തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വിഷയം പി.ടി.തോമസ് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധിക്കെതിരേ നിയമ നടപടി തുടരില്ലെന്ന് മന്ത്രി പറഞ്ഞു. ഭാരപരിശോധന മൂലം പാലത്തിന് വിള്ളലുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് എതിര്‍ക്കുന്നത്. എറണാകുളത്തുകാര്‍ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നമില്ല. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മറ്റൊരിടത്തും ഈ സ്ഥിതിയില്ലെന്നും ജി.സുധാകരന് വ്യക്തമാക്കി.