ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ച്‌ വിശദീകരണം തേടി സുപ്രീം കോടതി. മേജര്‍ രവി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസിനോട് ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.
തീരദേശ പരിപാലന നിയമം ലംഘിച്ച്‌ കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് വാദിച്ചാണ് മേജര്‍ രവിയുടെ ഹര്‍ജി. വിഷയം അതീവ ഗൗരവം ഉള്ളതാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സുപ്രീംകോടതി വിധിയെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ളാറ്റ് മേജര്‍ രവിയുടേതായിരുന്നു. മരടില്‍ തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് കേരളം സത്യവാംങ്മൂലം നല്‍കിയിരുന്നു. ഇതേകുറിച്ച്‌ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതു പൊളിച്ചു നീക്കുന്നതിനെതിരെ മേജര്‍ രവി ഉള്‍പ്പെടെ പല പ്രമുഖരും രംഗത്തെത്തുകയും ചെയ്തിരുന്നു.