വാർത്തകൾ
🗞🏵 *സംസ്ഥാന മാനദണ്ഡപ്രകാരമുള്ള ആദ്യ EWS സർട്ടിഫിക്കറ്റ് നൽകി കൈനകരി വില്ലേജ്* . സംസ്ഥാന എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതാണ് ഇത്.
🗞🏵 *സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് സാമ്പത്തിക സംവരണത്തെക്കുറിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് റോജി എം ജോൺ.* കാര്യങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണന്ന് മുഖ്യമന്ത്രി മറുപടി നൽകി
🗞🏵 *ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.* എഴുപതിൽ 62 സീറ്റിലും ആംആദ്മിക്കാണ് ലീഡ്. തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്. ഏഴിടത്ത് നേരിയ വ്യത്യാസം. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു.
🗞🏵 *തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ പാസാക്കി.* 31 നെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ല് പാസായത്. നിയമം കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെസി മൊയ്തീൻ പറഞ്ഞു. വാർഡുകളുടെ എണ്ണം വർധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം അടുത്ത ജനുവരിയിൽ ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയേക്കും.* റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിലാണ് ഇത്തരത്തിലൊരു അഭിപ്രായം ഉയർന്നത്. ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ഇത്തരത്തിലാണ് അഭിപ്രായപ്പെട്ടത്. ഇതോടെ വരുന്ന മാസങ്ങളിൽ റിസർവ് ബാങ്കിന്റെ പലിശ നിരക്കിൽ വലിയ മാറ്റങ്ങളുണ്ടായേക്കില്ലെന്നാണ് കണക്കാക്കുന്നത്.
🗞🏵 *ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ 62 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഭരണത്തുടര്‍ച്ച നേടിയ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.* ട്വിറ്റില്‍ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടായിരുന്നു രാഹുലിന്‍റെ അഭിനന്ദനം. ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്‍രിവാളിനും എന്‍റെ അഭിനന്ദനവും ആശംസകളുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
🗞🏵 *സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു.* അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവിട്ടു.
🗞🏵 *ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.* വീട്ടുതടങ്കല്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
🗞🏵 *ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്‍രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയുടെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
🗞🏵 *സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ദേശീയ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി.* ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി.
🗞🏵 *രാജ്യത്ത് ആദ്യമായി കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സാ രീതികളുമായി ബംഗളൂരുവില്‍ ക്ലിനിക്ക് ആരംഭിച്ചു.* ഒരാഴ്ച പിന്നിട്ട ക്ലിനിക്കില്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിച്ച മരുന്നുകളാണ് (മെഡിക്കല്‍ കന്നാബിസ്) വില്‍ക്കുന്നത്. നിലവില്‍ നിരവധി പേര്‍ ക്ലിനിക്കില്‍ ചികിത്സ തേടിയതായും അവര്‍ക്ക് ഗുണഫലങ്ങള്‍ ലഭിച്ച് തുടങ്ങിയതായും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *സംസ്ഥാനത്തെ പകൽ സമയത്തെ ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി.* സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമയം പുനഃക്രമീകരിച്ചത്.
ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമപ്പെടുത്തി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്.
🗞🏵 *ഈമാസം തുടങ്ങുന്ന വനിതാ ട്വന്റി20 ലോകകപ്പില്‍ നോ ബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയര്‍.* ഓഫ് ഫീല്‍ഡ് അമ്പയറായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നോബോള്‍ വിധിക്കുകയെന്ന് ഐസിസി വ്യക്തമാക്കി.
🗞🏵 *സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.* കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു.
🗞🏵 *ഗുജറാത്ത് സ്വദേശിനിയായ യുവതിയെ മടക്കത്താനത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.* മടക്കത്താനം കോയിക്കര ഡൊമിനിക്കിന്റെ ഭാര്യ അനുവിനെയാണ് (ജാനകി – 29) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴക്കുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതിലെ ഉള്ളടക്കമെന്തെന്നു വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തൊടുപുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
🗞🏵 *പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് ആണ്‍കുട്ടിക്ക് ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തി മര്‍ദനം.* ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം.
🗞🏵 *കണക്കു പഠിക്കാൻ എളുപ്പമാർഗമെന്ന പേരിൽ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം.* ലഘുലേഖയിലെ മന്ത്രങ്ങൾ മതപരിവർത്തനത്തിനുള്ള പ്രേരണയാണെന്ന് ആരോപിച്ച് രക്ഷകർത്താക്കൾ ഉൾപ്പെട്ട സംഘം അന്വേഷണത്തിനെത്തിയ വിദ്യാഭ്യാസ ഓഫിസറെ തടഞ്ഞുവച്ചു. അഴിക്കോട് മണ്ടക്കുഴി ഗവ.യുപി സ്കൂളിലാണ് സംഭവം. ആരോപണ വിധേയരായ രണ്ട് അധ്യാപികമാരോട് വിവാദത്തെ തുടർന്ന് അവധിയിൽ പോകാൻ എഇഒ നിർദേശിച്ചു.
