തിരുവനന്തപുരം: ഗർഭഛിദ്രത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനം രാജ്യത്ത് മരണ സംസ്കാരം വളർത്തുമെന്ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ആറുമാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമഭേദഗതി ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും ജീവന് വിലകൽപ്പിക്കാത്ത സ്വാർഥത നിറഞ്ഞ മരണ സംസ്കാരത്തിലേക്കും മനുഷ്യകുലത്തെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ജീവൻ നൽകാൻ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെപ്പോലും ഇല്ലാതാക്കാൻ അവകാശമില്ല. അതിനാൽ ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള പുതിയ ഭേദഗതി നിയമം സർക്കാർ പിൻവലിക്കണമെന്നും എല്ലാ ജനവിഭാഗങ്ങളെയും ജനിക്കാൻ പോകുന്നവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന് രൂപം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ ജീവിക്കാൻ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യമെന്നും ഈ നിയമഭേദഗതിക്കെതിരെ എല്ലാ മനുഷ്യസ്നേഹികളും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമഭേദഗതിക്കെതിരേ മാർച്ച് 25 ന് കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവൻ പരിപോഷണ സെമിനാറുകളും റാലികളും സംഘടിപ്പിക്കുമെന്നും ആർച്ച്ബിഷപ് അറിയിച്ചു.