യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം 23-24 വാക്യങ്ങള്: ‘ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര് ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.’ ആരാധനയുടെ ആത്മാവില് സത്യം നിറഞ്ഞുനില്ക്കണം.
ദശകങ്ങളായി സീറോ മലബാര് സഭയുടെ ആശങ്കകളില് പരിഹരിക്കപ്പെടാത്ത ഒരു പ്രതിസന്ധിയാണ് സഭയുടെ ആരാധനാക്രമം. ചര്ച്ചകളിലും തീരുമാനങ്ങളിലും പരിഹരിക്കപ്പെടാതെ കാലത്തെ അതിജീവിച്ച് അത് നിലനില്ക്കുകയാണ്. ഈ നാളുകളില് വീണ്ടും ഈ വിഷയം ചര്ച്ചകള്ക്ക് വിഷയമായിത്തീരുമ്പോള് അത്തരം ആശയക്കുഴപ്പങ്ങള്ക്ക് പിന്നിലെ ചരിത്രത്തെയും അതിനുവേണ്ടി പക്ഷംചേരുന്നവരുടെ വാദങ്ങളെയും സഭാതലത്തില് നടക്കുന്ന ഐക്യത്തിനായുള്ള ശ്രമങ്ങളെയുമാണ് സത്യാന്വേഷി ഈ ലക്കം വിശകലനം ചെയ്യുന്നത്.

1. മാര്‌ത്തോമ്മാ നസ്രാണികളുടെ ചരിത്രവും പ്രതിസന്ധികളുടെ ആരംഭവും

തോമ്മായുടെ നിയമമനുസരിച്ച് (Law of Thoma) സഭാധിഷ്ഠിതജീവിതം നയിച്ചവരായിരുന്നു കേരളത്തിലെ മാര്‌ത്തോമ്മാ നസ്രാണികള്. കല്ദായസഭയില് നിന്നു വന്നിരുന്ന മെത്രാന്മാരും മാര്‌ത്തോമ്മാ നസ്രാണി സഭയില്‌പ്പെട്ട ആര്ച്ചുഡീക്കന്മാരും ചേര്ന്നാണ് സഭാഭരണം നടത്തിയിരുന്നത്. ഭാരതസഭയുടെ തലവന് അറിയപ്പെട്ടിരുന്നത് ‘ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തായും കവാടവും’ (Metropolitan and Gate of whole India) എന്നാണ്. ഭാരതം മുഴുവനിലും അധികാരമുണ്ടായിരുന്ന ഈ മെത്രാപ്പോലീത്തായുടെ പരമാധികാരത്തെക്കുറിക്കുന്ന പദമാണ് ‘കവാടം’ എന്നത്. സഭാംഗങ്ങളുടെ സാമൂഹികവും മതപരവുമായ നേതൃത്വം കൈയ്യാളിയിരുന്ന ആര്ച്ചുഡീക്കന് അവിവാഹിതനായ ഒരു പുരോഹിതനായിരുന്നു. ‘ജാതിക്ക് കര്ത്തവ്യന്’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും. ഇടവകഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശ്ശീയവൈദികരും ഉള്‌പ്പെട്ടിരുന്ന പള്ളിയോഗം ഇടവകയുടെ ആത്മീയ-ഭൗതിക മേല്‌നോട്ടം വഹിച്ചിരുന്നു.

1498 മെയ് 21-ന് കോഴിക്കോട്, കാപ്പാട് പോര്ട്ടുഗീസ് നാവികനായ വാസ്‌കോഡ ഗാമ കപ്പലിറങ്ങുന്നതോടെയാണ് നസ്രാണിസഭയുടെ ചരിത്രത്തിന് വഴിത്തിരിവുകളുണ്ടാകുന്നത്. ഇന്ത്യ കണ്ടെത്തിയതിന്റെ സന്തോഷത്തില് ഗാമ തിരികെപ്പോയെങ്കിലും ഗാമ വന്ന വഴിയേ 1500 ആഗസ്റ്റ് 30-ന് കബ്രാള് എന്ന നാവികനും കൂടെ എട്ട് ഫ്രാന്‌സിസ്‌കന് വൈദികരും കേരളത്തിലെത്തി. പിന്നീട് വീണ്ടും 1502 ഒക്ടോബര് 18-ന് കേരളത്തിലെത്തിയ ഗാമയുമായി മുഹമ്മദീയരുടെ ആക്രമണങ്ങളില് നിന്ന് രക്ഷനേടുവാന് നസ്രാണികള് സന്ധിയിലെത്തി. അന്നുവരെ ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നസ്രാണികള് ആദ്യമായി പ്രബലമായൊരു ക്രൈസ്തവരാജ്യമുണ്ടെന്നറിഞ്ഞ് സന്തോഷിക്കുകയും പോര്ച്ചുഗീസുകാരുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.

2. പോര്ച്ചുഗീസുകാര് കേരളത്തില് വരാനുണ്ടായ സാഹചര്യം.

അന്നത്തെ മാര്പ്പാപ്പയുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ ഫലമായിട്ടാണ് അവര് ഇവിടെ വരാനിടയായത്. അന്നത്തെ മാര്പ്പാപ്പ റോമിന്റെ കിഴക്കുഭാഗവും പടിഞ്ഞാറുഭാഗവുമായി ലോകത്തെ രണ്ടായി വിഭജിച്ചു. അമേരിക്ക ലാറ്റിനമേരിക്ക ഉള്‌പ്പെടുന്ന പടിഞ്ഞാറു ഭാഗങ്ങള് സ്‌പെയിന് രാജാവിനും ഇന്ത്യ തുടങ്ങി കിഴക്കു ഭാഗത്തുള്ള രാജ്യങ്ങള് പോര്ച്ചുഗീസ് രാജാവിനും ഏല്പിച്ചു കൊടുത്തു. ഈ എഗ്രിമെന്റ് അറിയപ്പെട്ടിരുന്നത് പാഡ്രോആദോ എന്നാണ്. പദ്രുവാദോ അധികാരപ്രകാരം അവര് പോകുന്ന രാജ്യങ്ങളില് മിഷന് പ്രവര്ത്തനം നടത്തി അവിടെ ക്രിസ്തീയവിശ്വാസം സ്ഥാപിച്ച് അവര്ക്ക് മെത്രാന്മാരെ നല്കിയാല് മാത്രമാണ് കച്ചവടത്തിനുള്ള അവകാശം അവര്ക്കു ലഭിക്കുക. ഈ എഗ്രിമെന്റെ് നിലനില്‌ക്കെയാണ് പോര്ട്ടുഗീസുകാര് ഇന്ത്യയിലേക്ക് മിഷനറിപ്രവര്ത്തനത്തേക്കാളേറെ കച്ചവടതാല്പര്യങ്ങള് ലക്ഷ്യം വെച്ച് വന്നത്. എന്നാല് മറ്റു സ്ഥലങ്ങില്‌നിന്നും വിഭിന്നമായി ഇവിടെ ഒരു പ്രബല ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നു. തുടക്കത്തില് ഇവിടെയുള്ള ക്രൈസ്തവ സമൂഹവുമായി അവര് സഹകരിച്ചു പോയെങ്കിലും നേരേത്തെ സൂചിപ്പിച്ച പാഡ്രോആദോ എഗ്രിമെന്റ് പ്രകാരം ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തെ തങ്ങളുടെ മിഷനറി പ്രവര്ത്തനത്തിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നു വരുത്തിയാല് മാത്രമേ പോര്ച്ചുഗീസ്‌കാര്ക്ക് കച്ചവടത്തിന്റെ കുത്തക കിട്ടുമായിരുന്നുള്ളു.