🗞🏵 *ഡല്‍ഹിയിലെ ആം ആദ്മി വിജയം അംഗീകരിച്ച് ബിജെപി എംപി.* 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാല്‍ മാത്രം ചാർജ് ഈടാക്കുന്ന പദ്ധതി പാവപ്പെട്ട ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കി എന്ന് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി രമേശ് ബിധൂരി പറഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജനോപകാരപ്രദമായ പദ്ധതികൾ ആളുകൾക്കിടയിലേക്ക് എത്തിയിരുന്നെങ്കിൽ ബിജെപി ഇതിലും മികച്ച വിജയം നേടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ദേശീയപാതയിൽ സ്വകാര്യ ബസുകൾ മത്സര ഓട്ടത്തിലേർപ്പെടുകയും പരസ്പരം വഴിതടഞ്ഞു നാട്ടുകാരിലും യാത്രക്കാരിലും ഭീതി ജനിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബസുകാരെ കുറ്റവിമുക്തരാക്കി പൊലീസ് റിപ്പോർട്ട്.* 2019 നവംബർ 14ന് ഉച്ചയ്ക്ക്12 മണിയോടെ ആലുവ–ചാത്തമ്മ റൂട്ടിൽ ഓടുന്ന ‘അമ്മേനാരായണ’ ബസും ഏലൂർ–തേവരഫെറി റൂട്ടിലോടുന്ന കൊച്ചി വീൽസ് ബസും വട്ടം വയ്ക്കലിലും സംഘർഷത്തിലും ഏർപ്പെട്ട സംഭവത്തിലാണ് അന്വേഷണം നടത്താതെ പൊലീസ് വെറുമൊരു അപകടവാർത്തയായി കണക്കാക്കി റിപ്പോർട്ട് നൽകിയത്. ഇതു സംബന്ധിച്ച പത്ര വാർത്തകൾ തെറ്റാണെന്നു സമർഥിക്കുകയും ചെയ്യുന്നു.
🗞🏵 *ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്.* ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.
🗞🏵 *ഡൽഹിയിലെ ബിജെപി പരാജയത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.* ബിജെപി നന്നായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഡൽഹിയിലെ ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിലെ വിജയത്തിന് ആം ആദ്മി പാർട്ടിക്കും കേജ്‍രിവാളിനും അഭിനന്ദനങ്ങളും അറിയിച്ചു. കേജ്‍രിവാളിന്റെ ഭരണത്തില്‍ ഡൽഹി കൂടുതൽ വികസിക്കുമെന്നാണ് കരുതുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
🗞🏵 *ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഉയർത്തിയ വികസനപ്രവർത്തനങ്ങൾ നേരിടാൻ ബിജെപി മെനഞ്ഞെടുത്ത തന്ത്രങ്ങളിലൊന്നാണ് ഷഹീൻബാഗ് സമരത്തെ അക്രമിച്ചുള്ള പ്രചാരണം.* ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചുവടുപിടിച്ച് പാർട്ടിയിലെ പ്രമുഖരെല്ലാം ഷഹീൻബാഗിനെ പ്രചാരണായുധമാക്കി. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുനേടി ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ ഷഹീൻബാഗ് ഉൾപ്പെടുന്ന ഒഖ്ല മണ്ഡലത്തിൽ ജയിച്ചത് വർഗീയധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചാരണങ്ങൾക്ക് തിരിച്ചടിയായി.
🗞🏵 *സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന തിരുത്തണമെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.* കർഷക അവഗണനയ്ക്കെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ കർഷകരക്ഷാ സംഗമവും നിയമസഭാ മാർച്ചും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സർക്കാരുകൾ കാർഷിക മേഖലയെ നിരന്തരമായി അവഗണിക്കുകയാണ്. കർഷകരോട് നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ നയത്തിൽ മാറ്റമുണ്ടാകണം. പൊതുജനത്തിനായുള്ള കർഷകരുടെ സമർപ്പണം അംഗീകരിക്കപ്പെടണം. കർഷകരോടുള്ള അവഗണനയെന്നാൽ പൊതു സമൂഹത്തോടുള്ള അവഗണനയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യായമായ രീതിയിൽ അതിനു പരിഹാരം ഉണ്ടാക്കുകയും വേണം.
