ്യപുത്രന്‍ സ്വപിതാവിന്‍െറ മഹത്വത്തില്‍ തന്‍െറ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.
മനുഷ്യപുത്രന്‍ തന്‍െറ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 16 : 24-28
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
*വചന വിചിന്തനം*
സ്വയം ത്യജിക്കുക
തടസ്സം പറയുന്ന പത്രോസിനോട് യേശു പറയുന്നു: “സാത്താനേ, എന്റെ മുമ്പില്‍ നിന്നു പോകൂ. നീ എനിക്കു പ്രതിബന്ധമാണ്.”
ദൈവികരീതിയായ നിസ്വാര്‍ത്ഥതയ്ക്കുള്ള തടസ്സമാണ് പ്രലോഭനം. എന്നെക്കാള്‍ പ്രാധാന്യം എന്റെ സഹജനു കൊടുക്കുന്നത് നിസ്വാര്‍ത്ഥത; എല്ലാവരെയുംകാള്‍ എനിക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാര്‍ത്ഥത. ഇത് പ്രലോഭനമാണ്. ഇത് കൈമുതലായിട്ടുള്ളവനെ യേശു വിളിക്കുന്നത് ‘സാത്താനേ’ എന്നാണ്.
നിസ്വാര്‍ത്ഥതയാകുന്ന ദൈവീകസ്വഭാവവും, സ്വാര്‍ത്ഥതയാകുന്ന സാത്താനും എന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങളാണ്.
ജി. കടൂപ്പാറ
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*