മാത്രവുമല്ല, തങ്ങള് പിന്തുടര്ന്നു വന്നിരുന്ന സഭാ പാരമ്പര്യങ്ങളില്‌നിന്ന് വ്യത്യസ്തമായ, നസ്രാണികളുടെ ജീവിതശൈലിയോട് പോര്ച്ചുഗീസ് മിഷനറിമാര്ക്ക് അത്ര മതിപ്പ് ഉണ്ടായിരുന്നില്ല. ഇവിടെയുള്ള ക്രൈസ്തവ സമൂഹങ്ങളെ പാഷണ്ഡതകള് പിന്തുടരുന്നവരായാണ് അവര് കരുതിയത്. യഥാര്ത്ഥ ക്രൈസ്തവരാകണമെങ്കില് അവര് ലത്തീന് ശൈലി പിന്തുടരുന്ന കത്തോലിക്കരായിരിക്കണമെന്ന് പോര്ച്ചുഗീസുകാര് വിശ്വസിച്ചിരുന്നു. എന്നാല് രണ്ടാം തരം ക്രിസ്ത്യാനികളായി തങ്ങളെ പോര്ച്ചുഗീസുകാര് പരിഗണിക്കുന്നതിനെ നസ്രാണികളും അംഗീകരിച്ചില്ല. തങ്ങള് തോമ്മായുടെ നിയമവും പാശ്ചാത്യര് പത്രോസിന്റെ നിയമവും അനുസരിക്കുന്നവരാണെന്നും വിശ്വാസത്തിന്റെ കാര്യത്തില് എല്ലാവരും സഹോദരങ്ങളായിരിക്കുമ്പോഴും ആചാരങ്ങളുടെയും ആരാധനാക്രമത്തിന്റെയും കാര്യത്തില് വ്യത്യസ്തതകള് അനുവദിക്കപ്പെടേണ്ടതുണ്ടെന്നും അവര് വാദിച്ചു. തോമ്മായുടെ നിയമത്തെ തകിടം മറിച്ച് ലത്തീന് രീതികള് അടിച്ചേല്പിക്കാന് പാശ്ചാത്യര് ശ്രമം നടത്തിയപ്പോഴെല്ലാം നസ്രാണികള് അതിനെ ചെറുത്തു നിന്നിരുന്നു.

3. ലത്തീന് ഭരണത്തിന്കീഴില് മാര്‌ത്തോമ്മാ നസ്രാണി സഭക്ക് എന്ത് സംഭവിച്ചു?

നസ്രാണികള് ഭയപ്പെട്ടതുപോലെ തന്നെ മാര്‌ത്തോമ്മാ നസ്രാണിസഭ സാവധാനം ലത്തീന് മിഷനറിമാരുടെ ഭരണത്തിന് കീഴിലായി. ഗോവ മെത്രാപ്പോലീത്തായായിരുന്ന അലക്‌സിസ് ഡോം മെനേസിസ് 1599 ജൂണ് 20-ന് ഉദയംപേരൂരില് വിളിച്ചു കൂട്ടിയ സൂനഹദോസിലൂടെ തികച്ചും ഭാരതീയവും പൗരസ്ത്യവുമായിരുന്ന മാര്‌ത്തോമ്മാ നസ്രാണിസഭയെ പാശ്ചാത്യരീതികളോട് താദാത്മ്യപ്പെടുത്താന് അവര്ക്ക് സാധിച്ചു. ഈ സൂനഹദോസിലൂടെ പല തീരുമാനങ്ങളും മാര്‌ത്തോമാ നസ്രാണി സഭയുടെ മേല് അടിച്ചേല്പിക്കപ്പെടുകയാണുണ്ടായത്. നാട്ടില് നിലനിന്നിരുന്ന ചില അനാചാരങ്ങളുടെ വേരറുക്കാന് സൂനഹദോസ് സഹായകമായി. നസ്രാണിസഭയെ സംബന്ധിച്ചിടത്തോളം ഗുണദോഷ സമിശ്രമായ ഒന്നായിരുന്നു ഉദയംപേരൂര് സൂനഹദോസ്. 1653 ജനുവരി 3-ന് നടന്ന കൂനന്കുരിശു സത്യത്തെ ഉദയംപേരൂര് സൂനഹദോസിന്റെ അനന്തരഫലമെന്നുതന്നെ വേണമെങ്കില് വിശേഷിപ്പിക്കാം. പതിനഞ്ചോളം നൂറ്റാണ്ടുകള് ഐക്യത്തിലും സ്‌നേഹത്തിലും കഴിഞ്ഞിരുന്ന സുറിയാനികത്തോലിക്കരുടെ ഇടയില് അകല്ച്ചകള് സൃഷ്ടിക്കാനും പുത്തന്കൂറെന്നും പഴയകൂറെന്നും വേര്തിരിച്ച് നിര്ത്താനും തുടര്ന്ന് വന്ന പല വിഭജനങ്ങള്ക്കും ഉദയംപേരൂര് സൂനഹദോസ് കാരണമായി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

പൗരസ്ത്യ സുറിയാനി പാത്രിയാര്ക്കീസിന് ഭാരതസഭയില് അധികാരം നഷ്ടപ്പെട്ടു. കല്ദായസഭയുമായുള്ള ബന്ധം പാടേ ഇല്ലാതായി. മാര്പാപ്പ നിശ്ചയിക്കുന്ന മെത്രാന്മാര് നസ്രാണികളെ ഭരിക്കാനാരംഭിച്ചു. അങ്കമാലി മെത്രാപ്പോലീത്താക്ക് ആകമാന ഇന്ത്യയുടെ മേലുണ്ടായിരുന്ന അധികാരം ഇല്ലാതാവുകയും ഗോവ അതിരൂപതയുടെ സാമന്തരൂപതയായി അങ്കമാലിയെ തരംതാഴ്ത്തുകയും ചെയ്തു. ആര്ച്ചുഡീക്കന് പദവിക്കുണ്ടായിരുന്ന ഔന്നത്യവും അന്തസ്സും ഉദയംപേരൂര് സൂനഹദോസിലൂടെ ഇല്ലാതായി. ഇടവകവിഭജനരീതി ലത്തീന് ക്രമത്തോട് അനുരൂപപ്പെടുത്തി. വികാരിമാരെ മെത്രാന് നിയമിക്കുന്ന പതിവ് നിലവില് വന്നു. പള്ളിയോഗങ്ങളുടെ സ്ഥാനം അതോടെ നഷ്ടപ്പെട്ടു.

