കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി പുളിക്കൽ പരേതരായ ആന്റണി- മറിയാമ്മ ദന്പതികൾക്ക് വിവാഹശേഷം 20വർഷത്തെ കാത്തിരിപ്പിനും പ്രാർഥനയ്ക്കും ശേഷം ജനിച്ച മകനാണ് ജോസുകുട്ടി.
പ്രീഡിഗ്രി പഠന കാലത്താണ് വൈദികനാകാനുള്ള വിളി ജോസുകുട്ടിയിൽ തീക്ഷ്ണമായത്. പക്ഷേ, ആഗ്രഹം വീട്ടിൽ എങ്ങനെ അറിയിക്കും. ഏകമകനായതിനാൽ സെമിനാരിയിൽ ചേരാൻ അനുവാദം കിട്ടുകയെന്നതിലും പരിമിതിയുണ്ട്. ധൈര്യം സംഭരിച്ച് ആഗ്രഹം ഒരുവിധം അമ്മയോടു പറഞ്ഞു. മകന്റെ ആഗ്രഹം അമ്മ പറഞ്ഞപ്പോൾ അച്ചാച്ചന് അതു തെല്ലും ഉൾക്കൊള്ളാനായില്ല. ഏക മകനല്ലേ, വീട്ടിൽ ആരുമില്ലാതെ വരില്ലേ എന്നതായിരുന്നു ആശങ്ക. അവസാനം അവർ മകന്റെ ആഗ്രഹത്തിനു വഴങ്ങി.
ജയിൽ മിനിസ്ട്രി
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പഠിക്കുന്പോൾത്തന്നെ അനാഥരോടും പാവങ്ങളോടും കരുണയും കരുതലുമുണ്ടാകണമെന്ന ആഗ്രഹം പുളിക്കൽ ജോസുകുട്ടി ബ്രദറിൽ സജീവമായിരുന്നു. സെമിനാരിയിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അക്കാലത്തു ജയിൽ മിനിസ്ട്രി എന്ന നവീകരണ ശുശ്രൂഷ തുടങ്ങാൻ തീരുമാനമെടുത്തു. വർഗീസ് കരിപ്പേരി, ഫ്രാൻസിസ് കൊടിയൻ എന്നീ ശെമ്മാച്ചൻമാർക്കും ആകാശപ്പറവകളുടെ അത്താണിയായിരുന്നു ഫാ.ജോർജ് കുറ്റിക്കലിനുമൊപ്പം ജീസസ് ഫ്രട്ടേണിറ്റി എന്ന ജയിൽ ശുശ്രൂഷയിൽ ദൈവശാസ്ത്ര വിദ്യാർഥിയായ ജോസുകുട്ടിയും പങ്കുചേർന്നു. ഈ ശ്രമത്തിൽ ജയിൽ വിമോചിതർക്കായി ജീസസ് ഫ്രട്ടേണിറ്റിയുടെ കൂട്ടായ്മയിലും സഹകരണത്തിലും തൃശൂർ വെട്ടുകാട്ട് സ്നേഹാശ്രമം എന്ന സ്ഥാപനം തുടങ്ങി.
ത്യാഗ വഴിയേ
ഇഞ്ചിയാനിയിലെ സ്വന്തം ഭവനവും കുടുംബസ്വത്തും കുറ്റകൃത്യങ്ങളിലേക്കു വീഴാവുന്ന കുട്ടികളുടെ പുനരധിവാസത്തിനും നവീകരണത്തിനുമായി വിട്ടുനൽകിയാലോ എന്നായി ചിന്ത. കുടുംബാംഗങ്ങളോടും സഭാധികാരികളോടും ആലോചിച്ച ശേഷം സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനീ സമൂഹത്തിനു പുളിക്കൽ വീടും സ്വത്തും ഫാ. ജോസ് പുളിക്കൽ വിട്ടുനൽകി. അമ്മയുടെയും അച്ചാച്ചന്റെയും സംരക്ഷണവും പരിചരണവും ഇവിടെയെത്തിയ സിസ്റ്റേഴ്സ് സന്തോഷപൂർവം ഏറ്റെടുത്തു.
ഇവിടെ പലപ്പോഴായി എത്തിയ കുഞ്ഞുമക്കൾക്കൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു അച്ചാച്ചനും അമ്മച്ചിയും മരണം വരെ നയിച്ചത്.