ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി ആശ്രമ ജീവിതത്തിനിടയില്‍ മരിച്ച യുവതിയുടെ അമ്മ. മകളെ ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി നിത്യാനന്ദ കൊലപ്പെടുത്തിയെന്നാണ് തിരുച്ചിറപ്പള്ളി സ്വദേശി ഝാന്‍സി റാണി ആരോപിക്കുന്നത്. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണ് വീട്ടുകാര്‍ക്ക് വിട്ടുതന്നതെന്നും ഝാന്‍സി റാണി ആരോപിക്കുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

2008 ലാണ് ഝാന്‍സി റാണിയുടെ മകള്‍ സംഗീത അര്‍ജുനന്‍ നിത്യാനന്ദയുടെ ബെംഗളൂരുവിലെ ആശ്രമത്തില്‍ എത്തുന്നത്. ഇതിനിടെ നിരവധിതവണ മകളെ തിരികെകൊണ്ടുവരാന്‍ ഝാന്‍സിറാണി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആത്മീയതില്‍ ആകൃഷ്ടയായ മകള്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ ചേര്‍ന്ന് സന്യാസജീവിതം സ്വീകരിക്കുകയായിരുന്നു. ആശ്രമത്തിലെ കമ്ബ്യൂട്ടര്‍ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നതും ഇവരായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സംഗീതയുടെ ജീവിതത്തില്‍ പല സംഭവങ്ങളുമുണ്ടായെന്നാണ് അമ്മ പറയുന്നത്. 2014 ഡിസംബര്‍ 28-നായിരുന്നു മകളുടെ മരണം. ഹൃദയാഘാതം കാരണം മരണപ്പെട്ടെന്നായിരുന്നു ആശ്രമം അധികൃതരുടെ വിശദീകരണം. പക്ഷേ, ഇതിനിടെ മകള്‍ ആശ്രമത്തില്‍നിന്ന് തിരികെവരാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്ന് ഝാന്‍സി റാണി പറയുന്നു.മകളെ തിരികെ കിട്ടാന്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരുമെന്ന് മനസ്സിലാക്കി വീട്ടിലേക്ക് മടങ്ങിയ ഝാന്‍സിക്ക് 2014 ഡിസംബര്‍ 28 ന് ആശ്രമത്തില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തി. മകള്‍ക്ക് ഹൃദയാഘാതമാണ് പെട്ടന്ന് വരണമെന്നായിരുന്നു ആശ്രമത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. ആശ്രമത്തിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു.

മകളുടെ പോസ്റ്റ്മോര്‍ട്ടം നിത്യാനന്ദ നിര്‍ദേശിച്ച ആശുപത്രിയില്‍ നടത്തി ആശ്രമത്തില്‍ അടക്കാനായിരുന്നു നീക്കം. എന്നാല്‍ ജീവനോടെ മകളെ വീട്ടിലേക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല, അതിനാല്‍ തന്നെ മരിച്ച ശേഷമെങ്കിലും മകളെ വീട്ടിലെത്തിക്കണമെന്ന് ഝാന്‍സി റാണി ശാഠ്യം പിടിച്ചു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിന് ശേഷം ആശ്രമം അതിന് വഴങ്ങി. എന്നാല്‍ ചെറുപ്രായം മാത്രമുള്ള മകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് ആ അമ്മക്ക് വിശ്വാസമില്ലായിരുന്നു. അതിനാല്‍ തന്നെ സംഗീതയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് നടത്തിയ റീ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഝാന്‍സി റാണിയെ ഞെട്ടിക്കുന്നതായിരുന്നു. മകളുടെ ശരീരത്തില്‍ ആന്തരാവയവങ്ങളും തലച്ചോറും നീക്കം ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കായി അവയവങ്ങള്‍ മുഴുവനായും എടുക്കുമോയെന്ന് ഝാന്‍സി റാണി ചോദിക്കുന്നു. സംഗീതയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇന്നും വ്യക്തമാല്ല. എന്നാല്‍ 2014 മുതല്‍ മകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് ഝാന്‍സി റാണി. പൊതുജന മധ്യത്തില്‍ വന്ന് ഝാന്‍സി റാണി ചോദിച്ച ഒരു ചോദ്യത്തിന് പോലും ഈ കാലത്തിനുള്ളില്‍ നിത്യാനന്ദ മറുപടി നല്‍കിയിട്ടില്ല. പഠിച്ചവരും മിടുക്കരുമായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ ലക്ഷ്യമിട്ടിരുന്നതെന്നും ഝാന്‍സി റാണി കൂട്ടിച്ചേര്‍ക്കുന്നു.