ഉദയം പേരൂര് സൂനഹദോസിനു ശേഷം ദേവാലയങ്ങള് പോര്ട്ടുഗീസ് മാതൃകയില് പണിയാനാരംഭിച്ചു. വിശുദ്ധരുടെ പ്രതിമകള് പള്ളികളില് സ്ഥാപിക്കാന് ആരംഭിച്ചു. വൈദികര്ക്ക് ബ്രഹ്മചര്യം നിര്ബന്ധിതമാക്കി. രഹസ്യക്കുമ്പസാരത്തിന്റെ രീതി ആരംഭിച്ചു. നസ്രാണികള്ക്കിടയിലുണ്ടായിരുന്ന ഹൈന്ദവമായ ആചാരാനുഷ്ഠാനങ്ങള് വിലക്കി. അതേസമയം നസ്രാണി ദേവാലയങ്ങളില് സ്ലീവായ്ക്കും വേദപുസ്തകത്തിനും ഉണ്ടായിരുന്ന പ്രാധാന്യം കുറഞ്ഞു. പൗരസ്ത്യസുറിയാനി വിശുദ്ധരുടെ തിരുനാളുകളുടെ എണ്ണം ചുരുങ്ങി. നോമ്പിന്റെ എണ്ണം വെട്ടിച്ചുരുക്കി. കൂദാശകളുടെ അനുഷ്ഠാനക്രമം ലത്തീന് റീത്തിലേതുപോലെയാക്കി. ലത്തീന് റീത്തിലുള്ള തിരുവസ്ത്രങ്ങള് ദേവാലയങ്ങളിലുപയോഗിക്കാന് ആരംഭിച്ചു. ഭദ്രമായി പള്ളികളുടെ അറപ്പുരകളില് സൂക്ഷിച്ചിരുന്നവയും പഴയ പാരമ്പര്യങ്ങള് രേഖപ്പെടുത്തിയിരുന്നവയുമായ താളിയോല ഗ്രന്ഥങ്ങള് മുഴുവനും തീയിട്ട് നശിപ്പിക്കുകയോ തിരുത്തുകയോ ചെയ്തു. പുരാതനഗ്രന്ഥങ്ങള് പലതും ഇപ്രകാരം നശിപ്പിക്കപ്പെട്ടത് അക്കാദമികലോകത്തിനും ചരിത്രത്തിനും വലിയ നഷ്ടമാണ് സമ്മാനിച്ചത്.

4. സ്വതന്ത്രമാകുന്ന മാര്‌ത്തോമ്മാ നസ്രാണി സഭ

ഏതാണ്ട് മുന്നൂറ് വര്ഷക്കാലം നീണ്ട ലത്തീന് ഭരണത്തില് നിന്ന് വിടുതല് നല്കി 1887 മെയ് 20-ന് ലെയോ പതിമൂന്നാമന് മാര്പാപ്പയുടെ ക്വോദ് യാംപ്രീദം എന്ന തിരുവെഴുത്ത് വഴി മാര്‌ത്തോമ്മാ നസ്രാണികള്ക്ക് വേണ്ടി കോട്ടയം തൃശ്ശൂര് വികാരിയാത്തുകള് സ്ഥാപിക്കപ്പെട്ടു. എങ്കിലും വികാരിയാത്തുകള് ഭരിച്ചിരുന്നത് ലത്തീന് മെത്രാന്മാര് തന്നെയായിരുന്നു. പ്രത്യേക അഭ്യര്ത്ഥനപ്രകാരം വികാരി ജനറാള്മാരായി സുറിയാനിക്കാരെ നിയമിച്ചു. നാട്ടുമെത്രാന്മാരെത്തന്നെ ലഭിക്കാനുള്ള പരിശ്രമങ്ങള് നടത്തിയതിന്റെ ഫലമായി 1896-ല് ലെയോ പതിമൂന്നാമന് മാര്പാപ്പ ചങ്ങനാശ്ശേരി, എറണാകുളം, തൃശ്ശൂര് എന്നീ മൂന്ന് വികാരിയാത്തുകളായി സഭാഭരണസംവിധാനം പുനക്രമീകരിക്കുകയും അവിടങ്ങളില് നാട്ടുമെത്രാന്മാരെത്തന്നെ നിയമിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മൂന്ന് വികാരിയാത്തുകള് നല്കിയത് എന്ന ചോദ്യം പ്രസക്തമാണ്. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന അപ്പസ്‌തോലിക് ഡലഗേറ്റ് ആര്ച്ച്ബിഷപ്പ് ലേഡ്സ്ലാവസ് സലേസ്‌കിയുടെ നിര്‌ദ്ദേശത്തെത്തുടര്ന്ന് പ്രത്യേകം അതിര്ത്തികളില്ലാതിരുന്ന രണ്ട് വികാരിയാത്തുകള്ക്ക് ഇന്ത്യ മുഴുവന് സ്വാഭാവികമായി ഉണ്ടായിരുന്ന അധികാരത്തെ പരിമിതപ്പെടുത്താന് വേണ്ടിയാണ് അവയെ മൂന്നാക്കി മാറ്റിയതും ഓരോന്നിന്റേയും അതിര്ത്തികള് നിശ്ചയിച്ചതും. മൂന്ന് വികാരിയാത്തുകളും അവയ്ക്ക് നാട്ടുമെത്രാന്മാരും ലഭിച്ചതോടെ വെട്ടിച്ചുരുക്കപ്പെട്ട അധികാരപരിധിയെക്കുറിച്ച് ആര്ക്കും ആകുലതയുണ്ടായില്ല. തുടര്ന്ന്, 1911-ല് തെക്കുംഭാഗം സമുദായത്തിനുവേണ്ടി കോട്ടയം വികാരിയാത്ത് രൂപംകൊണ്ടു.

