ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ ശ്രമത്തിന് മുന്നോടിയായി യാത്രയ്‌ക്കൊരുങ്ങി പെണ്‍റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനാണ് റോബോട്ടിനെ അയക്കുക. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്നതിന് മുന്നോടിയായി ഈ വര്‍ഷം ഡിസംബറിലും അടുത്തവര്‍ഷവും രണ്ട് പരീക്ഷവിക്ഷേപണങ്ങളുണ്ട്. ഇതില്‍ ആദ്യപരീക്ഷണത്തില്‍ വ്യോംമിത്ര ശൂന്യാകാശത്ത് പോയി മടങ്ങി വരും.
ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. ഇന്ത്യയുടെ ഗഗനചാരികളെ വ്യോമോനട്ട്സ് എന്നാണ് വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്‌ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.ഇന്ത്യയുടെ നാല് വ്യോമസേനാ പൈലറ്റുമാര്‍ തീവ്രപരിശീലനത്തിലാണ്.