റോം: ഒരാഴ്ച നീണ്ടു നിന്ന ക്രൈസ്തവ ഐക്യവാരത്തിന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാള്‍ ദിനമായ ഇന്ന്‍ വത്തിക്കാനില്‍ ഔദ്യോഗിക സമാപനം കുറിക്കും. റോമന്‍ ചുവരിനു പുറത്തുള്ള അപ്പസ്തോലന്‍റെ നാമത്തിലുള്ള ദേവാലയത്തിലാണ് സഭൈക്യവാരത്തിന് സമാപനംകുറിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തപ്പെടുന്നത്. പ്രാദേശിക സമയം വൈകുന്നേരം 5.30-ന് (ഇന്ത്യയിലെ സമയം രാത്രി 10) ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ഇതര ക്രൈസ്തവ സഭാക്കൂട്ടായ്മകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രാര്‍ത്ഥനാമദ്ധ്യേ ഫ്രാന്‍സിസ് പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. ‘ആതിഥ്യം ക്രൈസ്തവജീവിതത്തിന്‍റെ മുഖമുദ്രയാക്കാം’ എന്ന വിഷയം കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ ക്രൈസ്തവൈക്യവാരം നടന്നത്. ഇന്ത്യന്‍ സമയം രാത്രി 10-മുതല്‍ 11.30-വരെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.