പിന്നീട് 1923 ഡിസംബര് 21-ാം തിയതി പതിനൊന്നാം പിയൂസ് മാര്പാപ്പ ഹുമാനി പൊന്തിഫിച്ചസ് എന്ന തിരുവെഴുത്തിലൂടെ സീറോ മലബാര് ഹയരാര്ക്കി സ്ഥാപിച്ചു. എറണാകുളം അതിരൂപതയായും ചങ്ങനാശ്ശേരി, തൃശ്ശൂര്, കോട്ടയം എന്നിവ സാമന്തരൂപതകളായും പ്രഖ്യാപിക്കപ്പെട്ടു. പിന്നീടങ്ങോട്ട് വളര്ച്ചയുടെ നാളുകളായിരുന്നു. 1950-ല് പാലാ രൂപത, 1953-ല് തലശ്ശേരി രൂപത എന്നിവ സ്ഥാപിക്കപ്പെട്ടു. നാല് ഡിക്രികളിലൂടെ 1955 ഏപ്രില് 29-ാം തിയതി പന്ത്രണ്ടാം പിയൂസ് മാര്പാപ്പ മറ്റ് ധാരാളം പ്രദേശങ്ങള് ഉള്‌പ്പെടുത്തി സീറോ മലബാര് സഭയുടെ അതിര്ത്തികള് വിസ്തൃതമാക്കി. 1992 ഡിസംബര് 16-നാണ് വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ സീറോ മലബാര് സഭയെ മേജര് ആര്ച്ച് ബിഷപ്പ് തലവനായുള്ള മേജര് ആര്ക്കിഎപ്പിസ്‌കോപ്പല് സഭയായി പ്രഖ്യാപിച്ചത്. മാര്‌ത്തോമ്മാനസ്രാണിസഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു അത്. മേജര് ആര്ച്ച്ബിഷപ്പ് തലവനായുള്ള സ്വതന്ത്രസഭയായി മാറിയ സീറോ മലബാര് സഭ കേരളത്തിന് പുറത്തേക്കും ഇന്ത്യ മുഴുവനിലേക്കും വിദേശങ്ങളിലേക്കും വളര്ന്നു വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.

5. സ്വതന്ത്രയായ സീറോ മലബാര് സഭ ആരാധനാക്രമത്തെക്കുറിച്ച് എന്തു തീരുമാനിച്ചു?

സീറോ മലബാര് സഭയ്ക്ക് നഷ്ടപ്പെട്ടുപോയ ക്രമങ്ങള് വീണ്ടെടുക്കാനുള്ള ശ്രമങ്ങള് രണ്ടാം വത്തിക്കാന് സുനഹദോസിന് വളരെ മുന്പുതന്നെ തുടങ്ങുകയും കുര്ബാനക്രമത്തിന്റെ കാര്യത്തില് പുനരുദ്ധാരണം 1957-ല് തന്നെ പൂര്ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല് അതിനുശേഷം നടന്ന രണ്ടാം വത്തിക്കാന് സുനഹദോസിന്റെ ആഹ്വാനത്തെ തുടര്ന്ന് സീറോ മലബാര് സഭയുടെ ആരാധനാക്രമത്തിന്റെ പുനരുദ്ധാരണവും പരിഷ്‌കരണവും അനുരൂപണവും നടപ്പാക്കാന് ആരംഭിച്ചപ്പോള് അവയുടെ മുന്ഗണനാക്രമത്തെപ്പറ്റിയും അര്ത്ഥതലങ്ങളെപ്പറ്റിയും അഭിപ്രായ ഭിന്നതകള് ഉടലെടുത്തു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തില് കഴിഞ്ഞിരുന്ന കാലത്തേ ക്രമങ്ങളിലേയ്ക്ക് തിരികെപ്പോകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം മാത്രമേ പരിഷ്‌കരണവും അനുരൂപണവും സാദ്ധ്യമാകുകയുള്ളു എന്ന നിലപാടാണു സഭയില് ഒരുവിഭാഗം സ്വീകരിച്ചത്. അങ്ങനെ വരുമ്പോള് പാശ്ചാത്യസഭയില്‌നിന്നു ലഭിച്ച എല്ലാ ഘടങ്ങളേയും പൂര്ണ്ണമായും നീക്കംചെയ്യേണ്ടിയിരുന്നു. എന്നാല് പൗരസ്ത്യ സുറിയാനി സഭയുമായി സീറോ മലബാര് സഭ ഏതാണ്ട് നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില് മാത്രമാണു ബന്ധത്തില് വന്നതെന്നും അതിനാല് അതിനുമുന്പ് ഇവിടെ നിലനിന്നിരുന്ന ആരാധനാക്രമമാണ് പുനരുദ്ധരിയ്‌ക്കേണ്ടതെന്നും മറുവിഭാഗം വാദിച്ചു. മാത്രമല്ല 1599 മുതല് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ പാശ്ചാത്യസഭയില്‌നിന്നും മറ്റു സഭകളില്‌നിന്നും സ്വീകരിച്ചവ സീറോ മലബാര് സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമായി തീര്ന്നു എന്നും അവയില് പലതും ഈ സഭയുടെ ഉത്കര്ഷത്തിനു കാരണമായിട്ടുണ്ടെന്നും അതിനാല് അവ നീക്കം ചെയ്യുന്നത് പ്രായോഗികമോ യുക്തിയ്ക്ക് നിരക്കുന്നതോ അല്ലെന്നുമുള്ള കാരണവും ഉന്നയിക്കപ്പെട്ടു.

