തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്‍റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ അത് ചെയ്യാമെന്നും മന്ത്രി പറഞ്ഞു.ഇതിന് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് നല്‍കും എന്നും മന്ത്രി പറഞ്ഞു.തിരുവാഭരണം പന്തളംകൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്ന ആശങ്ക ഇന്നലെ സുപ്രിംകോടതി പങ്കുവെച്ചതിനുളള പ്രതികരണമായാണ് മന്ത്രിയുടെ വാക്കുകള്‍. തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.തിരുവാഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണെന്നും ഇതില്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണ ആവശ്യപ്പെട്ടു.

പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു.