തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാർ കർഷകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഉത്തരമലബാർ കർഷകപ്രക്ഷോഭസമിതി കണ്വീനർ ഫാ. മാത്യു ആശാരിപ്പറന്പിൽ, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിലൂടെ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ തികച്ചും ന്യായവും കർഷകതാത്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നവയുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു,വി.എസ്. സുനിൽ കുമാർ എന്നിവരുമായി ചർച്ച നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ചർച്ചകളിലൂടെ കർഷകർ ഉന്നയിച്ച ആവശ്യങ്ങളും നടപ്പിലാക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചു.
കൃഷിഭൂമിയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അവകാശം കർഷകർക്കു നൽകാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കും. സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി വനംമന്ത്രി അറിയിച്ചു. വന്യമൃഗങ്ങളുടെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന നടപടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങൾ, പാന്പ്,കടന്നൽ എന്നിവയുടെ അക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് രണ്ടുലക്ഷം രൂപ വരെ ചികിത്സാസഹായം ലഭ്യമാക്കാനും തീരുമാനമായി.
റബറിന്റെ വിലസ്ഥിരതാഫണ്ടിൽ കർഷകർക്കുള്ള കുടിശിക ഉടൻ തന്നെ നൽകാൻ ചർച്ചയിൽ ധാരണയായി. റബറിന്റെ താങ്ങുവില കേന്ദ്രസഹായത്തോടെ 200രൂപയായി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിക്കും. ഈ ലക്ഷ്യത്തിലേയ്ക്കായി വിലസ്ഥിരതാ ഫണ്ട് 700കോടിയായി വർധിപ്പിക്കും. കാർഷിക കടങ്ങളുടെ അധികപലിശ എഴുതിത്തള്ളാൻ 240കോടി രൂപ സർക്കാർ നീക്കിവയ്ക്കും. കർഷകരെ വിള ഇൻഷ്വറൻസിൽ പങ്കാളികളാക്കാനുള്ള സർക്കാർ പദ്ധതിയുമായി അതിരൂപത സർവാത്മനാ സഹകരിക്കുമെന്നും ബിഷപ്പുമാർ ഉറപ്പു നല്കി.
തലശേരി അതിരൂപത 2020കർഷകവർഷമായി പ്രഖ്യാപിച്ചതിനെ കൃഷി മന്ത്രി അഭിനന്ദിച്ചു. എല്ലാ കുടുംബങ്ങളിലും പച്ചക്കറി വിത്തുകളും ഫലവൃക്ഷത്തൈകളും ജീവനി പദ്ധതി വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷിക വൃത്തിയെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സർവകക്ഷി സംഘം വഴി സമ്മർദം ചെലുത്തുമെന്നും കൃഷി മന്ത്രി അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ പ്രകാശ് എസ്റ്റേറ്റിലും മറ്റു ചില പ്രദേശങ്ങളിലും പട്ടയം ലഭിക്കാതെ വലയുന്ന കർഷകരുടെ ആവശ്യം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനുമായി ചർച്ച ചെയ്തു. കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള നീർത്തട ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിലൂടെ മുന്നോട്ടു വെച്ചു. ഈ വിഷയങ്ങളിൽ സർവകക്ഷി സമവായത്തിലൂടെ പുതിയനയം രൂപീകരിച്ചെങ്കിൽ മാത്രമേ ശാശ്വതപരിഹാരം കണ്ടെത്താനാവൂ എന്നും മന്ത്രി അറിയിച്ചു. എന്നാൽ, ഈ വിഷയങ്ങളിൽ കർഷകർക്ക് വിഷമം സൃഷ്ടിക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനല്കി.
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വനാതിർത്തിക്കുള്ളിലെ ഒരു കിലോമീറ്റർ പ്രദേശം ഇക്കോ സെൻസിറ്റീവ് ഏരിയ ആയി പ്രഖ്യാപിച്ചത് കർഷകരെ സംബന്ധിച്ച് ഏറെ അപകടകരമാണെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നിർബന്ധം മൂലം ചേർത്ത ഈ വ്യവസ്ഥ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്നതാണെന്നും കർഷകരുടെ ഒരു സെന്റു ഭൂമിയെപ്പോലും ബാധിക്കാത്ത വിധത്തിൽ മാത്രമേ ഈ നിയമം കേരളത്തിൽ നടപ്പിലാക്കുകയുള്ളു എന്നും വനം മന്ത്രി ഉറപ്പു നൽകി. മന്ത്രിമാരുമായുള്ള ചർച്ചയിൽ എംഎൽഎമാരായ കെ.സി. ജോസഫ്, ജയിംസ് മാത്യു, സണ്ണി ജോസഫ്, എ. എൻ. ഷംസീർ എന്നിവർ പങ്കെടുത്തു.