6. രണ്ടാം വത്തിക്കാന് സൂനഹദോസും വ്യത്യസ്ത അഭിപ്രായങ്ങളും

കാലികമായി കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങള് പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകത രണ്ടാം വത്തിക്കാന് സൂനഹദോസ് അതിന്റെ രേഖകളില് ഊന്നിപ്പറയുകയുണ്ടായി. പാരമ്പര്യം എന്നതില് ഓരോ സഭയുടെയും ഡിസിപ്ലിനും തിയോളജിയും സ്പിരിച്വാലിറ്റിയും ആരാധനാക്രമവും അടങ്ങിയിട്ടുണ്ട്. ഈ പ്രക്രിയയില് പുനരുദ്ധാരണം, പരിഷ്‌കരണം, അനുരൂപണം എന്നിങ്ങനെ മൂന്ന് കാര്യങ്ങള് ഉള്‌ക്കൊണ്ടിട്ടുണ്ട്. എന്നാല് നമ്മുടെ ചര്ച്ചകള് ആരാധനാക്രമത്തിലേക്ക് മാത്രം ശ്രദ്ധയൂന്നിയെന്നതാണ് ഇപ്പോള് നിലനില്ക്കുന്ന സംഘര്ഷങ്ങളുടെ കാരണമായി പറയാവുന്നത.് ആരാധനാക്രമത്തെപ്പറ്റി സൂനഹദോസ് പ്രസിദ്ധീകരിച്ച പ്രമാണരേഖയില് ഇപ്രകാരം പറയുന്നു: ‘ആരാധനക്രമം മഹത്വപൂര്ണ്ണമായ ലാളിത്യത്താല് പ്രശോഭിക്കണം; മിതഭാഷണം വഴി വ്യക്തമായിരിക്കണം. നിഷ്പ്രയോജനമായ ആവര്ത്തനങ്ങള് ഒഴിവാക്കണം. വിശ്വസികളുടെ ഗ്രഹണശക്തിക്ക് അനുരൂപപ്പെടുത്തിയവയായിരിക്കണം. അവ പൊതുവെ ഏറെ വിശദീകരണങ്ങള് ആവശ്യമുള്ളതാകരുത്’.(Sacrosanctum Concilium: No. 34). നിര്ഭാഗ്യവശാല് കുര്ബാനക്രമത്തിന്റെ പരിഷ്‌കരണത്തെ സംബന്ധിച്ച് സീറോ മലബാര് സഭയില് ഇതുവരെ ഏകാഭിപ്രായത്തില് എത്തിച്ചേരാന് കഴിഞ്ഞിട്ടില്ല. മറ്റ് കൂദാശാക്രമങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അതിന്റെ കാരണം രണ്ടാം വത്തിക്കാന് സൂനഹദോസ് പുറപ്പെടുവിച്ച പൗരസ്ത്യസഭകളേപ്പറ്റിയുള്ള രേഖയിലെ ഒരു പരാമര്ശമാണ്: ‘എല്ലാ പൗരസ്ത്യരും സ്വന്തം നിയമാനുസൃതമായ ആരാധനാക്രമരീതികളും ശിക്ഷണക്രമവും പാലിക്കാന് കഴിയുമെന്നും അതിന് കടപ്പെട്ടിരിക്കുന്നുവെന്നും നൈസര്ഗ്ഗീഗവും ജീവാത്മകവുമായ പുരോഗതിക്കുവേണ്ടിയല്ലാതെ ഒരു വ്യതിയാനവും അവയില് വരുത്താന് പാടില്ലെന്നും അറിയുകയും സുനിശ്ചിതമായി ബോധ്യപ്പെടുകയും ചെയ്യട്ടെ. അതുകൊണ്ട് ഇവയെല്ലാം പരമാവധി വിശ്വസ്തതയോടെ പൗരസ്ത്യരാല്ത്തന്നെ പാലിക്കപ്പെടണം. ഇക്കാര്യങ്ങള് സംബന്ധിച്ച് അനുദിനം കൂടുതല് അറിവു നേടുകയും പൂര്ണമായി ആചരിക്കുകയും വേണം. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാല് അനുചിതമായ വ്യതിചലിച്ചിട്ടുണ്ടെങ്കില് പൂര്വികപരമ്പര്യങ്ങളിലേക്ക് തിരികെപ്പോകാന് അവര് തീവ്രയത്‌നം ചെയ്യട്ടെ. (Orientalium Ecclesiarum: No. 6).

സീറോ മലബാര് സഭയുടെ പൂര്വികപാരമ്പര്യം എന്താണെന്നു രേഖകളുടെ പിന്ബലത്തില് ഇതുവരെ കൃത്യമായി ആര്ക്കും ഉറപ്പിച്ചുപറയാന് കഴിഞ്ഞിട്ടില്ല. അതുപോലെ അനുചിതമായി വ്യതിചലിച്ചത് എവിടെയെല്ലാമാണ് എന്നും നിശ്ചയമില്ല. അവയെപ്പറ്റി പലതരത്തിലുമുള്ള അഭിപ്രായങ്ങളാണ് നിലവിലുള്ളത്. കൂടാതെ, തിരികെപ്പോകുക എന്നത് പ്രായോഗികവും ഉപകാരപ്രദവുമാണോ എന്ന കാര്യത്തിലും അഭിപ്രായ ഐക്യമില്ല. ഈ കാരണങ്ങള് കൊണ്ടാണ് ഇതു വരെ സിനഡ് പ്രസിദ്ധീകരിച്ച ആരാധനക്രമങ്ങളില് ഓരോ രൂപതയിലും നിലവിലിരിക്കുന്ന ആരാധനക്രമാനുഷ്ടാനരീതികള് മിക്കതും തുടരാനുള്ള സാദ്ധ്യത കൊടുത്തിരിക്കുന്നത്.

7. എന്തുകൊണ്ട് റോമില് നിന്നുള്ള ഇടപെടലുകള് ഫലപ്രദമായില്ല?

പാരമ്പര്യവും നിലവിലുള്ള നിയമവുമനുസരിച്ചു പൗരസ്ത്യസഭകളില് ആരാധനാക്രമവിഷയങ്ങള് അന്തിമവാക്ക് പറയേണ്ടതു പാത്രിയാര്ക്കീസും അഥവാ മേജര് ആര്ച്ബിഷപ്പും മെത്രാന് സിനഡുമാണ്. ആരാധനക്രമങ്ങളുടെ അംഗീകാരം മാത്രമാണ് മാര്പാപ്പ നല്കുന്നത്. നിര്ഭാഗ്യവശാല് പൗരസ്ത്യ സുറിയാനി സഭയുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം സീറോ മലബാര് സഭയ്ക്ക് 1992 വരെ അങ്ങനെമൊരു ഭരണസംവിധാനം നല്കപ്പെട്ടിരുന്നില്ല. അത്തരമൊരു സംവിധാനത്തില് നിന്ന് ഉണ്ടാക്കേണ്ടിയിരുന്ന ഇടപെടലുകള് മാര്പാപ്പയുടെ ഓഫീസില്‌നിന്നു നേരിട്ടാണു നടത്തിയിരുന്നത്. ആരാധനക്രമം സംബന്ധമായ വിഷയങ്ങളിലും ഇടയ്ക്കിടെ മാര്പാപ്പയുടെ ഓഫീസില്‌നിന്നു നിര്‌ദ്ദേശങ്ങള് കൊടുത്തുകൊണ്ടിരിക്കുന്നു. പാത്രിയര്ക്കിസും അഥവാ മേജര് ആര്ച്ച്ബിഷപ്പും സിനഡും ഉള്‌പ്പെട്ട കാനോനിക സംവിധാനമാണു പൗരസ്ത്യസഭകളില് ഇത്തരം വിഷയങ്ങള് കൈകാര്യം ചെയ്യുന്നതെന്നും അതിനാല് അത്തരം ഒരു സംവിധാനം സീറോ മലബാര് സഭയ്ക്ക് കൊടുത്ത് പ്രശ്‌നപരിഹാരം ഇവിടെത്തന്നെ കണ്ടെത്തുകയാണു ശരിയായ രീതി എന്നുമുള്ള വസ്തുത മാര്പാപ്പയുടെ ഓഫീസിലും അംഗീകരിയ്ക്കപ്പെടാതെ പോയതിനാല് അവിടെ നിന്നുള്ള ഇടപെടലുകളും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് മാത്രമല്ല അവ പലപ്പോഴും പക്ഷപാതപരമായിട്ടുള്ളവയായി വ്യാഖ്യനിയ്ക്കപ്പെടുകയും തിരസ്‌കൃതമാകുകയും ചെയ്തു. ഏതൊരു സംവിധാനവും പ്രവര്ത്തിക്കേണ്ടവിധം പ്രവര്ത്തിക്കാതെ വരുമ്പോള് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളായിരുന്നു അവ.

