ഓരോ ജീവിതവും ഓരോ ചരിത്രമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. 54ാമത് സാമുഹ്യസമ്പർക്ക മാധ്യമദിനത്തിനുള്ള സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു പാപ്പ. മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വി. ഫ്രാൻസിസ് സാലസിന്റെ തിരുനാൾ ദിനമാണ് സഭ ഇത്തവണത്തെ സാമൂഹ്യസമ്പർക്ക മാധ്യമദിനത്തിനം ആഘോഷിച്ചത്.
മനുഷ്യജീവിതത്തിലെ അനുഭവങ്ങളും സംഭങ്ങളുമാണ് ജീവിതകഥകളാകുന്ന ചരിത്രമാകുന്നത്. എന്നാൽ ഈ ജീവിതകഥകൾ ചരിത്രമായതുകൊണ്ടുതന്നെ സത്യസന്ധമായിരിക്കണം, പാപ്പ ഓർമ്മിപ്പിച്ചു. വ്യാജവാർത്തകൾ പോലെ തന്നെ വ്യാജകഥകളും കെട്ടുകഥകളും ഇന്ന് സർവ്വസാധാരണമാണ്. തെറ്റായ വാർത്തകളും ആശയവിനിമയവും മനുഷ്യരെ തമ്മിൽ അകറ്റുകയും പകയും വിദ്വേഷവും പടർത്തുന്ന തെറ്റായ സംസ്‌കാരവും മാത്രമേ വളർത്തുകയുള്ളു.
കഥപറയുക എന്നത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. കുട്ടിക്കാലം മുതൽ കഥകൾ ഉപയോഗിച്ചാണ് നന്മയുള്ള പാഠങ്ങൾ പങ്കുവെയ്ക്കുന്നതും നല്ല ശീലങ്ങൾ കൈമാറുന്നതും അവ ജീവിതത്തിൽ പകർത്തുന്നതുമൊക്കെ. എന്നാൽ, കഥകൾ വ്യാജമാകുമ്പോൾ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് നാം പലപ്പോഴും മറന്നുപോകുന്നുണ്ട്.
അപ്പോൾ സമൂഹത്തിന്റെ ധാർമ്മിക നിലവാരം താഴുകയും സമൂഹങ്ങൾ തമ്മിലുള്ള പരസ്പരധാരണയും ഐക്യദാർഢ്യവും ഇല്ലാതാകുകയും സമൂഹങ്ങളും രാഷ്ട്രങ്ങളും കുടുംബങ്ങൾ തമ്മിൽ പോലുമുള്ള യുദ്ധവും കലാപങ്ങളും പൊട്ടിപ്പുറപ്പെടുമെന്നും പാപ്പ പറഞ്ഞു.