വത്തിക്കാൻ സിറ്റി: അനുദിനജീവിതത്തിന് ഊർജ്ജം ലഭിക്കാൻ ദൈവവചനം ജീവിതത്തോട് ചേർത്തുവെയ്ക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദൈവവചനത്തിന് ജീവിതത്തിൽ ഇടം നൽകികൊണ്ട് ഓരോ ദിവസവും സുവിശേഷത്തിൽ നിന്ന് ആരംഭിക്കാമെന്നും പാപ്പ പറഞ്ഞു. പ്രഥമ ബൈബിൾ ദിനാചരണവുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ അർപ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ. ദിവ്യബലിമധ്യേ അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന ബൈബിളുകൾ ശാസ്ത്രജ്ഞരും ഫുട്‌ബോൾ കളിക്കാരുമടങ്ങുന്ന 60 പേർക്ക് പാപ്പ വിതരണം ചെയ്യുകയും ചെയ്തു.
തൊഴിലിടങ്ങളിലും ഭവനങ്ങളിലും മേശപ്പുറത്ത് തുറന്ന് വച്ചുകൊണ്ടും പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ടും സെൽ ഫോണുകളിലൂടെ വായിച്ചുകൊണ്ടും അനുദിനം ബൈബിൾ വചനത്താൽ പ്രചോദിതരാകാൻ സ്വയം അനുവദിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. കർത്താവ് തന്റെ വചനം നമുക്ക് നൽകുമ്പോൾ അത് ഒരു പ്രേമലേഖനം പോലെ സ്വീകരിക്കാൻ നമുക്ക് കഴിയണം. അത് ദൈവം നമ്മുടെ പക്ഷത്താണെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കും. എന്തെന്നാൽ അവന്റെ വചനം നമ്മെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്.
മാത്രമല്ല, സ്വാർത്ഥതയുടെ അടിമത്വത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും പരിവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ദൈവവചനം. കാരണം, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ നയിക്കാനും ദൈവവചനത്തിന് ശക്തിയുണ്ട്. പ്രഥമ ബൈബിൾ ഞായറാചരണത്തിൽ നമുക്ക് ദൈവവചനത്തിന്റെ വേരുകളിലേക്ക്, ജീവിതവചനത്തിന്റെ ഉറവിടത്തിലേക്ക് ഇറങ്ങിചെല്ലാം. അവന്റെ വചനം നമുക്കാവശ്യമാണ്. എന്തെന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ആയിരക്കണക്കിന് മറ്റ് വാക്കുകൾക്കിടയിൽ, കാര്യങ്ങൾക്കിടയിൽ നമ്മോട് ജീവിതത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഈ വചനം ആവശ്യമാണെന്നും പാപ്പ പറഞ്ഞു.