8. സീറോ മലബാര് ആരാധനാക്രമത്തില് ഐകരൂപ്യമില്ലാത്തത് എവിടെയൊക്കെയാണ്?

പൗരസ്ത്യസഭകള്ക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഭരണസംവിധാനം ഇല്ലാതിരുന്നതുകൊണ്ടു തര്ക്കങ്ങള് നീണ്ടു പോകുകയും ഓരോ രൂപതായും അവരവര്ക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള ക്രമങ്ങള് സ്വീകരിക്കുകയും ചെയ്തു. ഓരോ രൂപതക്കാരും അവരവരുടെ നിലപാടുകള് നീതികരിച്ചു കൊണ്ട് മാര്പാപ്പയുടെ ഓഫീസിലേക്ക് എഴുതുകയും ചെയ്തിരുന്നു. ഏത് കാര്യവും ദീര്ഘനാള് പ്രയോഗത്തിലായി കഴിയുമ്പോള് പിന്നീടു മാറ്റാന് ബുദ്ധിമുട്ടു വരുമല്ലോ. അതാണ് സീറോമലബാര് സഭയിലും വന്നുഭവിച്ചത്. അങ്ങനെ, പരി. ത്രിത്വത്തിന്റെ നാമത്തില് വിശുദ്ധ കുര്ബാന ആരംഭിക്കുന്ന രീതി, കാര്മ്മികന് മദ്ബഹയ്‌ക്കോ ജനത്തിനോ അഭിമുഖമായി നില്ക്കുന്ന രീതി, മദ്ബഹയില് വിരി ഉപയോഗിക്കുന്ന പതിവ്, സ്വര്ഗ്ഗസ്ഥനായ പിതാവേ, സര്വാധിപനാം തുടങ്ങിയ പ്രാര്ത്ഥനകള് ആവര്ത്തിക്കുന്ന രീതി, മാര്‌ത്തോമ്മാ കുരിശിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം ഓരോ രൂപതയിലും വ്യത്യസ്തമായി തുടര്ന്നു.

കര്മ്മികന് ജനത്തിന് അഭിമുഖമായി നില്ക്കുന്ന രീതി രണ്ടാം വത്തിക്കാന് സുനഹദോസിന് മുമ്പ് പൗര്യസ്ത്യസഭകളിലോ പാശ്ചാത്യസഭയിലോ ഉണ്ടായിരുന്നില്ല. പാശ്ചാത്യസഭയില് ഉത്ഭവിച്ച ഈ രീതി സാവധാനം സീറോമലബാര് സഭയിലും സ്വീകരിക്കപ്പെടുകയായിരുന്നു. വിശുദ്ധ കുര്ബാന സ്വര്ഗ്ഗീയവിരുന്നാണ് എന്ന കാഴ്ചപ്പാടിന് കൂടുതല് സ്വീകാര്യത കിട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പരി. ത്രിത്വത്തിന്റെ നാമത്തില് വിശുദ്ധ കുര്ബാന ആരംഭിക്കുന്ന രീതി, വിരിയിടാത്ത പതിവ്, തുടങ്ങിയവ സീറോമലബാര് ക്രമത്തില് ഉണ്ടായിരുന്നില്ലെങ്കിലും സുനഹദോസിനെ തുടര്ന്ന് അവ പതിവായി തീര്ന്ന രൂപതകളില് അജപാലനകാരണങ്ങളാല് അങ്ങനെതന്നെ തുടരാമെന്നും അത് തീരുമാനിക്കേണ്ടത് രൂപതാമെത്രാനാണെന്നും ആ രീതിയില് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നത് പൂര്ണ്ണമായും സാധുവാണെന്നും ഇപ്പോഴുള്ള കുര്ബാനക്രമം അംഗീകരിച്ചുകൊണ്ട് മാര്പാപ്പയുടെ ഓഫീസില്‌നിന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സിനഡും അംഗീകരിച്ചു വ്യക്തമാക്കിയിട്ടുണ്ട് (cf. Synodal News: Bulletin of the Syro-Malabar Major Archiepisco- pal Church, Vol. 7, Nos. 1&2, December 1999, p. 120). അതു പോലെത്തന്നെ വിശ്വാസികളുടെ നന്മയാണ് എല്ലാ ആരാധനക്രമനിയമനിര്മ്മാണങ്ങളേയും നയിക്കേണ്ടതെന്നും ഓരോ സ്ഥലത്തുമുള്ള അജപാലനപരമായ പ്രശ്‌നങ്ങള് പരിഹരിക്കാനും നവീകരിച്ച ക്രമത്തില് പ്രാദേശികപതിവുകളെ അംഗീകരിയ്ക്കാനും അനുവദനീയമായ നിയമപരിധിയ്ക്കുള്ളില് ഓരോ രൂപതാമെത്രാനും അവകാശവും കടമയും ഉണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട് (cf. Congregationfor the Oriental Churches (April 3, 1989), ‘Directives of the Order of Syro-Malabar Qurbana in Solemn and Simple Forms’ in Roman Documents on the Syro-Malabar Liturgy, Vadavathoor, 1999, p. 143).

