തൃശൂര്‍: പിണറായി വിജയന് ഭീരുവായ രാഷ്ട്രീയക്കാരനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭീരുവായ രാഷ്ടീയക്കാരനാണ് പിണറായി. വാളും പരിചയുമൊക്കെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന് ഒരു വാളുമില്ല, വടിവാളുമില്ല. യുഎപിഎ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാനുള്ള തീരുമാനം ഡിജിപിയാണ് എടുത്തതെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ, ഫയലുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ആ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഏജന്റായാണ് ഡിജിപി പ്രവര്‍ത്തിക്കുന്നതെന്ന സംശയം വീണ്ടും ബലപ്പെട്ടിരിക്കുന്നു. പൗരത്വഭേദഗതി നിയമ പ്രശ്നത്തില്‍ മുസ്ലിം ലീഗ് സിപിഎമ്മിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് “ന്യൂനപക്ഷം ഒരിക്കലും സിപിഎമ്മിനൊപ്പം നിന്നിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ സിപിഎം വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലം വിഷയത്തില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന എഞ്ചിനിയര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. ഇത് തന്നെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തെളിവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.