ജനറല്‍ ദെഫീല്‍ഡ് സമര്‍ത്ഥനായ ഗണിതശാസ്ത്രത്രജ്ഞനായിരുന്നു. ലോഗരിതത്തില്‍ അദ്ദേഹത്തിന് അതീവ പാണ്ഡിത്യമുണ്ടായിരുന്നു. ഗണിതശാസ്ത്രശാഖയിലെ ഈ വിഭാഗത്തെക്കുറിച്ച് വിശദമായി പഠിച്ച് ഒരു ബൃഹ്തഗ്രന്ഥം രചിയ്ക്കാന്‍ ദെഫീല്‍ഡ് തീരുമാനിച്ചു. രണ്ടരപതിറ്റാണ്ടോളം കഷ്ടപ്പെട്ട് അദ്ദേഹം ലോഗരിതത്തില്‍ പില്‍ക്കാലത്ത് മഹാത്ഭുതമായി മാറേണ്ട ~ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. കഠിനമായ തപസ്യയിലൂടെ പൂര്‍ത്തീകരിച്ചതായിരുന്നു ആ ഗ്രന്ഥം. ചില സംഖ്യകളുടെ ഗണിതരൂപങ്ങള്‍ മനസിലാക്കിയെടുക്കാന്‍ രാവ് പകലാക്കി മാറ്റേണ്ടിവന്നു. വിശ്രമവും ഭക്ഷണവും ഉപേക്ഷിക്കേണ്ടതായും വന്നു. ദെഫീല്‍ഡ് താനെഴുതി തയ്യാറാക്കിയ ഗണിതശാസ്ത്ര പഠനങ്ങള്‍ ഒരു സ്യൂട്ട്‌കെയ്‌സിനുളളിലാക്കി കൂടെക്കൊണ്ട് നടന്നു. എവിടെയും അദ്ദേഹത്തിന്റെ സന്തതസഹചാരിയായി ഈ സ്യൂട്ട്‌കെയ്‌സ് കൂടെയുണ്ടാവും. ഒരു അമൂല്യവസ്തുവായി അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു. പക്ഷേ രണ്ട് തസ്‌കരന്മാര്‍ ഈ സമയത്തെല്ലാം അദ്ദേഹത്തെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു. ബാഗിന്റെ സംരക്ഷണം അദ്ദേഹം കര്‍ക്കശമാക്കുന്നത് കണ്ടതോടെ അതിലെന്തോ വിലപിടിച്ച വസ്തുവുണ്ടെന്ന ധാരണ അവരില്‍ ശക്തമായി.
ഒരിക്കല്‍ തിരക്ക് കുറഞ്ഞ വഴിയില്‍ ദെഫീല്‍ഡ് ബാഗ് നിലത്തൊന്നുവെച്ചതേയുളളു. തസ്‌കരന്മാര്‍ അത് അപ്പോള്‍ തന്നെ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. നടുങ്ങിത്തരിച്ചുപോയ ദെഫീല്‍ഡ് കവര്‍ച്ചക്കാരെ അന്വേഷിച്ച് നാലുപാടും ഓടി. തന്റെ നിരന്തരപരിശ്രമത്തിന്റെ ഫലമായ ഗണിതശാസ്ത്രരേഖകള്‍ കൈമോശം വന്നുവെന്നു പറഞ്ഞപ്പോള്‍ അതുകേട്ട ജനസമൂഹം ചിരിച്ചു. തന്റെ കാശൊന്നും പോയില്ലല്ലോ എന്നായിരുന്നു അവരുടെയെല്ലാം വാക്കുകള്‍.
ആ കടലാസുകള്‍ കവര്‍ച്ചക്കാര്‍ ചീന്തിയെറിയുമെന്നും ആ കണക്കുകള്‍കൊണ്ട് അവര്‍ക്ക് യാതൊരു നേട്ടവും ഇല്ലെന്നും അറിയാമായിരുന്ന ദെഫീല്‍ഡ് പലസ്ഥലത്തും അന്വേഷണം വ്യാപിപ്പിച്ചു. നിരാശ മാത്രമായിരുന്നു ഫലം. ഒടുവില്‍ കളളന്മാരോട് ക്ഷമിച്ചിട്ട് മറ്റൊന്ന് എഴുതാന്‍ ആത്മാവ് ദെ ഫീല്‍ഡിനെ തോന്നിപ്പിച്ചു. തോന്നല്‍ ശക്തമായതോടെ മറ്റൊന്ന് എഴുതാന്‍ തന്നെ ദെഫീല്‍ഡ് തീരുമാനിച്ചു. കളളന്മാരോട് ഹൃദയത്തില്‍ ക്ഷമിച്ചതായി ദൈവസന്നിധിയില്‍ അദ്ദേഹം ഏറ്റുപറഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്മൃതി മണ്ഡലം വിടര്‍ന്നു. മറന്നുപോകാതെ ഓരോ കാര്യങ്ങളും പേപ്പറിലേക്ക് പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നേരത്തേ 25 വര്‍ഷം കൊണ്ട് തയാറാക്കിയ ആദ്യത്തെ കയ്യെഴുത്തു പ്രതിയേക്കാളും മനോഹരമായി മറ്റൊന്ന് നാലുമാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ദെഫീല്‍ഡിന് കഴിഞ്ഞു. തസ്‌കരന്മാരോട് ഹൃദയത്തില്‍ ക്ഷമിച്ചതുകൊണ്ടാണ് രണ്ടാമതൊന്നു കൂടി എഴുതാന്‍ ദേഫീല്‍ഡിന് സാധിച്ചത്. ഹദയപൂര്‍വ്വം ക്ഷമിക്കുന്നവര്‍ക്ക് ആത്മസന്തോഷവും ദൈവിക സമാധാനവും ലഭിക്കുന്നു. കുറെക്കൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരാനും അവര്‍ക്ക് കഴിയുമെന്ന് സാരം.

ജയ്‌മോന്‍ കുമരകം