9. ഐക്യരൂപ്യമെന്ന ആവശ്യവും തടസ്സങ്ങളും

ആരാധനാക്രമത്തില് ഔദ്യോഗികമായി തീരുമാനം പറയാന് സംവിധാനം ഇല്ലാതിരുന്നതിനാല് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള് ഓരോ രൂപതയിലും വൈദികരുടെയും സമര്പ്പിതരുടെയും അല്മയരുടെയും പരിശീലനകേന്ദ്രങ്ങളിലും സഭയുടെ ഔദ്യോഗിക പ്രബോധനം എന്ന നിലയില് പഠിപ്പിയ്ക്കപ്പെട്ടു. അവയ്‌ക്കെല്ലാം ദൈവശാസ്ത്രപരങ്ങളായ വിശദീകരണങ്ങളും അര്ത്ഥങ്ങളും നല്കപ്പെടുകയും ചെയ്തു. അത്തരം കേന്ദ്രങ്ങളില് നിന്ന് പരിശീലനം ലഭിച്ചു പുറത്തിറങ്ങിയവര്ക്ക് അവര് പഠിച്ചതില്‌നിന്നു വ്യത്യസ്തമായ ഒന്ന് ശരിയെന്നു സമ്മതിയ്ക്കാന് പ്രയാസമായിരുന്നു. അവര് ശുശ്രുഷ ചെയ്ത സ്ഥലങ്ങളിലെല്ലാം അവരവര്ക്കു കിട്ടിയ പരിശീലമനുസരിച്ചു വിശ്വാസികളെയും പരിശീലിപ്പിച്ചു. അങ്ങനെ ആരാധനക്രമവിഷയങ്ങളില് പരസ്പരവിരുദ്ധങ്ങളായ രണ്ട് ചേരികള് തന്നെ സീറോ മലബാര് സഭയില് ഉടലെടുക്കുകയും സാവധാനത്തില് അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

സീറോ മലബാര് സഭയിലെ വിവിധ രൂപതകളില് നിന്ന് ഇപ്പോള് ഉയരുന്ന ആവശ്യങ്ങള്ക്ക് പല മാനങ്ങളുണ്ട് –
1. പൂര്ണ്ണമായും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലേക്ക് തിരിച്ചുപോവുക
2. തികച്ചും പുതിയതും കാലഘട്ടത്തിനനുസൃതവുമായി ആരാധനാക്രമത്തെ നവീകരിക്കുക
3. ഇപ്പോള് നിലവിലിരിക്കുന്ന രീതികള് അതാത് രൂപതകള് തുടരുക
4. 1999-ല് സിനഡ് നല്കിയ നിര്‌ദ്ദേശമനുസരിച്ചുള്ള രീതി എല്ലാ രൂപതകളും പിന്തുടരുക

ചുരുക്കത്തില്, വൈദികര്ക്കും വൈദികര് നേതൃത്വം നല്കുന്ന വിശ്വാസിസമൂഹങ്ങള്ക്കും ഇന്ന് സീറോ മലബാര് സഭയുടെ ആരാധനാക്രമത്തെ സംബന്ധിച്ച് ഇപ്രകാരം വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ആരും അവരവരുടെ അഭിപ്രായങ്ങളിലും ആശയങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറുമല്ല എന്നതാണ് പ്രതിസന്ധിയുടെ ആഴം വര്ദ്ധിപ്പിക്കുന്നത്.

10. ആരാധനാക്രമത്തിലെ ഐക്യത്തെക്കുറിച്ച് ഇപ്പോള് ചിന്തിക്കുന്നതിന്റെ പ്രസക്തി എന്താണ്?

നിരവധിയായ പ്രശ്‌നങ്ങളിലൂടെ സീറോ മലബാര് സഭ കടന്നുപോകുമ്പോള് ദശകങ്ങളായി പ്രശ്‌നകലുഷിതമായിരിക്കുന്ന ആരാധനാക്രമവിഷയം ചര്ച്ചക്കെടുക്കുന്നത് അനുചിതമല്ലേയെന്ന് ചിന്തിക്കുന്നവരുണ്ട്. ഇവിടെ നാം ചിന്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുത സീറോ മലബാര് സഭയുടെ പ്രതിസന്ധിയുടെ കാലത്ത് ഒരു മനസ്സോടെയും ഒരു ചിന്തയോടെയും ആ പ്രതിസന്ധികളെ നേരിടാന് സഭക്ക് കഴിഞ്ഞോ എന്നതാണ്. ഇല്ല എന്ന ദുഖിപ്പിക്കുന്ന ഉത്തരമാണ് ലഭിക്കുക. സീറോ മലബാര് സഭയില് ഓരോ രൂപതയും ഓരോ ചെറിയ സഭ പോലെ, ഒറ്റപ്പെട്ട തുരുത്തുകള് പോലെ നിലകൊള്ളുന്നതും ഒരു രൂപതയുടെ പ്രശ്‌നം മറ്റൊരു രൂപതയുടെ പ്രതിസന്ധിയാകാത്തവിധം അകലങ്ങള് രൂപപ്പെട്ടിരിക്കുന്നതും പലയിടങ്ങളിലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന സത്യമാണ്. എന്തുകൊണ്ടാണ് സഭയിലെ ഈ അനൈക്യമെന്നും എന്തുകൊണ്ട് പ്രതിസന്ധികളെ ഒറ്റക്കെട്ടായി അതിജീവിക്കാന് സീറോ മലബാര് സഭക്ക് സാധിക്കുന്നില്ലായെന്നും ചിന്തിക്കുമ്പോള് അത് ആരധനാക്രമത്തില് നിലനില്ക്കുന്ന അനൈക്യമാണെന്ന് തിരിച്ചറിയും. സീറോ മലബാര് സഭയുടെ പ്രതിസന്ധികള്ക്ക് കാരണം ആരാധനാക്രമമല്ലെന്ന് തെളിയിക്കാന് നമുക്കായാലും ആ പ്രതിസന്ധികളെ നേരിടാന് സഭാമക്കളെ ഒരുമിപ്പിക്കുന്നതിന് തടസ്സം നില്ക്കുന്നത് ആരാധനാക്രമം തന്നെയാണെന്നും മനസ്സിലാകും.