കർഷകരക്ഷ നാടിന്റെ സുരക്ഷയാണ്. ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്ക് വില ലഭ്യമാക്കാൻ ഭരണകർത്താക്കൾ നടപടി സ്വീകരിക്കണം. അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർക്കൊപ്പം വിശ്വാസ സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളും. കാർഷിക വൃത്തിയെ പരിപാലിക്കാൻ സർക്കാർ തയാറാകണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
🗞🏵 *മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും പലായനം സംബന്ധിച്ചു സിറിയ, ഈജിപ്ത്, ഇറാഖ്, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് പാത്രിയാർക്കീസുമാർ മാർപാപ്പയുമായി ചര്‍ച്ച നടത്തി.* പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളും, അഭയാർത്ഥി പ്രവാഹവുമാണ് പ്രധാനമായും ചർച്ചാവിഷയങ്ങളായത്. കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും, മാരോണൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബെച്ചാറ റായിയുമടക്കമുള്ള പ്രതിനിധികള്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
🗞🏵 *ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു.* കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രൊലൈഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഗര്‍ഭഛിദ്രം സംബന്ധിച്ച ഡൊമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരുടെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍ ചാള്‍സ് കമോസി പാര്‍ട്ടി വിട്ടു*. ഗര്‍ഭഛിദ്രം നല്ലതല്ല എന്നുപോലും പറയാനാവാത്ത അന്തരീക്ഷമാണു പാര്‍ട്ടിയിലെന്ന് ഡെമോക്രാറ്റ്‌സ് പ്രോലൈഫ് ഓഫ് അമേരിക്കയുടെ ബോര്‍ഡില്‍ നിന്നു രാജിവച്ചുകൊണ്ട് കമോസി പറഞ്ഞു. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ധര്‍മശാസ്ത്ര പ്രഫസറാണ് അദ്ദേഹം. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആശയം പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ വരെ പ്രകടിപ്പിക്കുന്നതില്‍ കമോസി രോഷം അറിയിച്ചു.
🗞🏵 *അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പിസി ജോർജ് എംഎൽഎ.* നിയമസഭയിലെ ചോദ്യോത്തരവേളയാണ് വേദി. ജീവിത ശൈലി രോഗങ്ങളെ തടയാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് ആരോഗ്യ മന്ത്രിയാണ് മറുപടി പറഞ്ഞത്.ഗൗരവതരമായ ചോദ്യങ്ങൾക്കും മറുപടികൾക്കുമിടയിലായിരുന്നു പി സി ജോർജിന്റെ രംഗ പ്രവേശം.
🗞🏵 *ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്*. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
🗞🏵 *ലവ് ജിഹാദിന്റെ ഭാഗമായി വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയെന്ന് മാതാവിന്റെ പരാതി.* പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി നല്‍കി. കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെണ്‍കുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും അമ്മ പറയുന്നു.
മാനന്തവാടിക്കടുത്ത സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സാദിഖ് എന്ന യുവാവ് വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകും മുമ്പ് മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സാദിഖിനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കണം. മകളെ മയക്കുമരുന്ന് നല്‍കിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂള്‍ബാര്‍ നടത്തിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
🗞🏵 *കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കടവില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ തൂങ്ങി മരിച്ചസംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.* ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സിഐ പി.കെ. പത്മരാജന്‍, എസ്ഐ ഇ.ആര്‍. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നോട്ടുബുക്കില്‍ നിന്നും ചീന്തിയെടുത്ത തുണ്ടുകടലാസില്‍ തെറ്റുചെയ്തവര്‍ക്ക് മാപ്പില്ല എന്നെഴുതിയ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
🗞🏵 *രാജ്യത്തിൻറെ സെൻസസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.* ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നതിന് നടപടിയൊന്നും എടുത്തിട്ടില്ല.
🗞🏵 *ജോലി തെരഞ്ഞ് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സര്‍ക്കാറിന്റെ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗിയ്ക്കൂ .* ദൈനംദിന ഗാര്‍ഹികവ്യാവസായികാവശ്യങ്ങള്‍ക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പിനാണ് തൃശൂര്‍ ജില്ലയില്‍ തുടക്കമിട്ടത്.
🗞🏵 *സൈനികരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തിയേക്കുമെന്ന് സൂചന.* പെന്‍ഷന്‍ ചെലവ് കുറയ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് മൂന്ന് സേനാ വിഭാഗം മേധാവികളുമായി ചര്‍ച്ച നടത്തി. ജവാന്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.2010ല്‍ 41,000 കോടിയായിരുന്ന മിലിറ്ററി പെന്‍ഷന്‍ ബജറ്റ് 1.32 ലക്ഷം കോടിയായാണ് ഉയര്‍ന്നത്.
