ലാഹോര്‍: തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയില്‍ പ്രസ്താവിച്ച പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് മതനിന്ദയുടെ പേരില്‍ വധശിക്ഷ നല്‍കണമെന്ന ഇസ്ലാമിക മതപണ്ഡിതന്മാര്‍. മെഹക് കുമാരി എന്ന പെണ്‍കുട്ടിയാണ് തന്നെ നിര്‍ബന്ധിച്ച്‌ മത പരിവര്‍ത്തനം നടത്തി എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ചതെന്നും മെഹക് മുന്‍പ് മൊഴി നല്‍കിയിരുന്നു.

അതേസമയം പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്നും സര്‍ക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേര്‍ന്നുകൊണ്ടാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതെന്നും ആരോപിച്ച്‌ പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം നടത്തിയിരുന്നു.