രണ്ടാമതൊരു കാരണം, സീറോ മലബാര് സഭക്ക് ആഗോളവ്യാപകമായി ഇന്ന് രൂപതകളുണ്ട് എന്നതും അവിടങ്ങളില് വിശ്വാസിസമൂഹം ഇടകലര്ന്നു ജീവിക്കുന്നു എന്നതുമാണ്. ലോകം ചെറിയൊരു കിളിക്കൂടുപോലെ ചെറുതായിരിക്കുന്ന കാലത്ത് ഇതരസഭകളില് നിന്ന് സീറോ മലബാര് സഭയുടെ തനിമയെ വിളിച്ചോതേണ്ട ആരാധനാക്രമം ഓരോ പള്ളിയിലും ഓരോന്നായിരിക്കുന്നതിലെ അനൗചിത്യം ആര്ക്കും ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വ്യത്യസ്ത ഇടങ്ങളില് നിന്ന് വിദേശങ്ങളിലെത്തുന്നവര് പരമോന്നതമായ ദൈവാരാധനയുടെ പേരില് തമ്മില് തല്ലുന്നത് എത്രമാത്രം മോശമാണ്. മാത്രവുമല്ല, ഓരോ വ്യക്തിസഭയെയും പൊതുസമൂഹത്തിന് മുമ്പില് വേര്തിരിച്ച് മനസ്സിലാക്കാന് സഹായിക്കുന്നത് ആ സഭയെ സംബന്ധിച്ച ഏറ്റവും വലിയ കൂട്ടായ്മകള് നടക്കുന്ന ആരാധനാക്രമത്തിന്റെ ആഘോഷത്തിലാണ്. സീറോ മലബാര് സഭയുടെ തനിമയും സ്വത്വവും നിര്മ്മിക്കപ്പെടേണ്ട ആരാധനയിലെ ഐക്യരൂപ്യം അതിനാല് കാലം നമ്മില് നിന്നും ആവശ്യപ്പെടുന്ന അനിവാര്യമായ വിട്ടുകൊടുക്കലും വീണ്ടെടുക്കലുമാണ്.

11. വിരുദ്ധാഭിപ്രായങ്ങള് നിലനില്ക്കുമ്പോള് വിശ്വാസികള്ക്ക് ചെയ്യാന് കഴിയുന്നതെന്താണ്?

ആരാധനാക്രമത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ആശയങ്ങളെ സാധൂകരിക്കാനായി കഴിയുന്നത്ര വാദഗതികള് പലയിടങ്ങളില് നിന്ന് ഉയര്ത്തിക്കൊണ്ടു വരികയാണ് പലരും ചെയ്യുന്നത്. ചേരി തിരിഞ്ഞ് പടകൂടാന് വൈദികര് തന്നെ രംഗത്തിറങ്ങുന്നത് സഭയുടെ ശോചനീയമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സ്വീകരിച്ചിരിക്കുന്ന പൗരോഹിത്യത്തിന്റെ കുലീനതയും തിരുപ്പട്ടസമയത്ത് പരി. സുവിശേഷം സാക്ഷിയാക്കി മേല്പ്പട്ടക്കാര്ക്ക് വാഗ്ദാനം ചെയ്ത വിധേയത്വവും അനുസരണവും ചിലരെങ്കിലുമൊക്കെ അവസരോചിതമായി മറന്നുകളയാറുമുണ്ട്. സീറോ മലബാര് സഭയുടെ ആരാധനാക്രമത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും അവധാനതയോടെ പഠിക്കുകയും അവസരോചിതമായി അവതരിപ്പിക്കുകയും ചെയ്യുന്നതില് കഴമ്പുണ്ട്. എന്നാല് തന്റെ ആശയങ്ങള് ഐക്യത്തേക്കാളേറെ അനൈക്യത്തിന് കാരണമാകുന്നുവെന്ന് തിരിച്ചറിയുമ്പോഴെങ്കിലും വിട്ടുവീഴ്ചകള്ക്ക് തയ്യാറാവാന് മിശിഹായുടെ പുരോഹിതര് ശ്രമിക്കേണ്ടതുണ്ട്. പ്രാദേശികചിന്തകള് മറന്ന് ഐക്യത്തിന് നിദാനമാകുന്ന പ്രായോഗികമായ തീരുമാനങ്ങള്ക്ക് മുന്തൂക്കം കൊടുക്കാനാണ് സഭയെ സ്‌നേഹിക്കുന്നവര് ശ്രമിക്കേണ്ടത്. മറ്റ് വഴികളൊന്നും തന്നെ സീറോ മലബാര് സഭക്ക് മുന്നില് ശേഷിക്കുന്നില്ല എന്നതും ഓര്ക്കാം.

ചുരുക്കത്തില്, വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് ബഹളം വെക്കുന്നത് കൊണ്ട് സീറോ മലബാര് സഭയുടെ കുര്ബാനക്രമത്തില് മാറ്റം വരുവാനോ സഭയില് ഐക്യമുണ്ടാകാനോ പോകുന്നില്ല. ആയതിനാല്, തിരുസ്സഭയുടെ പാരമ്പര്യവും പൗരസ്ത്യ സഭകളുടെ കാനന് നിയമവും പ്രകാരം ആരാധനാക്രമകാര്യങ്ങളില് പരിശുദ്ധ സിംഹാസനത്തിന്റെ വിലയിരുത്തലിന് ശേഷം തീരുമാനങ്ങളെടുക്കാന് സിനഡിന്റെ അനുവാദത്തോടുകൂടെ മേജര് ആര്ച്ച്ബിഷപ്പിന് സാധിക്കട്ടേയെന്ന് സഭാംഗങ്ങള്‌ക്കെല്ലാം ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കാം. അങ്ങനെയൊരു തീരുമാനമുണ്ടായാല് ആ തീരുമാനത്തെ വെല്ലുവിളിക്കുകയും വിമര്ശിക്കുകയും ചെയ്യുന്നത് മിടുക്കല്ല, കേവലമായ ഔദ്ധത്യം മാത്രമാണെന്നും തിരിച്ചറിയാം. എന്തായാലും ഈ സിനഡ് ഇത്തരമൊരു ചര്ച്ചയിലേക്ക് പ്രവേശിക്കുമെന്ന് കരുതാനാവില്ല. എങ്കിലും, എത്രയും വേഗം സീറോ മലബാര് സഭയുടെ തനിമയെ നിലനിര്ത്തുന്ന ഏകീകൃതമായൊരു ആരാധനാക്രമവും അതുവഴിയായി ഒരുമിച്ചു ദൈവത്തെ ആരാധിക്കുന്ന ഒരു മനസ്സുള്ള ആരാധനാസമൂഹവും രൂപപ്പെടുവാനുതകുമാറ് ശക്തമായൊരു തീരുമാനത്തിന് സീറോ മലബാര് സഭയുടെ പരിശുദ്ധ സിനഡിനെ ദൈവം ശക്തിപ്പെടുത്തും എന്ന് നമുക്ക് വിശ്വസിക്കാം.

Noble Thomas Parackal