ആലപ്പുഴ: കുട്ടനാട് സീറ്റിൽ വിട്ടുവീഴ്ചയ്ക്കിലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കം.
സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുന്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ കൊന്പുകോർക്കുന്നത്. സീറ്റ് കോണ്‍ഗ്രസിന് ഏറ്റെടുക്കാൻ അവകാശമില്ലെന്നാണ് ജോസഫ് പറയുന്നത്. അതിനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പാലാ ആവർത്തിക്കാൻ തങ്ങൾ ഒരു രീതിയിലും കൂട്ടുനിൽക്കില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം പറയുന്നത്. ജോസഫ് വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ജോസ് വിഭാഗം സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സംസ്ഥാന സമിതിയംഗം ഷാജോ സെബാസ്റ്റ്യന്റെ പേരാണ് ഒടുവിൽ ഉയർന്നു കേൾക്കുന്നത്. ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ ഷാജോയ്ക്ക് കുട്ടിനാട്ടിലുള്ള ബന്ധങ്ങളും ശിഷ്യസന്പത്തും തുണയാകുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്.
ഇരു വിഭാഗങ്ങളും പരസ്പരം പോരടിക്കുന്പോൾ ശക്തമായ തീരുമാനമെടുക്കാതിരിക്കാൻ യുഡിഎഫിന് കഴിയില്ല. രണ്ടു വിഭാഗങ്ങളും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുന്നോട്ടു പോയാൽ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം.