തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് കമ്മിഷന്‍ പൂര്‍ണസജ്ജമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍.
10 ലക്ഷം പുതിയ വോട്ടര്‍മാരേ അധികമായി വന്നിട്ടുളളൂ. അതിനാല്‍ വാര്‍ഡ് വിഭജനത്തിന് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതില്‍ ആശങ്ക വേണ്ട. ഒരു വാര്‍ഡില്‍ പരമാവധി 100 വോട്ടര്‍മാരെ ചേര്‍ക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് ആശങ്കകളൊന്നുമില്ല. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചു.

സര്‍ക്കാര്‍ വാര്‍ഡ് വിഭജന തീരുമാനം എടുത്ത് ഉത്തരവിറക്കിയാല്‍ അഞ്ചുമാസംകൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാവും. എത്രയും പെട്ടെന്ന് തീരുമാനം വന്നാല്‍ അത്രയും നല്ലത്. വാര്‍ഡ് വിഭജനത്തിന് സെന്‍സസ് കമ്മീഷണറുടെ കത്ത് തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ വോട്ടര്‍മാരെ ഈ മാസം 20 മുതല്‍ ചേര്‍ക്കാനാകും. 20ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പേര് ചേര്‍ക്കാനുള്ള പകര്‍പ്പ് നല്‍കും. ഫെബ്രുവരി 28ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം രണ്ട്, തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. പേരുചേര്‍ക്കാനായി ഉദ്യോഗസ്ഥര്‍ക്കുള്ള വെബ്‌സൈറ്റ് ഇന്ന് മുതല്‍ ഓപ്പണ്‍ ആവുമെന്നും വി ഭാസ്‌കരന്‍ വ്യക്തമാക്കി.

2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരരുതെന്ന് സെന്‍സസ് കമ്മീഷണര്‍ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ ആറിനാണ് ചീഫ്സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചിട്ടുള്ളത്.

2019 ഡിസംബര്‍ 26നാണ് വാര്‍ഡ് വിഭജനത്തിനുള്ള കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരിക്കുകയാണ്.ഡിസംബര്‍ 31ന് മുമ്പ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ പ്രതിസന്ധി സര്‍ക്കാരിന് നേരിടേണ്ടി വരില്ലായിരുന്നു. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തന്നെ ഓര്‍ഡിനന്‍സ് നിയമമായില്ല. 

ജനുവരി അവസാനം നിയമസഭ ചേരാനിരിക്കയാണ്. ആ സമയത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വേണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നാണ് സര്‍ക്കാരിപ്പോള്‍ കരുതുന്നത്. 

ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് വാര്‍ഡുവിഭജനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.