🗞🏵 *200 കിലോമീറ്റര്‍ വേഗതയില്‍ കുതിയക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍.* സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
🗞🏵 *കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി ,* മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും .
ഏഴംകുളം തേപ്പുപാറയില്‍ കളീലുവിളയില്‍ കാര്‍ത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകള്‍ കലയുടെ വിവാഹമാണ് അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്നത്. .
🗞🏵 *മുപ്പത് വര്‍ഷത്തിലധികമായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡാണ് കോതമംഗലം പലവന്‍പടിയില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് വനംവകുപ്പ് ചങ്ങലയിട്ട് ഗതാഗതം തടഞ്ഞിരിക്കുന്നത്.* മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതാണ്. വടാട്ടുപാറയില്‍ നിന്ന് ഇതുവഴി മൂന്നര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.
🗞🏵 *ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.* ഏഴ് നിലയുള്ള ഒപി ബ്ലോക്കാണ് പ്രധാനമായും നിര്‍മിക്കുക. ഇതിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.കിഫ്ബി വഴി 117 കോടി രൂപ ചിലവഴിച്ചാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയെ ആധുനികവത്കരിക്കുന്നത്.
🗞🏵 *യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.* കൊറോണ ബാധിതനുമായി അടുത്ത് ഇടപഴകിയ ഇന്ത്യന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.
🗞🏵 *വിമാന യാത്രയിലും പോക്കറ്റടി.* കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് പോക്കറ്റിടിക്ക് ഇരയായത്. വിമാന യാത്രയ്ക്കിടെയാണ് സംഭവം.ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപയാണ് മീണയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്.
🗞🏵 *ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് ഡിപിക്യുഎസ് (പ്ലാന്‍റ് പ്രൊട്ടക്ഷന്‍,* ക്വാറന്‍റീന്‍ ആന്‍ഡ‍് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 900 ലധികം മരണങ്ങളും 40,000 അധികം അപകടകരമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.
🗞🏵 *അവിവാഹിതായ, അഗതികളായ അമ്മമാർക്ക് ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ സ്പർശം* . പ്രതിമാസം 2000 രൂപ വരെ ധനസഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ചൂഷണങ്ങളിലൂടെ അമ്മമാരായ അവിവാഹിതരും കുഞ്ഞുങ്ങൾ നിലവിലുള്ളവരുമായിരിക്കണം അപേക്ഷകർ. 65 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
🗞🏵 *ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഫെബ്രുവരി 12ാം തീയതി ബുധനാഴ്ച തൊഴില്‍ മേള.* രാവിലെ പത്ത് മണിക്കാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ബിരുദധാരികള്‍ക്കും അവസാന വര്‍ഷക്കാര്‍ക്കും പങ്കെടുക്കാം. ബയോഡാറ്റ സഹിതം എത്തണം. ഫോണ്‍: 9847194729
🌼🌼🍀🌼🌼🍀🌼🌼🍀🌼🌼
*ഇന്നത്തെ വചനം*
തന്നില്‍ വിശ്വസി ച്ചയഹൂദരോട് യേശു പറഞ്ഞു: എന്‍െറ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്‍െറ ശിഷ്യരാണ്.
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്‍െറ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍െറ അടിമയാണ്.
അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.
നിങ്ങള്‍ അബ്രാഹത്തിന്‍െറ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്‍െറ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
എന്‍െറ പിതാവിന്‍െറ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
യോഹന്നാന്‍ 8 : 31-38
🌼🌼🍀🌼🌼🍀🌼🌼🍀🌼🌼
*വചന വിചിന്തനം*
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
യേശു യഹൂദരോട് ആവശ്യപ്പെടുന്നത്, അടിമകളായിരിക്കാതെ പുത്രരായിരിക്കാനാണ് (8:34-35). പാപം ചെയ്യുന്നവനാണ് അടിമ. പുത്രനോ സ്വാതന്ത്ര്യം അനുഭവിക്കുന്നവനും (8:36). യേശുസാന്നിധ്യമാണ് നിന്നെ സ്വതന്ത്രനാക്കുന്നത് (8:36). നീ ദൈവസാന്നിധ്യം അനുഭവിക്കുന്നുവെങ്കില്‍ നീ പുത്രനാണ്; അല്ലെങ്കില്‍ നീ അടിമയായിത്തുടരുന്നു.
ജി. കടൂപ്പാറ
🌼🌼🍀🌼🌼🍀🌼🌼🍀🌼🌼
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*